രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് അറിയിച്ച് വീണ്ടും രംഗത്തു വന്നിരിക്കുകയാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലെന്‍സ്‌കി. ഷെല്ലാക്രമണം തുടരുന്ന സമയത്തും അഭയകേന്ദ്രങ്ങളില്‍ കുട്ടികള്‍ ജനിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഈ യുദ്ധത്തില്‍ ശത്രുക്കള്‍ക്ക് സാധ്യതയില്ലെന്നുമാണ് സെലെന്‍സി പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ബെല്‍ജിയം യുക്രൈന്‍ സൈന്യത്തിന് 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുക്രൈനിന് ആയുധങ്ങള്‍ വിതരണം ചെയ്യാമെന്ന് ജര്‍മ്മനിയും അറിയിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ യുക്രൈനിന് അയക്കാന്‍ രാജ്യം നെതര്‍ലാന്‍ഡിന് അനുമതി നല്‍കി.
പടിഞ്ഞാറന്‍ നഗരമായ ലിവീവില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. റഷ്യന്‍ സേന ലിവീവിലെത്തിയതോടെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് യുക്രൈന്‍. റഷ്യന്‍ മിസൈല്‍ തകര്‍ത്തെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. കീവിലെ അണക്കെട്ട് ലക്ഷ്യമാക്കി വന്ന മിസൈല്‍ തകര്‍ത്തെന്നാണ് പറയുന്നത്. കൂടാതെ പുലര്‍ച്ചെ 3.50നാണ് മിസൈല്‍ തകര്‍ത്തതെന്നും യുക്രൈന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു. പ്രതിരോധിക്കാന്‍ തയ്യാറുള്ളവര്‍ക്കെല്ലാം ആയുധങ്ങള്‍ നല്കാമെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കുന്നത്. റഷ്യന്‍ ആക്രമണത്തെ യുക്രൈന്‍ ചെറുത്തെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞിരുന്നു.