ഹൈദരാബാദ്: ഭാര്യമാരെ വാട്‌സാപ്പിലൂടെ മൊഴിചൊല്ലിയ സഹോദരന്മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഹീന ഫാത്തിമ, ബഹ്റിന്‍ നൂര്‍ എന്നീ യുവതികളുടെ പരാതിയിലാണ് അമേരിക്കയില്‍ താമസിക്കുന്ന സഹോദരന്മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതികള്‍ക്ക് ഇസ്ലാമിക നിയമപ്രകാരം ലഭിക്കേണ്ട യാതൊരു രേഖയും നല്‍കിയിട്ടില്ലെന്നും വീട്ടില്‍ നിന്ന് ഇറക്കിവിട്ടുമെന്നുമാണ് പരാതി. എല്ലാദിവസവും അദ്ദേഹം കുട്ടികളെ കാണണമെന്നും അവരെന്ത് ചെയ്യുകയാണെന്നും ചോദിക്കും. പെട്ടെന്ന് ഒരു ദിവസം അയാള്‍ വാട്‌സാപ്പിലൂടെ തലാഖ് ചൊല്ലുകയായിരുന്നു. ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം എന്നോട് പറയണം. എന്താണ് എന്റെ പ്രശ്നമെന്ന്. സെയ്ദ് ഫയാസുദ്ദീന്‍ എന്നയാള്‍ ആറു മാസം മുന്‍പ് മൊഴിചൊല്ലിയ ഹീന ഫാത്തിമ പറയുന്നു. തലാഖ് ചൊല്ലിയതോടെ ഇവരും രണ്ടു പെണ്‍കുട്ടികളും വീട്ടില്‍ നിന്നിറക്കി വിട്ടിരിക്കുകയാണ്.
സെയ്ദ് ഫയാസുദ്ദീന്‍ സഹോദരന്‍ ഉസ്മാന്‍ ഖുറൈഷിയാണ് ബഹ്റൈന്‍ നൂറിനെ വിവാഹം ചെയ്തത്. കുറച്ചുമാസങ്ങള്‍ക്കു മുമ്പ് യു.എസിലേക്കു പോയ ഖുറൈഷി ഫെബ്രുവരി ആദ്യം തലാഖ്, തലാഖ്, തലാഖ് സന്ദേശം വാട്സ് അപ്പില്‍ അയക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇവരെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പുറത്താക്കി. തങ്ങളെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് വീടിന് മുന്നിലിരുന്ന് പ്രതിഷേധിച്ചെങ്കിലും തനിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മക്കള്‍ ആവശ്യമായ രേഖകള്‍ യുവതികള്‍ക്ക് അയച്ചിട്ടുണ്ടെന്നും ഭര്‍തൃപിതാവ് പറഞ്ഞു. ഇതോടെയാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. രണ്ടു സഹോദരങ്ങള്‍ക്കും അവരുടെ പിതാവിനുമെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മുത്തലാഖ് സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കുകയും മുസ്ലിം പുരുഷ സംഘടനകള്‍ മുതലാഖിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന സമയത്താണ് വാട്‌സ് ആപ്പ് വഴിയുള്ള മൊഴി ചൊല്ലല്‍ എന്നത് ശ്രദ്ധേയമാണ്.