നിയമസഭാ മന്ദിരത്തിൽ മുലയൂട്ടാൻ മുറി അനുവദിക്കണമെന്ന് വനിതാ എംഎൽഎ. അസം നിയമസഭയിലെ ബിജെപി എംഎൽഎയായ അങ്കൂർലത ദേഖയാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വനിതാ എംഎൽഎമാർക്ക് വേണ്ടി നിയമസഭാ മന്ദിരത്തോട് ചേർന്ന് മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കൂർലത പാർലമെന്ററികാര്യ വകുപ്പ് മന്ത്രിക്ക് നിവദേനവും നൽകിയിട്ടുണ്ട്. ഒരു മാസം മുൻപാണ് അങ്കൂർലത ദേഖ പെൺകുഞ്ഞിന് ജന്മം നൽകിയത്. നിയമസഭയുടെ മൺസൂൺകാല സമ്മേളനത്തിനിടെ കുഞ്ഞിന് മുലയൂട്ടാനും പരിചരിക്കാനും പോകുന്നത് കാരണം തനിക്ക് പല ചർച്ചകളിലും പങ്കെടുക്കാനായില്ലെന്നാണ് അങ്കൂർലത പറഞ്ഞത്. ടാൻസാനിയൻ പാർലമെന്റിലേത് പോലെ മുലയൂട്ടുന്ന അമ്മമാർക്ക് നിയമസഭാ മന്ദിരത്തിൽ പ്രത്യേക മുറി അനുവദിച്ചാൽ ചർച്ചകളിലും നിയമസഭ സമ്മേളനത്തിലും പങ്കെടുക്കുന്നതിന് തടസമുണ്ടാകില്ലെന്നാണ് ദേഖ പറയുന്നത്. ഉദ്യോഗസ്ഥരായ വനിതകൾക്ക് ആറു മാസം പ്രസവാവധി നൽകുന്നുണ്ട്. എന്നാൽ, വനിതാ എംഎൽഎമാർക്കോ, എംപിമാർക്കോ ഈ ആനുകൂല്യമില്ല. നിയമസഭയിൽ മാത്രമല്ല, എല്ലാ ഓഫീസുകളിലും ജോലി സ്ഥലങ്ങളിലും ഇത്തരമൊരു മുറി വേണമെന്നാണ് തന്റെ അഭിപ്രായമെന്നും ദേഖ വ്യക്തമാക്കി. ഇക്കാര്യം നിയമസഭാ സ്പീക്കറുമായി സംസാരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അങ്കൂർലത ദേഖ ഇത്തരമൊരു ആവശ്യത്തെക്കുറിച്ച് തന്നോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും, എന്നാൽ സാദ്ധ്യമാക്കാവുന്ന ഒരാവശ്യമാണ് അവർ ഉന്നയിച്ചതെന്നുമാണ് സ്പീക്കർ ഹിതേന്ദ്രനാഥ് ഗോസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.