തിരുവനന്തപുരം: മുഖ്യമന്ത്രിയായതിനുശേഷം പിണറായി വിജയന്‍ നടത്തിയ ആദ്യ ഗള്‍ഫ് യാത്ര സോഷ്യല്‍ മീഡിയയില്‍ വിവാദ പ്രചരണങ്ങളോടെയാണ് ആഘോഷിക്കുന്നത്. പ്രതിദിനം നാലുലക്ഷം രൂപയോളം വാടകയിനത്തില്‍ നല്‍കേണ്ടിവരുന്ന എമിറേറ്റസ് ടവറിലാണ് പിണറായിയും കുടുംബവും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസും ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചതെന്നും അങ്ങനെയെങ്കില്‍ അതിന്റെ ചെലവ് സര്‍ക്കാരാണോ വഹിക്കുകയെന്നും ചോദിച്ചാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.
ബുധനാഴ്ച കാലത്താണ് പിണറായി യുഎഇ സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്നത്. വ്യവസായി സമൂഹവുമായും ഗവ. പ്രതിനിധികളുമായും മറ്റും ചര്‍ച്ചകളും പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും സന്ദര്‍ശനത്തിന്റെ ഭാഗമാണ്. ഇതിന് പുറമെ മലയാളി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുകയും അതിന് സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം അല്‍ഖൂസിലെ ഒരു ലേബര്‍ ക്യാമ്പും മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു.
ബുധനാഴ്ച കാലത്ത് എട്ടരയോടെയാണ് എമിറേറ്റ്സ് വിമാനത്തില്‍ പിണറായി വിജയനും കേരളത്തിലെ ഉദ്യോഗസ്ഥ സംഘവും ദുബായ് അന്താരാഷ്ട്ര വിമാനത്തില്‍ എത്തിയത്. കേരളത്തില്‍ കൂടുതല്‍ മേഖലകളില്‍ നിക്ഷേപം നടത്താന്‍ സ്മാര്‍ട്ട് സിറ്റിയുടെ മുഖ്യ പ്രായോജകരായ ദുബായ് ഹോള്‍ഡിങ്സുമായും ചര്‍ച്ചകള്‍ നടന്നു. ഇന്നലെ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയേയും മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തെ കേരളത്തിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചതിനെ തുടര്‍ന്ന് അടുത്തവര്‍ഷം ഇവിടെയെത്തുമെന്ന് സുല്‍ത്താന്‍ ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സുല്‍ത്താന് പ്രഖ്യാപിച്ച ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്നതിനായാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഇന്ന് പൗരസ്വീകരണവും കൈരളിയുടെ ബിസിനസ് എക്സലന്‍സ് പുരസ്‌കാരദാന ചടങ്ങുമുണ്ട്.
ഇത്തരത്തില്‍ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക, എമിറേറ്റ്സുമായി സംസ്ഥാനത്തിന്റെ ബന്ധം മെച്ചപ്പെടുത്തുകയും അതുവഴി അവിടെയുള്ള പത്തുലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള്‍ക്ക് ക്ഷേമകരമായ കാര്യങ്ങള്‍ ഉറപ്പുവരുത്തുക, പ്രവാസി ബിസിനസുകാരെ കൂടുതല്‍ സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നതിന് ക്ഷണിക്കുക തുടങ്ങിയ പദ്ധതികളുമായാണ് അധികാരമേറ്റ ശേഷം ആദ്യമായി പിണറായി യുഎഇയില്‍ എത്തുന്നത്. ഇതിന് പുറമെ ചില സ്വകാര്യ ചടങ്ങുകളും ഉണ്ട്. പ്രവാസി വ്യവസായി എംഎ യൂസഫലി പിണറായിയുടെ യുഎഇ സന്ദര്‍ശനത്തില്‍ സജീവ സാന്നിധ്യവുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇരുന്നൂറോളം മുന്‍നിര ഇന്ത്യന്‍ പ്രവാസി വ്യവസായികളുടെ മീറ്റ് സംഘടിപ്പിച്ചത്.
ഇതിനിടെയാണ് യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിയും സംഘവും താമസിക്കുന്നത് എമിറേറ്റ്സ് ടവറിലാണോയെന്നും അതിന്റെ ചിലവുവഹിക്കുന്നതാരെന്നുമുള്ള ചോദ്യം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രി കുടുംബസമേതവും ബ്രിട്ടാസും എമിറേറ്റസ് ഹോട്ടലിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് താമസെന്നും ഗവണ്‍മെന്റ് ചെലവിലാണോ ഈ സുഖവാസമെന്നും ചോദിച്ചാണ് സോഷ്യല്‍ മീഡിയാ പ്രചരണം. യുസഫലിയെ പോലുള്ളവരുടെ സൗജന്യം പറ്റിയാണോ ഈ താമസെന്നും മൊട്ടുസൂചിയും കട്ടന്‍കാപ്പിയും പോലും സൗജന്യമായി സ്വീകരിക്കാത്തവര്‍ ഇങ്ങനെ ചെയ്യാമോ എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നു. ഇവരുടെ സൗജന്യം സ്വീകരിച്ചെങ്കില്‍ പ്രതിഫലമായി എന്താണ് തിരിച്ചു ചെയ്തുകൊടുക്കുകയെന്നും ചോദിക്കുന്നുണ്ട്. അതേസമയം ഇത്തരം പ്രചരണങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ എതിരാളികളുടെ കള്ളപ്രചരണമാണിതെല്ലാമെന്നാണ് സൈബര്‍ സഖാക്കള്‍ പറയുന്നത്.