പാക് പിടിയിലായ ഇന്ത്യന്‍ സൈനികനെപ്പറ്റി വിവരമില്ല ;വിശദീകരണത്തില്‍ അവ്യക്തതകള്‍

ന്യുഡല്‍ഹി :പാക്കിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര സ്വദേശിയായ സൈനികന്‍ ചന്ദു ബാബുലാല്‍ ചൗഹാനാണ് പാക്ക് പിടിയിലുള്ളത്. ഇദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരുന്നതിനിടെയാണ് യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം. യുദ്ധക്കുറ്റവാളിയാക്കിയാല്‍ ജനീവ കരാറിന്റെ അടിസ്ഥാനത്തിലുള്ള പരിഗണനകള്‍ ചൗഹാനു ലഭിക്കും.
അതിനിടെ ഇന്ത്യന്‍ സൈനികന്‍ ചന്ദു ബാബുലാല്‍ ചവാന്‍ പാക് സൈന്യത്തിന്റെ പിടിയിലായിട്ട് ദിവസങ്ങളായി. നിയന്ത്രണരേഖയില്‍ മെന്‍ധാറില്‍ 37 രാഷ്ട്രീയ റൈഫിള്‍സില്‍ നിയോഗിക്കപ്പെട്ട 22കാരന്‍ നിരീക്ഷണത്തിനിടെ വഴിതെറ്റി അതിര്‍ത്തി കടക്കുകയും പാക് സൈന്യത്തിന്റെ പിടിയില്‍ ആയെന്നുമാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്ന വിശദീകരണം. അതിര്‍ത്തിയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും ഇരുരാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഇത് ഉണ്ടാകാറുണ്ടെന്ന് ഇന്ത്യ പറയുന്നു.എന്നാല്‍ ഇങ്ങനെ വഴിതെറ്റാനുള്ള സാഹചര്യവും എന്നാണ് ഇത് സംഭവിച്ചതെന്നും സംബന്ധിച്ച് വ്യക്തയില്ല. സൈനികന്‍ പാക് പിടിയിലായത് വ്യാഴാഴ്ച്ചയാണെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ചവാന്റെ മുതിര്‍ന്ന സഹോദരനും സൈനികനുമായ ഭൂഷണ്‍ അനിയനെ കാണാനില്ലെന്ന കാര്യം ബുധനാഴ്ച്ച അറിഞ്ഞിരുന്നുവെന്നാണ് ബോര്‍വിഹിര്‍ ഗ്രാമീണര്‍ പറയുന്നത്.chandu-babulal-chavan

പിടിയിലായ സൈനികന്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനായി അതിര്‍ത്തി കടന്ന് എത്തിയതാണെന്ന വാദത്തിലാണ് പാകിസ്താന്‍. എട്ട് ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ വധിച്ചുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പാക് പിടിയിലായ ഇന്ത്യന്‍ സൈനികനെ വിട്ടുകിട്ടാനുള്ള എല്ലാ വഴികളും തേടുമെന്നും നയതന്ത്ര തലത്തില്‍ ഇതിനുള്ള നീക്കങ്ങള്‍ ഇന്ത്യ തുടങ്ങിയെന്നുമാണ് വെള്ളിയാഴ്ച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചത്. ചവാനെ തിരികെ കൊണ്ടുവരാന്‍ സാധ്യമായ നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നാണ് ഇന്ന് കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രതികരണം. ചവാന്‍ അറിയാതെ അതിര്‍ത്തി കടന്നതാണ്. അതിര്‍ത്തിയില്‍ ഇത് സാധാരണവുമാണ്. സൈനികനെ കൊണ്ടുവരാന്‍ ഡിജിഎംഎ വഴി സാധ്യമായ നീക്കം ആരംഭിച്ചിട്ടുണ്ടെന്നും പരീക്കര്‍ കൂട്ടിചേര്‍ത്തു.
സാധാരണ നിലക്കാണെങ്കില്‍ സൈനികനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറേണ്ടതാണ്. എന്നാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ പാക് പിടിയിലായ സൈനികന്റെ മോചനം ഒട്ടു എളുപ്പമാകില്ലെന്നതാണ് വസ്തുത.

ചവാന്‍ പാക് പിടിയിലായതില്‍ വിഷമിക്കുന്ന കുടുംബത്തില്‍ മറ്റൊരു ദുരന്തവുമുണ്ടായി. ചെറുമകന്‍ പാക് പിടിയിലായതിന്റെ ഷോക്കിലുണ്ടായ ഹൃദയസ്തംഭനത്തില്‍ ചവാന്റെ മുത്തശ്ശി 65 വയസ്സുള്ള ലീലാ ഭായ് മരിച്ചു. ചെറുപ്രായത്തിലെ മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് ലീലാ ഭായിയുടേയും ഭര്‍ത്താവ് ചിന്ത ദൊണ്ഡു പാട്ടിലുമാണ് ചവാനേയും സഹോദരന്‍ ഭൂഷണേയും സഹോദരിയേയും എടുത്തുവളര്‍ത്തിയത്.

മഹാരാഷ്ട്രയിലെ ജല്‍ഗാവണ്‍ ജില്ലയിലെ ജാമനെര്‍ താലൂക്കയില്‍ 1994ലാണ് ചവാന്‍ ജനിച്ചത്. 1997ല്‍ ചവാന് അച്ഛനെ നഷ്ടപ്പെട്ടു. 2000ത്തില്‍ അമ്മയും മരിച്ചു. തുടര്‍ന്ന് അമ്മയുടെ മാതാപിതാക്കളായ ലീലാ ഭായിയും പാട്ടിലും ചവാനേയും സഹോദരങ്ങളേയും ബൊര്‍വിഹിറിന് അടുത്തുള്ള മൊഹാദി ഗ്രാമത്തിലേക്ക് കൂട്ടികൊണ്ടുവന്നു. വിവാഹിതയായ സഹോദരി ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.കുട്ടിയായിരുന്നപ്പോള്‍ മുതല്‍ക്കേ സൈന്യത്തില്‍ ചേരണമെന്നായിരുന്നു ചവാന്റെ മോഹം. മൂത്ത സഹോദരന് സൈന്യത്തില്‍ ജോലി ലഭിച്ചപ്പോള്‍ ആ മോഹം ഒന്നുകൂടി വര്‍ധിച്ചു. ബെല്‍ഗാമിലടക്കം നിരവധി ഇടങ്ങളില്‍ സൈനിക റിക്രൂട്ട്‌മെന്റുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.soldier-grama

നാല് വര്‍ഷം മുമ്പ് 2012ലാണ് ചവാന്‍ സൈന്യത്തില്‍ നിയമിതനായത്. അഹമ്മദ്‌നഗറിലായിരുന്നു പരിശീലനം. സെപ്തംബര്‍ 19ന് ചവാന്‍ മുത്തച്ഛനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഈ മാസം അവസാനം ലീവെടുത്ത് വീട്ടിലെത്താന്‍ ശ്രമിക്കാമെന്നും വാക്ക് നല്‍കി. അവധി കിട്ടുമോ എന്ന് ഉറപ്പില്ലെന്നും കിട്ടിയാല്‍ സെപ്തംബര്‍ 30ന് മുമ്പ് വരുമെന്നുമാണ് ചവാന്‍ പറഞ്ഞിരുന്നതെന്ന് പാട്ടീല്‍ ഓര്‍ക്കുന്നു.
പാക് പിടിയിലായെന്ന് സൈന്യം പറയുന്നതിന് ഒരു ദിനം മുമ്പേ ചവാനെ കാണാനില്ലെന്ന കാര്യം തങ്ങള്‍ അറിഞ്ഞുവെന്ന് ബൊര്‍വിഹിറിലെ ചവാന്റേയും ഭൂഷണിന്റേയും സുഹൃത്തുക്കള്‍ പറയുന്നു.(ജില്ലാ പഞ്ചായത്തില്‍ നിന്നും വിരമിച്ച ശേഷം പാട്ടീല്‍ ബൊര്‍വിഹിറിലേക്ക് താമസം മാറ്റിയിരുന്നു). ചവാനെ കാണാനില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്ന് ഭൂഷണ്‍ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നുവെന്ന് മൊഹാദിയിലെ 25കാരനായ ദീപക് പാട്ടീല്‍ പറയുന്നു.
രണ്ട് ഗ്രാമങ്ങളും ഞെട്ടിത്തരിച്ച് ഇരിക്കുകയാണ്. മൊഹാദിയിലും ബൊര്‍വിഹിറിലും ചവാനെ എല്ലാവര്‍ക്കും അറിയാം. ഞാന്‍ ഭൂഷണിന്റെ സഹപാഠിയായിരുന്നു. ഇവിടേക്ക് താമസം മാറിയപ്പോഴാണ് ചവാനുമായുള്ള അടുപ്പം ആരംഭിച്ചത്. അവന്‍ എനിക്ക് അനുജനെ പോലെയായിരുന്നു.

ഓരോ തവണ കാണുമ്പോഴും കഠിന പ്രയത്‌നം ചെയ്ത സൈന്യത്തില്‍ ചേരണമെന്നാണ് ചവാന്‍ സുഹൃത്തുക്കളോട് പറയാറുള്ളത്. ചെറുപ്പം മുതല്‍ക്കേ കരസേനയിലേ ചേരൂ എന്ന വാശിയുണ്ടായിരുന്നു ചവാനെന്നും പാട്ടീല്‍ ഓര്‍മ്മിക്കുന്നു. ബൊര്‍വിഹിറിലെ എസ്എംപിആര്‍ വിദ്യാലയത്തില്‍ നിന്നും സയന്‍സ് സ്്ട്രീമില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ ചവാന്‍ മികച്ചൊരു അത്‌ലറ്റ് കൂടിയാണ്. 1,500 മീറ്റര്‍ ദൂരം 5.20 മിനിറ്റില്‍ ഫിനിഷ് ചെയ്ത് പ്രാദേശിക തലത്തിലെ സ്വന്തം റെക്കോര്‍ഡ് തന്നെ ചവാന്‍ തിരുത്തിയിട്ടുണ്ട്.
അടുത്ത വര്‍ഷം ചവാന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന് മുത്തച്ഛന്‍ പാട്ടീല്‍ പറയുന്നു. അവസാന തവണ അവധിക്ക് വന്നപ്പോള്‍ വിവാഹം തീരുമാനിക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ വീട്ടില്‍ വരുകയുമുണ്ടായി. ചവാനെ എത്രയുംവേഗം ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് യുവാവിന്റെ അമ്മാവന്‍മാരായ മധുക്കറും ദിനകര്‍ പാട്ടീലും പ്രതികരിച്ചു.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com

Top