പാരിസ് : അന്തരീഷമലിനീകരണത്തിന്റെ മുഖ്യകേന്ദ്രം വികസിതരാജ്യങ്ങളാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കുറഞ്ഞ ചെലവില്‍ ഹരിതഊര്‍ജം ലോകത്തിനു ലഭ്യമാക്കാന്‍ വികസിതരാജ്യങ്ങള്‍ നേതൃത്വം നല്‍കകണമെന്നും കാലാവസ്ഥ ഉച്ചകോടിയില്‍ മോദി നിര്‍ദേശിച്ചു.ഭൂമിയെയും മനുഷ്യനെയും വേര്‍തിരിച്ചുകാണാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി പുനരുപയോഗസാധ്യമായ ഊര്‍ജമാര്‍ഗങ്ങള്‍ വ്യാപകമാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രഖ്യാപിച്ചു. ഹരിതഊര്‍ജത്തിനായുള്ള സാങ്കേതികവിദ്യയും സംവിധാനവും ഇന്ത്യക്കുണ്ട്. വേണ്ടത് ഇച്ഛാശക്തിയുള്ള ആഗോളനേതൃത്വമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ഏറെ വെല്ലുവിളിയുയര്‍ത്തുന്ന ആഗോള വിപത്താണ്. എന്നാല്‍ അതു തുടങ്ങിവച്ചത് ഇന്ത്യയല്ല. ഉച്ചകോടിയിലെ തീരുമാനങ്ങള്‍ സുപ്രധാനമാണ്. ആഗോള താപനത്തിനെതിരെ നടപടിയെടുക്കാന്‍ വികസിത രാജ്യങ്ങള്‍ക്കു മുഖ്യ ഉത്തരവാദിത്തമുണ്ട്– പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന ഇന്ത്യന്‍ രീതികള്‍ വിശദീകരിക്കുന്ന സവിശേഷ ഇന്ത്യ പവിലിയന്‍ ഉച്ചകോടി വേദിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ആഗോളതാപനം ഭീകരതയ്ക്കു തുല്യമായ മറ്റൊരു വിപത്തെന്നു രാഷ്ട്രത്തലവന്‍മാരെ ഉച്ചകോടിയിലേക്കു സ്വാഗതം ചെയ്തു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് പ്രഖ്യാപിച്ചു. ഭീകരതയെയും കാലാവസ്ഥാ ദുരന്തങ്ങളെയും ഭയപ്പെടാനില്ലാത്ത ജീവിതം വരുംതലമുറയ്ക്കു സമ്മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഒലോന്‍ദ് പറഞ്ഞു. ആഗോളതാപനം നിയന്ത്രണവിധേയമാക്കാനുള്ള തീരുമാനമെടുക്കാന്‍ ലോകം നിര്‍ണായകസന്ധിയില്‍ എത്തിനില്‍ക്കുകയാണെന്നും ചൂണ്ടിക്കാട്ടി. സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ, എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ കാലാവസ്ഥാ ഉടമ്പടി യാഥാര്‍ഥ്യമായിട്ടില്ലെങ്കിലും അതു കയ്യെത്തും ദൂരത്തുതന്നെയാണെന്ന് ഉച്ചകോടി അധ്യക്ഷനായ ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറൊന്ത് ഫേബിയസ് പറഞ്ഞു.
മോദിയെ കൂടാതെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് തുടങ്ങി 150 ലോകനേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ പാരിസ് വേദിയില്‍ അതിസുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഉച്ചകോടി ഉദ്ഘാടന ദിവസംതന്നെ ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസില്‍, ആഗോളതാപന വിഷയത്തില്‍ ഇന്ത്യയുടെ നിലപാടു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ലേഖനമെഴുതിയതും ആഗോളതലത്തില്‍ ചര്‍ച്ചയായി. ഏതാനും ചില രാജ്യങ്ങളുടെ ജീവിതശൈലികള്‍ മൂലം, വികസന ഗോവണിയുടെ ഏറ്റവും താഴത്തെ പടിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് അവസരങ്ങളും നീതിയും നിഷേധിക്കപ്പെടരുതെന്നാണു മോദി ലേഖനത്തില്‍ ശക്തമായി വാദിച്ചത്. ജീവിതശൈലികള്‍ മാറ്റണം, ഭൂമിക്ക് അതുണ്ടാക്കുന്ന ഭാരം കുറയ്ക്കണം. നാം എങ്ങനെ ജീവിക്കുന്നെന്നും എങ്ങനെ ചിന്തിക്കുന്നെന്നും അടിസ്ഥാനമാക്കിയാകും ആഗോളതാപനത്തിനെതിരെയുള്ള നടപടികളുടെ വിജയമെന്നും മോദി ചൂണ്ടിക്കാട്ടി.നവാസ് ഷരീഫുമായി മോദിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ച
കാലാവസ്ഥാ ഉച്ചകോടി വേദിയിലെ ലോബിയില്‍ നരേന്ദ്ര മോദിയും നവാസ് ഷരീഫും കൂടിക്കാഴ്ച നടത്തി. പരസ്പരം കൈകൊടുത്തശേഷം ലോബിയിലെ സോഫയിലിരുന്ന് ഇരുവരും ചര്‍ച്ച നടത്തിയെങ്കിലും അതിന്റെ ഔദ്യോഗിക വിശദാംശങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. പാക്ക് പ്രധാനമന്ത്രിക്കു കൈകൊടുക്കുന്ന മോദിയുടെ ചിത്രം വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പിന്നാലെ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ജൂണില്‍ റഷ്യയിലെ ഉഫായില്‍ നടന്ന ഉച്ചകോടിയില്‍വച്ചായിരുന്നു മോദിയും ഷരീഫും അവസാനമായി കണ്ടത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായും മോദി കൂടിക്കാഴ്ച നടത്തി. തുടര്‍ന്നു സംയുക്ത മാധ്യമസമ്മേളനവും നടത്തി. ആഗോളതാപനത്തിനെതിരെ നടപടിയുടെ കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാന ധാരണയായെന്നു നേതാക്കള്‍ അറിയിച്ചു. ഇന്ത്യയ്ക്കും വികസനപാതയില്‍ മുന്നേറാന്‍ അവകാശമുണ്ടെന്ന് ഒബാമ പറഞ്ഞപ്പോള്‍, വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകുമെന്നു മോദി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഇന്ത്യയുടെ ഉത്തരവാദിത്തങ്ങള്‍ തീര്‍ച്ചയായും നിറവേറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദുമായും കൂടിക്കാഴ്ച നടത്തിയ മോദി, ഉച്ചകോടിയില്‍ ഇന്ത്യയുടേതു ക്രിയാത്മക മനോഭാവമായിരിക്കുമെന്ന് ഉറപ്പു നല്‍കി. രാജ്യങ്ങളേറ്റെടുക്കുന്ന ചുമതലകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി