ചവറ: വിവാഹതട്ടിപ്പു നടത്തി കോടികള്‍ പറ്റിക്കുന്ന നാല്‍പ്പത്തിനാലുകാരിയെ പോലീസ് അറസ്റ്റുചെയ്തു. കോട്ടയം ദേവലോകം സ്വദേശിനിയായ ആലീസ് ജോര്‍ജ് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയ ലീലാമ്മ ജോര്‍ജ് എന്ന യുവതി നിരവധി പേരെ കബളിപ്പിച്ച് പണവും സ്വത്തും തട്ടിയിരുന്നു. ഭര്‍ത്താവ് മരിച്ചതായി വികാരിയുടെ വ്യാജ കത്ത് കാണിച്ചാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വഞ്ചനാ കുറ്റത്തിന് കേസ് ചുമത്തപ്പെട്ട ഇവര്‍ ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലിലാണ്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ കൊണ്ട് വന്ന ശേഷമാണ് ചവറ പൊലീസിന് ഇവരെ കൈമാറിയത്. യുവതിക്കൊപ്പം ഇപ്പോള്‍ താമസിച്ചു വരുന്നതും തട്ടിപ്പുകളില്‍ യുവതിക്കൊപ്പം പ്രവര്‍ത്തിച്ചു വരുന്നതുമായ രാഷ്ട്രീയ നേതാവിനെതിരേയും പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
കൊട്ടാരക്കര കുളക്കട സ്വദേശിയായ കോണ്‍ഗ്രസ് എസ് നേതാവ് രാമചന്ദ്രന്‍ കുളക്കടയാണ് ആലീസ് ജോര്‍ജ് എന്ന ലീലാമ്മ ജോര്‍ജിനെ സഹായിച്ചിരുന്നത്. ഇവര്‍ തമ്മില്‍ അവിഹിത ബന്ധം നിലനിന്നിരുന്നതായും ചവറ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.ഭാര്യ മരിച്ചു പോയവരെയും ഭാര്യയുമായി പിണങ്ങി കഴിയുന്ന ആള്‍ക്കാരെയുമാണ് പ്രധാനമായും ഇവര്‍ നോട്ടമിട്ടിരുന്നത്. വൈവാഹിക പരസ്യത്തിലൂടെ ഇത്തരക്കാരെ ബന്ധപ്പെട്ടാണ് യുവതി തട്ടിപ്പിന് കളമൊരുക്കുന്നത്.
ആലീസ് മുമ്പ് വിദേശത്ത് ജോലിചെയ്യുന്ന സമയത്ത് ജയില്‍വാസം അനുഭവിച്ചപ്പോള്‍ അവിടെ നിന്നും രക്ഷപ്പെടുത്തുന്നതിന് സഹായം ചെയ്ത കൊട്ടാരക്കര സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റിനെ ഭര്‍ത്താവ് മരിച്ചു പോയതായി വിശ്വസിപ്പിച്ച് വിവാഹംകഴിക്കുകയും പിന്നീട് കോടികള്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു.
അതിനുശേഷം കറ്റാനം സ്വദേശിയേയും ഇത്തരത്തില്‍ വിവാഹംചെയ്ത് പണവും സ്വത്തുക്കളും തട്ടിയെടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ചവറ സ്വദേശിയെ വിവാഹം ചെയ്തു കബളിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. ചവറ സ്വദേശിയായ ഒരു വിദേശ മലയാളിയെയാണ് ലീലാമ്മ അവസാനമായി വിവാഹം കഴിച്ചത്. ഇയാളുമായി കഴിഞ്ഞ ആറുമാസമായി താമസിച്ച് വരികയായിരുന്നു. ഇയാളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം സ്ഥിരമായി ഇയാളോട് വഴക്കുണ്ടാക്കുകയും പിന്നീട് വീട്ടില്‍ നിന്നും പല തവണ പിണങ്ങിപ്പോകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.