ആളൂര്‍ വക്കീലും ലക്ഷങ്ങളും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാം ?അടുത്തറിയാം ആളൂരിനെ

ന്യുഡല്‍ഹി :ആളൂര്‍ വക്കീലും ലക്ഷങ്ങളും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന വാദമാണ് പൊതുജനത്തിനുള്ളത്.മള്ളൂര്‍ വക്കീലും പത്തായിരം രൂപയുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്നും എന്ന ചൊല്ല് പണ്ടുണ്ടായിരുന്നു.മള്ളൂരിനെപ്പോലെ കൊലപാതകിയെ രക്ഷിക്കാനെത്തിയ ആളാണോ ഈ ആളൂരെന്ന് പലരും വ്യാഖ്യാനിച്ചു. ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയെടുക്കാനായാല്‍ സൗമ്യ കേസില്‍ പ്രതിഭാഗത്തിനുവേണ്ടി ഹാജരായതിലൂടെ കുപ്രസിദ്ധനായി മാറിയ അഡ്വ. ബി എ ആളൂര്‍ എന്നറിയപ്പെടുന്ന ബിജു ആന്റണി ആളൂര്‍ എന്ന തൃശൂര്‍ മുള്ളൂര്‍ക്കരക്കാരന്‍ അഭിഭാഷകന് അത് മള്ളൂര്‍ കഥകളിലെന്നപോലെ ഒരു നേട്ടമായി മാറുകയാണ്.
ജീവിക്കാന്‍പോലും കാശില്ലാതെ തെണ്ടിനടക്കുന്ന ഒരു ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിക്കാന്‍ ആരെയും കിട്ടില്ലെന്നാണ് ആദ്യഘട്ടത്തില്‍ എല്ലാവരും കരുതിയത്. കേരളത്തിലെ അഭിഭാഷകരാരും ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകില്ലെന്ന് ഏതാണ്ടുറപ്പാകുകയും ചെയ്തിരുന്നു.

ഈ ഘട്ടത്തിലാണ് അഡ്വ. ആളൂര്‍ ഈ കൊടുംകുറ്റവാളിക്കുവേണ്ടി ഹാജരാകുമെന്ന വാര്‍ത്തകള്‍ വരുന്നത്. അതോടെ ആരാണീ ആളൂരെന്നും ഇയാള്‍ എന്തിനാണ് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകുന്നതെന്നും കേരളം അന്വേഷിച്ചുതുടങ്ങുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലംവാങ്ങി മുംബൈയില്‍ നിന്ന് അഭിഭാഷകപ്പട കോടതിയിലെത്തുമെന്നായിരുന്നു പ്രചരണം. ഇതിനു പിന്നാലെ അഡ്വ. ബി എ ആളൂര്‍ എന്ന ഉത്തരേന്ത്യന്‍ വക്കീലാണ് എത്തുന്നതെന്ന വിവരം അറിയുന്നത്. പിന്നീടുള്ള അന്വേഷണങ്ങളില്‍ വടക്കാഞ്ചേരിക്കടുത്ത് മുള്ളൂര്‍ക്കരയിലെ ആളൂര്‍ വീട്ടില്‍ ബിജു ആന്റണിയെന്ന അഡ്വ. ബിഎ ആളൂര്‍ ആണ് ഈ ഉത്തരേന്ത്യക്കാരന്‍ വക്കീല്‍ എന്ന് തിരിച്ചറിയുന്നത്.saumya-g

വര്‍ഷങ്ങളായി പുനെ കോടതിയില്‍ പ്രവര്‍ത്തിക്കുന്ന ആളൂര്‍ ഈ കേസിനു മാത്രമായി നാട്ടിലെത്തുകയും പൂര്‍ണ സമയം ഇതിനായി ചെലവഴിക്കുകയും ചെയ്തതോടെ വിചാരണയ്ക്കായി ഇടയ്ക്കിടെ വിമാനത്തില്‍ വന്നുപോകുന്നതിനെപ്പറ്റിയും അന്വേഷണങ്ങള്‍ ഉയര്‍ന്നു. വടക്കാഞ്ചേരി കോടതിയില്‍ മൂന്നര വര്‍ഷം പ്രാക്ടിസ് ചെയ്ത ശേഷം മുംബൈക്ക് വണ്ടി കയറിയ ബി.എ.ആളൂര്‍ പുണെയില്‍ പ്രമാദമായ നിരവധി കേസുകളില്‍ ഗൗണണിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊലപാതക ലൈംഗിക കൃത്യകേസുകളിലെ പ്രതികള്‍ക്കു വേണ്ടിയായിരുന്നു ഇവയിലേറെയുമെന്ന് അവിടെ ചെന്ന് അന്വേഷണം നടത്തിയ തൃശൂരിലെ പൊലീസുകാര്‍ പറഞ്ഞിരുന്നു. സംഘംചേര്‍ന്നുള്ള കുറ്റകൃത്യങ്ങളില്‍ ഒന്നോ രണ്ടോ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രമാദമായ നീരജ ഗുപ്ത കൊലക്കേസിലും ഇത്തരത്തില്‍ ഒരുപ്രതിക്കുവേണ്ടി ഹാജരായിരുന്നു.

മുംബൈ പനവേലില്‍ പൊലീസ് സ്്‌റ്റേഷന്‍ ആക്രമിച്ച ഗുണ്ടാസംഘത്തിന്റെ കേസ് ആളൂര്‍ വാദിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നതോടെ ഗോവിന്ദച്ചാമിയും ഇത്തരത്തില്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും ആ ബന്ധമാണ് ആളൂരിനെ സൗമ്യ കേസില്‍ പ്രതിക്കുവേണ്ടി എത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഇതിനാണ് ഇപ്പോള്‍ കൂടുതല്‍ സ്ഥിരീകരണം ഉള്ളതും. അതേസമയം, പത്രക്കാര്‍ക്കുമുന്നിലും കോടതിയിലും വ്യത്യസ്ത നിലപാടാണ് വക്കാലത്തിന്റെ കാര്യത്തില്‍ ആളൂര്‍ കൈക്കൊണ്ടത്.

സൗമ്യ കേസിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരികയെന്ന സാമൂഹ്യ താല്‍പര്യമാണ് തനിക്കെന്ന് പറഞ്ഞെങ്കിലും ഗോവിന്ദച്ചാമിയുടെ കുടുംബാംഗങ്ങളാണ് കേസ് ഏല്‍പിച്ചതെന്നായിരുന്നു വടക്കാഞ്ചേരി കോടതിയില്‍ പറഞ്ഞത്. കേസ് ജില്ലാ സെഷന്‍സ് കോടതിയില്‍ എത്തിയപ്പോള്‍ ഗോവിന്ദച്ചാമിയുടെ സുഹൃത്തുക്കളാണ് കേസ് ഏല്‍പിച്ചതെന്നായി. ചെന്നൈ കേന്ദ്രീകരിച്ചുള്ള പിടിച്ചുപറിക്കാരാണ് കേസ് തന്നെ ഏല്‍പിച്ചതെന്നും ഒരുതവണ വിവരിച്ചു.

പക്ഷേ, മറ്റൊരു കഥയാണ് തൃശൂരിലെ ചില അഭിഭാഷകര്‍ക്ക് പറയാനുള്ളത്. പൂനയില്‍ സഹപാഠിയായ തൃശൂരിലെ അഡ്വക്കേറ്റ് എന്‍ ജെ നെറ്റോയെയാണ് ആളൂര്‍ ഗോവിന്ദച്ചാമി വിഷയത്തില്‍ ആദ്യം സമീപിച്ചതെന്ന് അവര്‍ പറയുന്നു. പക്ഷേ, നെറ്റോ അതിന് വഴങ്ങാതെ വന്നതോടെ ആളൂര്‍ നേരിട്ടെത്തി. പ്രതിക്കായി ജാമ്യാപേക്ഷ നല്‍കി. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമാണെന്ന് മനസ്സിലാക്കിയതോടെ മുംബൈയില്‍ നിന്ന് അംഗരക്ഷകരെന്ന പേരില്‍ ഒരു സംഘത്തെയും കൂടെ കൊണ്ടുനടന്നിരുന്നു. മുംബൈ കോടതിയില്‍ പ്രാക്ടീസ് നടത്തുന്ന അഭിഭാഷകനാണ് എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.

തനിക്ക് പണം കിട്ടുന്നത് എവിടെനിന്നാണെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് ആളൂര്‍ സ്വീകരിച്ചിട്ടുള്ളത്. റെയില്‍വെയിലും പൊതുനിരത്തുകളിലും വിലസുന്ന നിരവധി ക്രിമിനലുകളെ മതംമാറ്റുകയും അതിന്റെ പേരില്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നതായി ആക്ഷേപം ഉയര്‍ന്നതോടെ ആളൂരിനെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.

ഏതായാലും സ്വന്തമായി കേസ് നടത്താന്‍ കുടുംബപരമായി കഴിവില്ലാത്തവനാണ് ഗോവിന്ദച്ചാമിയെന്ന് കേരള പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തൃശൂരുള്ള പൊലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ വിരുതാചലത്തെ വിമുക്ത ഭടനായിരുന്ന അറുമുഖന്റെ മകനാണ് ഗോവിന്ദച്ചാമിയെന്ന് വ്യക്തമായി. അമ്മയും അച്ഛനും നേരത്തേ മരിച്ചെന്നും ജ്യേഷ്ഠന്‍ സുബ്രഹ്മണി കൊലപാതകക്കേസില്‍ പ്രതിയായി സേലം ജയിലിലാണെന്നും മനസ്സിലായി.

സമാനമായ രീതിയില്‍ അടുത്തിടെ ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസല്‍മിന്റെ വക്കാലത്ത് ഏറ്റെടുക്കാനും ആളൂര്‍ ശ്രമിച്ചിരുന്നു.

ഗോവിന്ദചാമിക്കെതിരായ കൊലപാതകക്കേസ് അന്വേഷണം മുന്‍വിധിയോടെയുള്ളതായിരുന്നെന്ന് ബി.എ. ആളൂര്‍ പ്രതികരിച്ചു. ഗോവിന്ദചാമി കൊലപ്പെടുത്തി എന്നതിന് പ്രോസിക്യൂഷന് തെളിവില്ലായിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുന്ന നിലപാടായിരുന്നു പൊലീസിന്റെയും പ്രോസിക്യൂഷന്റെയും. ഇതുവച്ചുള്ള വാദങ്ങള്‍ സുപ്രീം കോടതിയില്‍ വിലപ്പോകില്ലെന്നതിനു തെളിവാണ് വിഡിയെന്നും കീഴ്‌കോടതി ജഡ്ജിമാരുടെ വിധികള്‍ വൈകാരികമായിരുന്നെന്നും ആളൂര്‍ പറഞ്ഞു.

Top