തിരുവനന്തപുരം: പരസ്ത്രീ ബന്ധം ആരോപിച്ച് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു.
പാലോട് കുറുപുഴയിലാണ് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നത്. കൊലപാതക ശേഷം യുവതി മക്കളുമായി സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയി.
വെമ്പ് ക്ഷേത്രത്തിനു സമീപം കുറപുഴ ആദിത്യ ഭവനില്‍ ഷിജു (37) ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ(34) പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാല്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത് എന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
വീട്ടിന്റെ പിന്നില്‍ ഫോണ്‍ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിന്റെ തലയില്‍ സിമന്റ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമണം.
ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ ഷിജുവിനെ അവിടെ ടൈല്‍ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. ഇതിന് ശേഷം സൗമ്യ കുട്ടികളേയും കൂട്ടി ഉത്സവം കാണാന്‍ ക്ഷേത്രത്തിലേക്ക് പോയി.
തിരികെ എത്തിയപ്പോഴാണ് കുട്ടികള്‍ പിതാവ് മരിച്ച് കിടക്കുന്നത് കാണുന്നത്. തുടര്‍ന്നാണ് സംഭവം പുറത്ത് അറിയുന്നത്. ഒരാഴ്ച മുമ്പാണ് ഗള്‍ഫിലായിരുന്ന ഷിജു നാട്ടില്‍ വന്നത്. മകളോട് മോശമായി പെരുമാറിയപ്പോള്‍ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇത് പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.