മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് നഗ്നചിത്രം അയച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ കൂട്ടായി എം.എം.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അദ്ധ്യാപകനും തിരുന്നാവായ സ്വദേശിയുമായ രാജേഷ് കുമാറി(38 )നെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
നമ്പര്‍ ആവശ്യപ്പെട്ട പെണ്‍കുട്ടികള്‍ സഹ പാഠികളായ ആണ്‍കുട്ടികളുടെ നമ്പര്‍ നല്‍കി. എന്നാല്‍ പെണ്‍കുട്ടികളാണെന്നു തെറ്റിദ്ധരിച്ച കമ്പ്യൂട്ടര്‍ അദ്ധ്യാപകന്‍ ഈ നമ്പറുകളില്‍ നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്നു. എന്നാല്‍ സ്വന്തം നഗ്ന ചിത്രം തന്നെ അയച്ചതോടെ വിദ്യാര്‍ത്ഥികള്‍ കൂടി അദ്ധ്യാപകനെ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതിനായി +2 വിദ്യാര്‍ത്ഥിനികളുടെ ഫോണ്‍ നമ്പര്‍ രാജേഷ് കുമാര്‍ ശേഖരിച്ചിരുന്നു. പാഠഭാഗങ്ങളിലെ സംശയങ്ങള്‍ തീര്‍ക്കാനെന്നു പറഞ്ഞായിരുന്നു അദ്ധ്യാപകന്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചിരുന്നത്. എന്നാല്‍ സംശയം തോന്നിയ പെണ്‍കുട്ടികള്‍ ക്ലാസിലെ ആണ്‍കുട്ടികളോട് വിഷയം പറയുകയും ആണ്‍കുട്ടികളുടെ നമ്പര്‍ അദ്ധ്യാപകന് നല്‍കുകയും ചെയ്തു. പിന്നീട് ശേഖരിച്ച നമ്പറുകള്‍ വച്ച് അദ്ധ്യാപകന്‍ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു. ഈ ഗ്രൂപ്പില്‍ പെണ്‍കുട്ടികള്‍ മാത്രമാണ് ഉള്ളതെന്ന ധാരണയില്‍ അദ്ധ്യാപകന്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ സ്ഥിരമായി അയച്ചു കൊണ്ടിരുന്നു. കൂടാതെ പേഴ്സണല്‍ ചാറ്റിംങും ആരംഭിച്ചു. പേഴ്സണല്‍ ചാറ്റിങിനായി അദ്ധ്യാപകന്‍ വന്നു പെട്ടതാകട്ടെ ഈ ആണ്‍കുട്ടികളുടെ അടുത്തായികുന്നു.
പെണ്‍കുട്ടികളുടെ നമ്പറാണെന്നു കരുതി രാജേഷ് കുമാര്‍ സ്വന്തം നഗ്ന ഫോട്ടോകള്‍ രണ്ട് ആണ്‍കുട്ടികള്‍ക്ക് വാട്സ് ആപ്പ് വഴി അയക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടോടെ സംഭവം പുറത്തായി. ഇതോടെ ബുധനാഴ്ച സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ രാജേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ക്ക് പരാതി നല്‍കി. വിവരമറിഞ്ഞ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലെത്തിയിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനും സ്ഥലത്തെത്തി. സ്‌കൂളില്‍ കൂടുതല്‍ പേര്‍ തടിച്ചു കൂടിയതോടെ ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. തുടര്‍ന്ന് തിരൂര്‍ സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സ്ഥിതി ശാന്തമായത്.
പെണ്‍കുട്ടികളോട് അപമര്യാതയായി പെരുമാറിയതിന് നാല് വര്‍ഷം മുമ്പ് രാജേഷ് കുമാറിനെ സ്‌കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ അദ്ധ്യാപകനെതിരെ വേറെയും പരാതികളുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ കാലില്‍ പിടിച്ചത് പ്രശ്നമായിരുന്നു. രേഖാ മൂലവും അല്ലാതെയുമുള്ള നിരവധി പരാതികള്‍ ഈ അദ്ധ്യാപകനെതിരെ നല്‍കിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും തിരൂര്‍ സി.ഐ അറിയിച്ചു.
വിദ്യാര്‍ത്ഥികളെ കൗണ്‍സിലിന് വിധേയമാക്കുമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു. നിരവധി കുട്ടികള്‍ ഇയാളുടെ വലിയില്‍ അകപ്പെട്ടതായാണ് കണക്കാക്കുന്നത്. മാനഹാനി ഭയന്ന് പലരും പുറത്തു പറയുന്നില്ല. അദ്ധ്യാപകന്‍ പിടിയിലായതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കുമെന്നാണ് സൂചന. ഭാര്യയും രണ്ട് കുട്ടികളുമുണ്ട് പൊലീസ് പിടിയിലായ കമ്പ്യൂട്ടര്‍ അദ്ധ്യാപകന്‍ സജീഷ് കുമാറിന്.