സ്വയം ചിതയൊരുക്കി മരണത്തെ സ്വീകരിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ തൊണ്ണൂറുകാരിയായ സ്ത്രീ. മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലാണ് സംഭവം. വീടിനകത്ത് സ്വന്തം ചിതയൊരുക്കിയാണ് കല്ലാവ്വാ ദാദു കാംബ്ലെ എന്ന വൃദ്ധ ആത്മഹത്യ ചെയ്തിരിക്കുന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു. ബമാനി ഗ്രാമത്തില്‍ തനിച്ചാണ് ഇവര്‍ താമസിക്കുന്നത്. തൊട്ടടുത്ത് തന്നെ വൃദ്ധയുടെ മകന്‍ വിത്തലും താമസിക്കുന്നുണ്ട്. നവംബര്‍ പതിമൂന്നിന് രാത്രി പതിവ് പോലെ കൊച്ചുമകള്‍ വൃദ്ധയുടെ വീട്ടിലെത്തി ഭക്ഷണം നല്‍കി തിരികെ പോയിരുന്നു. ശേഷം വൃദ്ധ വാതിലടച്ച് മുറിയില്‍ ചിതയൊരുക്കുകയായിരുന്നു. മരക്കഷണങ്ങളും ചാണകവരളിയും കൊണ്ട് ചിതയൊരുക്കിയ ശേഷം മണ്ണെണ്ണയും ഒഴിച്ചു. ശേഷം ചിതയില്‍ കിടന്ന് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പിറ്റേ ദിവസം രാവിലെ കൊച്ചുമകള്‍ പാലുമായി വന്ന് വിളിച്ചെങ്കിലും വാതില്‍ തുറന്നു കണ്ടില്ല. ഇതോടെ പെണ്‍കുട്ടി വിവരം വിത്തലിനെ അറിയിച്ചു. വിത്തല്‍ വന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മുറിക്ക് നടുവില്‍ ചാരവും എല്ലുകളും ചില ശരീരഭാഗങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജീവിതം മടുത്തതാണ് വൃദ്ധയെ ഈ കടുംകൈക്ക് പ്രരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. മരണത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.