വീട്ടുജോലികള്‍ ഭര്‍ത്താവ് തനിയെ ചെയ്യുന്നു; നവവധു വിവാഹമോചനത്തിന് അപേക്ഷ നല്‍കി

ഭാരിച്ച വീട്ടുജോലികള്‍ ചെയ്യാന്‍ സഹായിക്കാത്ത ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ പ്രതിഷേധിച്ച് ഭാര്യ വിവാഹ ബന്ധം വേണ്ടെന്ന് തീരുമാനിച്ചാല്‍ മനസ്സിലാക്കാം. എന്നാല്‍ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ സംഭവിച്ചത് നേരെ മറിച്ചാണ്. ഭര്‍ത്താവ് തന്നെ അലക്കാനോ, ഭക്ഷണം പാകം ചെയ്യാനോ, വീട് വൃത്തിയാക്കാനോ, എന്തിന് മീന്‍ മുറിക്കാന്‍ പോലുമോ സമ്മതിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി. ഭര്‍ത്താവിന് പ്രത്യേകിച്ച് ജോലിയില്ലെന്നു കരുതിയാല്‍ തെറ്റി. ഇദ്ദേഹം നഗരത്തില്‍ സ്വന്തമായി ടെക്‌സ്‌റ്റൈല്‍ ബിസിനസ് നടത്തുന്നയാളാണ്. കല്യാണം കഴിഞ്ഞ് രണ്ടാഴ്ച ഭര്‍ത്താവിന്റെ ഈ ‘ക്രൂരത’ സഹിച്ചു. ഇനിയും സഹിക്കാന്‍ തനിക്കാവില്ലെന്ന് കാണിച്ചാണ് നവവധു കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു 28കാരിയായ ഈജിപ്ത്യന്‍ യുവതി സമര്‍ 31കാരനായ ടെക്‌സ്‌റ്റൈല്‍സ് വ്യാപാരിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹിതയായ നാള്‍ മുതല്‍ വീട്ടിലെ മുഴുവന്‍ ജോലികളും ഭര്‍ത്താവ് ചെയ്യുന്നുവെന്നാണ് യുവതിയുടെ പ്രശ്‌നം. തന്നെ ഒരു ജോലിയും ചെയ്യാന്‍ അനുവദിക്കുന്നില്ല. അലക്കുന്നതും അയേണ്‍ ചെയ്യുന്നതും ഭക്ഷണം പാകം ചെയ്യുന്നതും പാത്രങ്ങളും വീടും വൃത്തിയാക്കുന്നതും നിലം തുടക്കുന്നതും എല്ലാം ഭര്‍ത്താവ് തന്നെ. തന്റെ കടയിലെ ജോലി ചെയ്യുന്നതിന്റെ കൂടെയാണ് ഭര്‍ത്താവിന്റെ ഈ വീട്ടുജോലി. വീട്ടിലെ സ്ത്രീയായി ഭര്‍ത്താവ് മാറിയിരിക്കുകയാണെന്ന് ഭാര്യ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇങ്ങനെ പോയാല്‍ താന്‍ ബോറടിച്ച് മരിക്കുമെന്നാണ് യുവതി പറയുന്നത്. പിറ്റേന്ന് തിരക്കുള്ള ദിവസമാണെങ്കില്‍ ഭക്ഷണം തലേന്ന് തന്നെയുണ്ടാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് ഭര്‍ത്താവ് ചെയ്യുന്നതെന്നും അവര്‍ പറയുന്നു. അത്രപോലും അടുക്കളയില്‍ കയറാന്‍ തന്നെ അനുവദിക്കുന്നില്ല. ഹോട്ടല്‍ മുറിയില്‍ താമസിക്കുന്ന ഒരു അതിഥിയെ പോലെയാണ് ഭര്‍ത്താവ് തന്നോട് പെരുമാറുന്നത്. സന്തോഷത്തെ വീട്ടുജോലികളെല്ലാം ചെയ്യുന്ന ഭര്‍ത്താവിനെ നോക്കിയിരിക്കല്‍ മാത്രമാണ് തന്റെ പണിയെന്നും ഇങ്ങനെ മുന്നോട്ടുപോവാനാവില്ലെന്നും യുവതി പറയുന്നു.

Top