യാത്ര നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണമെന്നില്ല: സിപിഐ അഭിപ്രായത്തെ തള്ളിപ്പറഞ്ഞ് വിഎസ്

കോട്ടയം: മുഖ്യമന്ത്രി വിവാദത്തില്‍ പിണറായിയെ എതിര്‍ക്കാതെ വിഎസിന്റെ ഒളിയമ്പ്. പിണറായിയെ എതിര്‍ക്കാതിരുന്ന വിഎസ് സിപിഐയെ പരസ്യമായി തള്ളിപ്പറഞ്ഞു രംഗത്ത് എത്തിയിരിക്കുന്നതാണ് ഇപ്പോള്‍ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്.
കോട്ടയത്ത് സിപിഐയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഎസ് പിണറായിയെ എതിര്‍ക്കാതെ സിപിഐയ്‌ക്കെതിരെ ഒളിയമ്പെയ്തത്. ജാഥ നയിക്കുന്നയാള്‍ മുഖ്യമന്ത്രി ആകണമെന്നില്ലെന്ന അഭിപ്രായം സിപിഐയുടെ മാത്രമാണെന്നാണ് വിഎസ് മാധ്യമങ്ങളോടു പ്രതികരിച്ചത്. ഇത് സിപിഐയുടെ മാത്രം അഭിപ്രായമായി കണ്ടാല്‍ മതിയെന്നും വിഎസ് പ്രതികരിച്ചു.
സിപിഎമ്മിന്റെ നവകേരള യാത്ര പിണറായി വിജയന്‍ നയിക്കാന്‍ തീരുമാനമായതോടെയാണ് ഇടതു പക്ഷത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമായത്. കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണമെന്നില്ല പ്രസ്താവനയുമായി എത്തിയിരുന്നു. ഇന്ന് പത്രസമ്മേളനം നടത്തിയ സിപിഐ മു്ന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ കാനത്തിന്റെ പിന്‍തുണച്ചു രംഗത്ത് എത്തിയിരുന്നു.
ഇതിനെയെല്ലാം തകര്‍ക്കുന്ന പ്രസ്താവനയാണ് ഇപ്പോള്‍ വിഎസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. പിണറായി വിജയനെ എതിര്‍ക്കാന്‍ തയ്യാറാകാതെ വിഎസ് പാര്‍ട്ടിക്കു വിധേയനാകുന്ന കാഴ്ചയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിഎസിന്റെ പിന്‍തുണ കൂടി ഉറപ്പായതോടെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു പിണറായി വിജയന്റെ യാത്ര സുഗമമായിരിക്കുകയാണ്.

Top