അസുഖം ബാധിച്ച് അച്ഛന്‍ പോയി അതില്‍ മനംനൊന്ത് പിന്നാലെ അമ്മയും, പെട്ടെന്ന് അനാഥരായിപ്പോയ രണ്ട് കുഞ്ഞുങ്ങള്‍ നാടിന്റെ കണ്ണീരാകുകയാണ്. രണ്ട് മക്കളെ തനിച്ചാക്കിയുള്ള അമ്മയുടെ ആത്മഹത്യയിലാണ് കല്ലറ പാങ്ങോട് ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിയത്. അടുത്തടുത്ത ദിവസങ്ങളില്‍ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട പതിനൊന്നും ഒന്‍പതും വയസ്സുള്ള വിദ്യയും ബിജീഷും ഇപ്പോള്‍ നാടിന്റെ തേങ്ങലായി മാറുകയാണ്. മക്കളെ തനിച്ചാക്കി ഭര്‍ത്താവിന്റെ ചിതയ്ക്കടുത്ത് ഭാര്യ ജീവനൊടുക്കിയത് വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് നാട്ടുകാര്‍. തിരുവനന്തപുരം കല്ലറ പാങ്ങോടാണ് സംഭവം.
പനി ബാധിച്ചു ഭര്‍ത്താവു മരിച്ചതില്‍ മനംനൊന്താണ് ഭാര്യ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച മരിച്ച പാങ്ങോട് നാലുസെന്റ് കോളനിയില്‍ ബിജുവിന്റെ(40) ഭാര്യ ചിന്നു (29) ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. ബന്ധുക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ചിന്നു ഇന്നലെ പുലര്‍ച്ചെ ബാത്ത് റൂമില്‍ പോകുന്നുവെന്നു പറഞ്ഞു വീടിനു പുറത്തിറങ്ങുകയായിരുന്നു.
ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയപ്പോള്‍ വീടിന്റെ വരാന്തയോടു ചേര്‍ന്നു ബിജുവിന്റെ കുഴിമാടത്തിനു സമീപത്തെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. ചെണ്ടവാദ്യ കലാകാരനായ ബിജുവിന്റെ മരണത്തില്‍ ദുഃഖത്തിലായ ഗ്രാമം ചിന്നുവിന്റെ മരണവാര്‍ത്ത കേട്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടി.
പതിനൊന്നും ഒന്‍പതും വയസ്സുള്ള മക്കളായ വിദ്യയെയും ബിജീഷിനെയും തനിച്ചാക്കിയാണു ചിന്നു ഭര്‍ത്താവിനൊപ്പം പോയത്. ഒന്‍പതു ദിവസം മുന്‍പു ബിജുവിനു പനി ബാധിച്ചതു മുതല്‍ ചിന്നു അസ്വസ്ഥയായിരുന്നു. പിന്നീട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ തന്നെ ചിന്നും മാനസികമായി തളര്‍ന്നിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബിജുവിന്റെ മൃത ശരീരത്തിനടുത്ത് ചിന്നുവിന്റെ കരച്ചില്‍ കണ്ട് നിന്നവരേപ്പോലും കണ്ണ് നിറച്ചിരുന്നു. അധികം സംസാരിക്കാന്‍ പോലും ചിന്നു പിന്നീട് തയ്യാറായിരുന്നില്ല. ചിന്നുവിനെ നന്നായി ശ്രദ്ധിച്ചുകൊള്ളണമെന്ന് ചില ബന്ധുക്കള്‍ പ്രത്യേകം പറഞ്ഞതനുസരിച്ചാണ് ഏവരും ചിന്നുവിനെ ശ്രദ്ധിച്ചിരുന്നത്.
ഭര്‍ത്താവ് ബിജുവും ചിന്നുവും വലിയ സ്‌നേഹത്തിലായിരുന്നുവെന്നും സദാ സന്തോഷത്തില്‍ മാത്രമേ ഇവരെ കണ്ടിട്ടുള്ളുവെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. ജോലി കഴിഞ്ഞാല്‍ എത്രയും വേഗം ഭാര്യയുടേയും മക്കളുടേയും അടുത്തേക്ക് എത്തുക എന്നത് മാത്രമാണ് ബിജുവും ചിന്തിച്ചിരുന്നതെന്ന് അടുത്ത സുഹൃത്തുക്കളും പറയുന്നു. ബിജുവിന്റെ മരണശേഷം വളരെ കരുതലോടെ ചിന്നുവിനൊപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ ശ്രദ്ധ തിരിഞ്ഞ സമയത്താണു ചിന്നു ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. ബിജുവിന്റെ പിതാവ് ഗോപിയും മാതാവ് വസന്തയുമാണ് ഇനി കുട്ടികള്‍ക്കൊപ്പമുള്ളത്. കൂലിപ്പണിക്കാരനാണ് ഗോപി.
ചിന്നു വര്‍ക്കല പാലച്ചിറ സ്വദേശിനിയാണ്. ഇവര്‍ക്കും വയസ്സായ മാതാപിതാക്കള്‍ മാത്രമാണ് ഉള്ളത്. മകന്റെ മക്കളെ ഈ വാര്‍ധക്യത്തില്‍ എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ വിദൂരതയിലേക്കു നോക്കിയിരിക്കുകയാണ് നിര്‍ധനരായ ഈ വയോധിക ദമ്പതികള്‍. ഒരു മരണം നടന്ന് ചിതയുടെ ചൂടാറുംമുന്‍പ് മറ്റൊരു മരണം കൂടി സംഭവിച്ചതോടെ വലിയ ദുഃഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.