ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഇടയ്ക്കിടെ അപ്രത്യക്ഷമാകുന്ന രാഹുല്‍ ശീലം ഇപ്പോള്‍ ഡല്‍ഹിയില്‍ വീണ്ടും വിവാദങ്ങള്‍ക്ക് തീ കൊളുത്തിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയെ കാണാനില്ലാ എന്നാണു വാര്‍ത്ത പരന്നിരിക്കുന്നത്. ബിജെപിയാണ് രാഹുലിന്റെ അസാന്നിധ്യം രാഷ്ട്രീയ വിവാദമാക്കി മാറ്റിയിട്ടുള്ളത്. അമേരിക്കയിലെ ആസ്‌പെനില്‍ ചാര്‍ലി റോസ് സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് രാഹുല്‍ ഗാന്ധിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ചാര്‍ലി റോസ് സമ്മേളനം ജൂണ്‍ 25 മുതല്‍ ജൂലൈ നാല് വരെയാണെന്ന് പറഞ്ഞു ബിജെപി ഈ വാദത്തെ ഖണ്ഡിക്കുന്നു. ലോകമൊട്ടാകെയുള്ള 100 നേതാക്കള്‍ മാത്രമാണ് ഇതില്‍ പങ്കെടുക്കുന്നതെന്നും സമ്മേളനം തുടരുകയാണെന്നുമാണ് കോണ്‍ഗ്രസിന്റെ മറുപടി. ബീഹാറിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഫാക്ടര്‍ കോണ്‍ഗ്രസിലും അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്.