ഗയാന: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിലെ പൂര്‍ണ്ണചന്ദ്രനായി വിലസിയ ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനുശേഷം ചന്ദര്‍പോള്‍ വെസ്റ്റിന്‍ഡീസ് ടീമില്‍ ഇടംപിടിച്ചിട്ടില്ല. ഫോം വീണ്ടെടുക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അതിനുശേഷം വിന്‍ഡീസ് ടീമില്‍ 41കാരനായ ചന്ദര്‍പോളിന് ഇടംലഭിച്ചിരുന്നില്ല. വെസ്റ്റിന്‍ഡീസിനുവേണ്ടി 100 ടെസ്റ്റ് കളിച്ച ആദ്യ ഇന്ത്യന്‍ വംശജനാണ് ചന്ദര്‍പോള്‍. 1974 ആഗസ്ത് 16ന് ഗയാനയിലെ യൂണിറ്റി ഗ്രാമത്തിലായിരുന്നു ജനനം.
കൂടാതെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പതിനഞ്ച് കളിക്കാരുടെ കരാര്‍ പുതുക്കിയപ്പോഴും ചന്ദര്‍പോള്‍ തഴയപ്പെടുകയായിരുന്നു. എങ്കിലും ടീമില്‍ ശക്തമായ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ഈ മുന്‍ നായകന്‍. എന്നാല്‍ അത് നടക്കാതെ വന്നതോടെയാണ് ക്രീസിനോട് വിടപറയാന്‍ ചന്ദര്‍പോളെന്ന ഇടംകയ്യന്‍ ഇതിഹാസതാരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 164 ടെസ്റ്റുകളിലെ 280 ഇന്നിങ്‌സുകളില്‍ നിന്നായി 11867 റണ്‍സാണ് ചന്ദര്‍പോള്‍ നേടിയത്. 131 ടെസ്റ്റുകളിലെ 232 ഇന്നിങ്‌സുകളില്‍ നിനന് 11953 റണ്‍സാണ് ലാറ നേടിയത്. ഇതില്‍ 11,912 റണ്‍സ് വിന്‍ഡീസിനുവേണ്ടിയും ശേഷിക്കുന്നത് ഐസിസി ലോക ഇലവനു വേണ്ടിയുമാണ്.
വെസ്റ്റിന്‍ഡീസ് ലോക ക്രിക്കറ്റിന് സമ്മാനിച്ച ചന്ദര്‍പോള്‍ 1994ല്‍ ജോര്‍ജ് ടൗണില്‍ ഇംഗ്ലണ്ടിനെതിരെയാണ് അരങ്ങേറിയത്. അരങ്ങേറ്റത്തില്‍തന്നെ അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. 2015 മേയിലാണ് അവസാനമായി വെസ്റ്റിന്‍ഡീസ് ടീമില്‍ കളിച്ചത്. എതിരാളികള്‍ ഇംഗ്ലണ്ട്. ഈ മത്സരത്തില്‍വെസ്റ്റിന്‍ഡീസ് അഞ്ച് വിക്കറ്റിന് ജയിച്ചെങ്കിലും അവസാന ഇന്നിങ്‌സില്‍ ചന്ദര്‍പോള്‍ പൂജ്യത്തിന് പുറത്തായി. തുടര്‍ന്ന് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍നിന്ന് ചന്ദര്‍പോളിനെ ഒഴിവാക്കുകയും ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 30 സെഞ്ചുറിയും 66 അര്‍ദ്ധസെഞ്ചുറിയും ചന്ദര്‍പോളിന്റെ ബാറ്റില്‍ നിന്ന് പിറന്നു. പുറത്താകാതെ നേടിയ 203 റണ്‍സ് ആണ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. രണ്ട് ഇരട്ട സെഞ്ചുറികളാണ് ചന്ദര്‍പോള്‍ നേടിയിട്ടുള്ളത്. ഒന്ന് ദക്ഷിണാഫ്രിക്കക്കെതിരെയും മറ്റൊന്ന് ബംഗ്ലാദേശിനെതിരെയും. രണ്ടിലും നേടിയത് പുറത്താകാതെ 203 റണ്‍സും. ഒമ്പതു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 268 ഏകദിനങ്ങളില്‍ വിന്‍ഡീസിന് വേണ്ടി ഇറങ്ങിയ ചന്ദര്‍പോള്‍ 11 സെഞ്ചുറിയും 59 അര്‍ദ്ധസെഞ്ചുറിയുമടക്കം 8,778 റണ്‍സും സ്വന്തമാക്കി.
150 ആണ് ഉയര്‍ന്ന സ്‌കോര്‍. 1994 ഒക്ടോബറില്‍ ഫരീദാബാദില്‍ ഇന്ത്യക്കെതിരേയായിരുന്നു ഏകദിന അരങ്ങേറ്റം. 2011 മാര്‍ച്ചില്‍ ധാക്കയില്‍ പാക്കിസ്ഥാനെതിരായ മത്സരത്തോടെ ഏകദിനത്തില്‍ നിന്ന് വിടവാങ്ങി. ചന്ദര്‍പോള്‍ ഇടക്കാലത്ത് വിന്‍ഡീസിന്റെ ക്യാപ്റ്റനുമായിരുന്നു. ബ്രയാന്‍ ലാറക്ക് പകരമായിട്ടായിരുന്നു നായകസ്ഥാനം സിദ്ധിച്ചത്. എന്നാല്‍ നായകസ്ഥാനത്ത് ഒരു വര്‍ഷംപോലും തികയ്ക്കാതെ സ്വയം പടിയിറങ്ങുകയായിരുന്നു അദ്ദേഹം.