ചെന്നൈ: തമിഴക രാഷ്ട്രീയമെന്നും സ്‌നേഹിക്കുന്നത് അഭ്രപാളികളിലെ താരങ്ങളെയാണ് എംജിആറില്‍ നിന്ന് ജയലളിതയിലേയ്ക്കും ഇനി തമിഴകത്തെ നയിക്കാന്‍ ആരെന്ന ചോദ്യം ബാക്കിയാകുമ്പോള്‍ ഉത്തരം തേടുന്നത് തമിഴിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് നേരെയാണ്…
ദേശീയ രാഷ്ട്രീയ പാര്‍ട്ടികളോട് അകലം പാലിച്ച് ദ്രാവിഡ വികാരം ഉയര്‍ത്തി തമിഴ്മക്കളെ കൂടെ നിര്‍ത്തുന്ന സിനിമാ പ്രഭാവം തുടക്കമായത് അണ്ണാദുരൈയ്ക്ക് ശേഷമാണ്. ഹിന്ദി വിരുദ്ധ പ്രക്ഷോഭം നടത്തി അടിച്ചേല്‍പ്പിക്കപ്പെട്ട ദേശീയ വികാരത്തെ തള്ളിപ്പറഞ്ഞാണ് അണ്ണാദുരൈ ദ്രാവിഡ മക്കളുടെ പ്രിയപ്പെട്ടവനായത്. അണ്ണാദുരൈ തുടങ്ങി വച്ച മുന്നണി പോരാട്ടം സിനിമാപ്രഭാവത്തിലൂടെ എംജി രാമചന്ദ്രന്‍ എന്ന എംജിആര്‍ ഏറ്റെടുത്തു. മറുവശത്ത് കരുണാനിധിയെന്ന സിനിമാക്കാരന്‍ തന്നെയായിരുന്നു എംജിആറിന്റെ എതിരാളിയായി മാറിയതും. സിനിമയിലെ താരപരിവേഷത്തിലൂടെ തമിഴ് ജനതയുടെ മനസു കവര്‍ന്ന് രാഷ്ട്രീയത്തില്‍ മൊടിചൂടാ മന്നനായി മാറിയ എംജിആറിന്റെ പാതയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ പ്രിയ തോഴി ജയലളിത രാഷ്ട്രീയത്തില്‍ എത്തിയതും മുഖ്യമന്ത്രി പദവിയില്‍ എത്തിപ്പിടിച്ചതും. പുരട്ച്ചി തലൈവിയെന്നും അമ്മയെന്നും വിളിച്ച് തമിഴ് മക്കള്‍ അവരെ നെഞ്ചിലേറ്റി.
ജയലളിതയുടെ പിന്‍ഗാമിയായി ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായതോടെ എഐഎഡിഎംകെ രാഷ്ട്രീയം സിനിമാക്കാര്‍ക്ക് അന്യമാകുമോ എന്ന ചോദ്യം ഉയര്‍ന്നു. എന്നാല്‍, സിനിമയില്‍ പ്രഭാവമുള്ള വ്യക്തിത്വമില്ലാതെ പാര്‍ട്ടിയുടെ മുന്നോട്ട് പോക്ക് അസാധ്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട് താനും. അതുകൊണ്ട് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഇനി അവതാരമെടുക്കുന്ന താരജന്മമേത് എന്ന ചോദ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. സിനിമാക്കാരന്‍ തന്നെയാകുമെന്ന് ഉറപ്പിക്കുമ്പോള്‍ തന്നെ ആര് എന്നതാണ് ചോദ്യം. രാഷ്ട്രീയത്തില്‍ ഇതുവരെ പ്രവേശിക്കാത്ത തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇത്രയേറെ ആരാധകരുള്ള താരവലയത്തില്‍ ജനകോടികളെ തളച്ചിടാന്‍ പോന്ന മറ്റൊരു താരം ഇല്ലെന്നതു തന്നെയാണ് രജനിക്ക് വേണ്ടിയുള്ള മുറവിളികളെ ശക്തമാകുന്നത്.
എന്നാല്‍, അടുത്തകാലം വരെ ബിജെപി വേദികളിലാണ് രജനി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് അദ്ദേഹം ബിജെപിയുടെ ഭാഗമായാല്‍ അത് തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം അത്രയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല. ഇതിന് കാരണം ബിജെപിയുടേത് ദ്രാവിഡ രാഷ്ട്രീയമല്ല എന്നതാണ്. ഏതെങ്കിലും ദ്രാവിഡ കക്ഷികള്‍ക്കൊപ്പം രജനീകാന്ത് അണിചേര്‍ന്നാല്‍, ആ മുന്നേറ്റത്തെ ചെറുക്കാന്‍ തല്‍ക്കാലം മറ്റെല്ലാപാര്‍ട്ടികളും കഷ്ടപ്പെടേണ്ടി വരുമെന്നത് ഉറപ്പാണ്. തമിഴ് ജനത ദൈവതുല്യനായി കാണുന്ന താരമാണ് രജനീകാന്ത്. സൗമ്യമായ പെരുമാറ്റം കൊണ്ട് ആരാധകരെ സൃഷ്ടിക്കുന്ന മഹാന്‍. അങ്ങനെയൊരാള്‍ തന്നെയാണ് സിനിമയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന തമിഴക രാഷ്ട്രീയത്തെ ഇനി നയിക്കേണ്ടതും.
താരങ്ങള്‍ തന്നെയാണ് തമിഴ് രാഷ്ട്രീയത്തെ നയിക്കുക എന്ന് വ്യക്തമാകുമ്പോള്‍ തന്നെ അതില്‍ എല്ലാവരും പെടുകയുമില്ല. അജിത്തിനെയാണ് എഐഎഡിഎംകെ തങ്ങളുടെ ഭാവിരാഷ്ട്രീയം ശോഭനമാക്കാന്‍ പ്രതീക്ഷിക്കുന്ന താരം. എന്നാല്‍, രജനിയെപ്പോലെ താരപ്രഭാവമുള്ള കക്ഷിയല്ല വിജയ്. തമിഴകത്തെ ഉലകനാകയന്‍ കമല്‍ഹാസനാണെങ്കിലും അദ്ദേഹത്തെ രാഷ്ട്രീയക്കാരനായി അംഗീകരിക്കാന്‍ തമിഴ് ജനതയ്ക്ക് വൈമനസ്യമുണ്ട്. അതേ അവസ്ഥയാണ് ഏതാണ്ട് അജിത്തിനെയും സംബന്ധിച്ചുള്ളത്. ഇവരെ കൂടാതെ രാഷ്ട്രീയവുമായി ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു താരത്തിന്റെ പേര് വിജയിന്റേതാണ്
രജനീകാന്ത് കഴിഞ്ഞാല്‍ തമിഴകത്ത് ഏറ്റവും അധികം ആരാധകരുള്ള വ്യക്തിയാണ് ഇളയദളപതി വിജയ്. മാത്രമല്ല, വന്‍തോതില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ പോന്ന ആരാധക വൃന്ദവും വിജയ്ക്കുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ പരിശ്രമിച്ചിരുന്നു. എന്നാല്‍, അന്ന് വിജയ് വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്തു. ദ്രാവിഡ വികാരമുള്ള താരമായാണ് വിജയിനെയും കാണുന്നത്. എന്നാല്‍, രജനീകാന്തിനേക്കാള്‍ വിജയില്‍ ഇനിയും സിനിമാക്കാരനുണ്ട് എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് തടസം. മാത്രമല്ല, രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചാല്‍ വിജയിന്റെ രാഷ്ട്രീയത്തിന്റെ പ്രഭാവം മങ്ങും. അതുകൊണ്ട് തന്നെ വിജയിനെ രാഷ്ട്രീയത്തില്‍ പ്രതീക്ഷിക്കുന്നത് രജനികാലഘട്ടത്തിന് ശേഷമാകുമെന്നാണ് പൊതുവിലയിരുത്തല്‍.
അതേസമയം രാഷ്ട്രീത്തിന്റെ ആഴവും അപകടവും തനിക്ക് ബോധ്യമുണ്ടെന്ന പക്ഷക്കാരനാണ് രജനീകാന്ത്. രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് ഭയമില്ല. എന്നാല്‍ ദൈവഹിതമെങ്കില്‍ മാത്രമെ താന്‍ രാഷട്രീയത്തില്‍ പ്രവേശിക്കൂ എന്നുമാണ് ഇതേക്കുറിച്ച് രജനീകാന്ത് പറയുന്നത്. സാമൂഹ്യ പ്രസക്തിയുള്ള സിനിമകള്‍ ചെയ്യുന്നത് തന്നെ ഒരു സാമൂഹ്യ സേവനമാണെന്ന് താന്‍ കരുതുന്നു. സിനിമയിലും രാഷ്ട്രീയത്തിലും പ്രവേശിക്കുന്നത് വല്യ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ രണ്ട് മേഖലയിലും വിജയം നേടുന്നത് നിസാര കാര്യമല്ലെന്നുമാണ് രജനീകാന്തിന്റെ പക്ഷം.
രജിനോയോ ഇളയ ദളപതിയോ അജിത്തോ ഇനി തമിഴക ദ്രാവിഡ രാഷ്ട്രീയത്തിന്റെ തലപ്പത്തെത്തിയോക്കാം. അല്ലാ എങ്കില്‍ അധികാര വടം വലിയില്‍ ദ്രാവിഡ രാഷ്ട്രീയം ഇല്ലാതാകുമെന്നും കണക്കൂകൂട്ടുന്നവരും ഏറെ.