ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരിയുടെ ബാഗ് ബൈക്കിലെത്തിയവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ത്രീയ്ക്ക് ഗുരുതരമായ പരിക്കേറ്റു. ദില്ലിയില്‍ കഴിഞ്ഞദിവസമായിരുന്നു ക്രൂരമായ മോഷണമുണ്ടായത്. ഓട്ടോയില്‍ സഞ്ചരിച്ച ജ്യോതി ബക്ഷിക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തരാഖണ്ഡ് സ്വദേശിനിയായ ഇവര്‍ കുറച്ചുദിവസം മുന്‍പാണ് ദില്ലിയിലെത്തിയത്. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് ആയ മകള്‍ മെഹക്കിനെ കാണാനായിരുന്നു ഇവര്‍ രാജ്യതലസ്ഥാനത്തെത്തിയതെന്ന് പോലീസ് പറഞ്ഞു. മകള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവെ കാശ്മീര്‍ ഗേറ്റില്‍ നിന്നായിരുന്നു ആക്രമണമുണ്ടായത്.
ഓട്ടോയില്‍ ഇടതുവശത്തിരുന്നത് ജ്യോതിയായിരുന്നു. പൊടുന്നനെ പിറകില്‍നിന്നും ബൈക്കിലെത്തിയ മോഷ്ടാക്കള്‍ ഓട്ടോയ്ക്ക് സമാന്തരമായി സഞ്ചരിച്ച് പഴ്‌സ് തട്ടിപ്പറിക്കുകയായിരുന്നു. ബാലന്‍സ് തെറ്റിയ സ്ത്രീ ഓട്ടോയില്‍ നിന്നും റോഡിലേക്ക് തലയടിച്ചുവീഴുകയും ചെയ്തു. പഴ്‌സ് മുറുകെ പിടിച്ചതാണ് ശക്തമായി റോഡിലേക്ക് തെറിക്കാനിടയായത്. ഓട്ടോ നിര്‍ത്തി ഉടന്‍ സ്ത്രീയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്ത്രീയുടെ പഴ്‌സും അതിലുണ്ടായിരുന്ന 7,000 രൂപയും ഇവര്‍ കവര്‍ന്നെടുത്തു. മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ഇത്തരം മോഷണം ദില്ലിയില്‍ അപൂര്‍വ സംഭവമാണ്. മോഷ്ടാക്കള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.