സ്‌പോട്‌സ് ഡെസ്‌ക്
കൊൽക്കത്ത: ട്വന്റി20 ലോകകപ്പ് കിരീടം രണ്ടു തവണ നേടുന്ന ടീം ഏതെന്നതിന് ഉത്തരം ലഭിക്കാൻ മണിക്കൂറുകൾ. രണ്ടാം കിരീടത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇംഗ്ലണ്ടും വെസ്റ്റിൻഡീസും ഇന്ന് വൈകിട്ട് ഏഴിന് ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനമായ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ മുഖാമുഖമെത്തും. ഇംഗ്ലണ്ട് 2010ൽ ലോക ചാമ്പ്യന്മാരായപ്പോൾ, അടുത്ത തവണ 2012ൽ വെസ്റ്റിൻഡീസും അമരത്തെത്തി. കൊൽക്കത്ത ഇവരിലാരെ വരണമാല്യം ചാർത്തും?
പടിപടിയായി മെച്ചപ്പെട്ടെത്തിയാണ് ഇംഗ്ലണ്ട് ഫൈനലുറപ്പിച്ചതെങ്കിൽ, അഫ്ഗാനിസ്ഥാനോടേറ്റ അപ്രതീക്ഷിത തോൽവിയിലും മനസാന്നിധ്യം വിടാതെ സെമിയിൽ ഇന്ത്യയെ തുരത്തിയാണ് വിൻഡീസിന്റെ പടയോട്ടം. ഗ്രൂപ്പ് മത്സരത്തിൽ ആദ്യ കളിയിൽ ഗെയ്‌ലിന്റെ സെഞ്ചുറി മികവിൽ വെസ്റ്റിൻഡീസിനോട് തോറ്റ ഇംഗ്ലണ്ടിന് ഫൈനലിൽ ആ കണക്കു കൂടി തീർക്കണം. ഈ വർഷം കളിച്ച ഏഴു കളികളിൽ നാലിൽ ജയം ഇംഗ്ലീഷ് പടയ്‌ക്കൊപ്പം. അഞ്ചു കളികളിൽ നാലു ജയം വിൻഡീസിനുമുണ്ട്. ഏക തോൽവി അഫ്ഗാനോട്.
ചാമ്പ്യൻഷിപ്പിലെ ഫേവറിറ്റുകളായിരുന്ന ടീമുകളെ കീഴടക്കിയാണ് ഇംഗ്ലണ്ടും വിൻഡീസും കലാശക്കളിക്ക് യോഗ്യത നേടിയതെന്നും സമാനത. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ മുന്നേറിയ ന്യൂസിലൻഡിനെ ഓൾറൗണ്ട് പ്രകടനത്തിലൂടെ മറികടന്നു ഇംഗ്ലീഷ് പട. ഇന്ത്യയെയാണ് വിൻഡീസ് തോൽപ്പിച്ചത്. മുന്നിൽനിന്നു നയിക്കുന്ന തന്ത്രശാലികളായ നായകർ ഇയാൻ മോർഗനും ഡാരൻ സമിയും മത്സരം അപ്രവചനീയമാക്കും.
ബാറ്റിങ് കരുത്തിലാണ് ഇംഗ്ലണ്ട് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ ഇരുന്നൂറിനപ്പുറമുള്ള ലക്ഷ്യം അനായാസം മറികടന്നു ഇംഗ്ലണ്ട്. സെമിയിൽ ബൗളിങ് നിരയും മികവിലേക്കുയർന്നു. യഥാർത്ഥ സമയത്ത് ഫോമിലെത്തിയ ടീമാണ് അവരുടേത്. സെമി കടന്ന ഇലവനെ ഫൈനലിലും നിലനിർത്തുമെന്നാണ് ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗൻ നൽകുന്ന സൂചന. ജേസൺ റോയിയും അലെക്‌സ് ഹെയ്ൽസും ഇന്നിങ്‌സ് തുറക്കും.
ജോ റൂട്ട്, ഇയാൻ മോർഗൻ, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്‌ലർ എന്നിവർ മധ്യനിരയ്ക്ക് കരുത്തേകും. ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്‌സും മോയിൻ അലിയും ബാറ്റിങ്ങിന്റെ ആഴം വർധിപ്പിക്കുന്നു. ഒരാളല്ലെങ്കിൽ മറ്റൊരാൾ ടീമിന് തുണയാകുന്നുവെന്നതാണ് ഇംഗ്ലീഷ് ബാറ്റിങ്ങിന്റെ പ്ലസ് പോയിന്റ്. അവസാന ഓവറുകളിൽ ജോസ് ബട്‌ലറുടെ തകർപ്പൻ ഇന്നിങ്‌സ് ടീമിന് പലഘട്ടത്തിലും തുണയായി. സെമിയിൽ ഓപ്പണർ ജേസൺ റോയും മികച്ച പ്രകടനം നടത്തി.
തുടക്കത്തിൽ പതറിയ ബൗളർമാർ സെമിയോടെ പ്രതാപം വീണ്ടെടുത്തുവെന്നതും ഇംഗ്ലണ്ടിനെ സന്തോഷിപ്പിക്കുന്നു. ക്രിസ് ജോർദനും ലിയാം പ്ലങ്കറ്റും ഡേവിസ് വില്ലിയും ബെൻ സ്റ്റോക്‌സും പേസ് ബൗളിങ്ങിന്റെ കുന്തമുനകളാകുമ്പോൾ മോയിൻ അലിയും ആദിൽ റഷീദും സ്പിൻ വിഭാഗത്തിന് കരുത്തേകുന്നു. ആദ്യ കളികളിൽ പതറിയ ജോർദനും സ്റ്റോക്‌സും സെമിയോടെ മികവിലേക്കുയർന്നുവെന്നതും മാനെജ്മന്റിനെ സന്തോഷിപ്പിക്കുന്നു. സെമിയിൽ വൻ സ്‌കോറിലേക്കു നീങ്ങുകയായിരുന്ന കിവികളെ മധ്യ ഓവറുകളിൽ പിടിച്ചുനിർത്താനായതിന്റെ ആവേശവുമുണ്ട് ബൗളർമാർക്ക്.
ഇന്ത്യയെ വീഴ്ത്തിയതോടെ ആത്മവിശ്വാസത്തിന്റെ പാരമ്യത്തിലാണ് വിൻഡീസ്. സെമി ജയിച്ച ടീമിനെ ഫൈനലിലും അവർ അണിനിരത്തും. ക്രിസ് ഗെയ്ൽ എന്ന വടവൃക്ഷത്തിനു ചുറ്റും കറങ്ങിത്തിരിയുന്നവരല്ലെന്ന് സെമിയോടെ തെളിയിച്ചു കരീബിയന്മാർ. ഗെയ്ൽ തുടക്കത്തിലെ മടങ്ങിയിട്ടും മികച്ച ലക്ഷ്യത്തിലേക്ക് ലെൻഡൽ സിമ്മൺസിന്റെയും ജോൺസൺ ചാൾസിന്റെയും ആന്ദ്രെ റസലിന്റെയുമെല്ലാം മികവിൽ കുതിച്ചു കയറി വിൻഡീസ്. പതിനൊന്നു പേരും ബാറ്റ് ചെയ്യാൻ ശേഷിയുള്ളവരെന്നതും വിൻഡീസിന്റെ കരുത്ത്.
ഗെയ്‌ലും ജോൺസൺ ചാൾസുമാകും ഇന്നിങ്‌സ് തുറക്കാനെത്തുക. മർലോൺ സാമുവൽസ്, ലെൻഡൽ സിമ്മൺസ്, ദിനേശ് രാംദിൻ, ഡ്വെയ്ൻ ബ്രാവോ, ആന്ദ്രെ റസൽ, ഡാരൻ സമി, കാർലോസ് ബ്രാത്ത്‌വെയ്റ്റ് എന്നിവർ പിന്നാലെയെത്തും. കളിയുടെ ഗതിക്കനുസരിച്ച് ഇവരുടെ സ്ഥാനം മാറിമറിയും.
ബൗളിങ്ങിൽ ആന്ദ്രെ റസലും കാർലോസ് ബ്രാത്ത്‌വെയ്റ്റുമാകും വേഗക്കാരുടെ റോൾ ഏറ്റെടുക്കുക. ഡ്വെയ്ൻ ബ്രാവോ, സമി എന്നിവർ മീഡിയം പേസ് കൈകാര്യം ചെയ്യും. മധ്യ ഓവറുകളിൽ റൺ നിയന്ത്രിക്കാൻ ഇവർക്കാകും. ലെഗ് സ്പിന്നർ സാമുവർ ബദ്രീയും ഓഫ് സ്പിന്നർ സുലൈമാൻ ബെന്നും ബൗളിങ്ങിന് ആഴം വർധിപ്പിക്കുന്നു. ഗെയ്ൽ, സാമുവൽ, സിമ്മൺസ് എന്നിവർ അത്യാവശ്യ ഘട്ടങ്ങളിൽ പന്ത് കൈകാര്യം ചെയ്യും.
ഭേദപ്പെട്ട രീതിയിൽ സ്‌കോറിങ് ഉണ്ടാകുന്നതാണ് ഈഡനിലെ പിച്ച്. 165170 റൺ വരെ പ്രതീക്ഷിക്കാമെന്ന് ക്യുറേറ്റർ. ഈർപ്പമുള്ള അന്തരീക്ഷം രണ്ടാമത് ബാറ്റിങ് ദുഷ്‌കരമാക്കും. പിച്ചിൽനിന്ന് സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതു മുന്നിൽക്കണ്ട് ഇംഗ്ലീഷ് സ്പിന്നർമാർ മോയിൻ അലിയും ആദിൽ റഷീദും ഏറെ നേരം നെറ്റ്‌സിൽ പരിശീലനം നടത്തി. ബദ്രിയും ബെന്നും സാഹചര്യം മുതലാക്കുമെന്ന് വിൻഡീസിനും പ്രതീക്ഷ.
സാധ്യതാ ടീം: ഇംഗ്ലണ്ട് – ജേസൺ റോയ്, അലെക്‌സ് ഹെയ്ൽസ്, ജോ റൂട്ട്, ഇയാൻ മോർഗൻ, ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), ബെൻ സ്റ്റോക്‌സ്, മോയിൻ അലി, ആദിൽ റഷീദ്, ലിയാം പ്ലങ്കറ്റ്, ക്രിസ് ജോർദൻ, ഡേവിഡ് വില്ലി.
വെസ്റ്റിൻഡീസ് – ക്രിസ് ഗെയ്ൽ, ജോൺസൺ ചാൾസ്, മർലോൺ സാമുവൽസ്, ലെൻഡൽ സിമ്മൺസ്, ദിനേഷ് രാംദിൻ (വിക്കറ്റ് കീപ്പർ), ഡ്വെയ്ൻ ബ്രാവോ, ആന്ദ്രെ റസൽ, ഡാരൻ സമി, കാർലോസ് ബ്രാത്ത്‌വെയ്റ്റ്, സാമുവൽ ബദ്രീ, സുലൈമാൻ ബെൻ.