രാജ്യത്ത് സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ സകല സീമകളും ലംഘിച്ച് ഉയരുന്നതായി പഠന റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള വേൾഡ് പോപ്പുലേഷൻ ഫണ്ട് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഒഡിഷ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ ഭയാനകമാം വിധത്തിൽ വർധിക്കുന്നത്. പത്ത് പുരുഷന്മാരിൽ ആറുപേരും തങ്ങളുടെ ഭാര്യമാരെയും അല്ലെങ്കി ൽ ജീവിത പങ്കാളികളേയും ശാരീരികമായും മാനസികമായും പീഡനങ്ങൾക്ക് വിധേയമാക്കുന്നു എന്നത് റിപ്പോർട്ട് അടിവരയിടുന്നു. കുട്ടിക്കാലത്ത് പുരുഷന്മാർക്കുണ്ടാകുന്ന സാമൂഹ്യ വിവേചനവും അവർ വളരുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ഞെരുക്കങ്ങളുമാണ് സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമത്തിനുള്ള മുഖ്യ കാരണം.
പത്ത് പുരുഷന്മാരിൽ ആറുപേരും തങ്ങളുടെ ഭാര്യമാരെയും അല്ലെങ്കിൽ ജീവിത പങ്കാളികളേയും ശാരീരികമായും മാനസികമായും പീഡനങ്ങൾക്ക് വിധേയമാക്കുന്നു എന്നത് റിപ്പോർട്ട് അടിവരയിടുന്നു. പഠനവിധേയമാക്കിയ 3158 സ്ത്രീകളിൽ 52 ശതമാനം പേരും തങ്ങളുടെ ഭർത്താക്കന്മാരുടെ ഭാഗത്തുനിന്നും പീഡനങ്ങൾക്ക് വിധേയരായവരാണ്
തങ്ങളുടെ പൗരുഷശേഷി മറ്റുള്ളവരുടെ മേൽ പ്രത്യേകിച്ചും ഭാര്യയുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ഒരു ഉൽക്കർഷതാബോധമാണ് ഇതിനുള്ള മുഖ്യകാരണം. ഭീഷണി, അവഹേളനം, അധിക്ഷേപം, ശാരീരികവും ലൈംഗികവുമായുള്ള പ്രേരണകൾ, ബലാത്സംഗം തുടങ്ങിയവയാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ മാനദണ്ഡങ്ങളായി വേൾഡ് പോപ്പുലേഷൻ ഫണ്ട് അടിസ്ഥാനമാക്കിയത്.
കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ പരിശോധിച്ചാൽ ഇതിൽ ഭൂരിഭാഗവും സാമ്പത്തിക ഞെരുക്കത്തിന്റെ ഭാഗമാണെന്ന കാര്യം റിപ്പോർട്ടിലുണ്ട്. ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഒഡിഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്. ഒഡിഷയിലും ഉത്തർപ്രദേശിലും പഠനവിധേയമാക്കിയ പുരുഷന്മാരിൽ 70 ശതമാനം പേരും തങ്ങളുടെ ഭാര്യമാരെയും അഥവാ പങ്കാളികളെയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നൂവെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ 2013 ൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളിൽ 38 ശതമാനവും ഭർത്താവിന്റെയോ അല്ലെങ്കിൽ അയാളുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നോ ഉണ്ടായതാണെന്ന് ദേശീയ ക്രൈം റിക്കോർഡ് ബ്യൂറോയുടെ കണക്കുകളിൽ വ്യക്തമാകുന്നു. ആകെ രജിസ്റ്റർ ചെയ്ത 309546 സ്ത്രീപീഡന കേസുകളിൽ 118866 കേസുകളും ഭർത്താവിന്റെയും അയാളുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതാണ്.
പഠനവിധേയമാക്കിയ 3158 സ്ത്രീകളിൽ 52 ശതമാനം പേരും തങ്ങളുടെ ഭർത്താക്കന്മാരുടെ ഭാഗത്തുനിന്നും പീഡനങ്ങൾക്ക് വിധേയരായവരാണ്. ശാരീരികവും മാനസികവുമായ പീഡനങ്ങളും അധിക്ഷേപങ്ങളുമാണ് ഉണ്ടായത്. വൈകാരികവും ലൈംഗികവുമായ അതിക്രമങ്ങളും ഏറെയാണ്. സമ്പത്തിന്റെ പേരിലുള്ള പീഡനങ്ങളും ഉണ്ടാകുന്നതായി ഇവർ പറയുന്നു. എന്നാൽ ഇത്തരം അതിക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുപറയാൻ ഭൂരിഭാഗം സ്ത്രീകളും തയാറാകുന്നില്ലെന്നും ഫ്രെഡറിക് മേയ്ജർ ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.