ഗുവാഹത്തി : രാജ്യത്തെ ജനത സുരക്ഷിതരായിരിക്കാനും സുഖമായി ഉറങ്ങാനും,ഉണര്‍ന്നിരിക്കുകയും ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടുന്നവരുമാണ് സൈനികര്‍.രാജ്യത്തെ കാക്കാനും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും അവര്‍ മരണം വരിക്കുക വരെ ചെയ്യുന്നു. സൈനികരുടെ ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്താണ് നമ്മുടെ സുരക്ഷ. ഇത് അടിവരയിടുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.
ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നദി കരകവിഞ്ഞൊഴുകുകയാണ്. വെള്ളം മുട്ടോളമെത്തിയിരിക്കുന്നു.പക്ഷേ ഇത് കാര്യമാക്കാതെ തോക്കുമായി അതിര്‍ത്തി കാക്കുകയാണ് ജവാന്‍.മേജര്‍ സുരേന്ദ്ര പൂനിയയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ ഒഴുകുന്ന ലോംഗായി നദീതീരത്താണ് ജവാന്‍ കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.ലോംഗായി കരകവിഞ്ഞ് ഒഴുകുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പക്ഷേ ഈ പ്രതികൂല കാലാവസ്ഥ മുതലാക്കി നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുന്ന ഭീകരര്‍ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിച്ചിരിക്കുകയാണ് യുവ സൈനികന്‍.ത്രിപുരയിലെ ജംപൂയി മലനിരയില്‍ നിന്നാണ് ലോംഗായി ഉദ്ഭവിക്കുന്നത്. ആസാമിലെ കരിംഗഞ്ച് ജില്ലയിലൂടെ കടന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുകയാണ് ഈ നദി.ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ പ്രധാന വഴിയാണിത്. ബിഎസ്എഫിന്റെ ശക്തമായ കാവലാണ് അതിനാല്‍ ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.