ദര്‍ബാംഗ: കള്ളന്‍മാരെ പിടികൂടാനായി പൊലീസുകാര്‍ പല വഴികളും സ്വീകരിക്കും. എന്നാല്‍ ബിഹാറിലെ ഒരു വനിതാ പൊലീസ് ചെയ്തത് ഒരു അല്‍പ്പം വ്യത്യസ്ഥമായ വഴിയാണ്. മൊബൈല്‍ മോഷ്ടാവിനെ പിടികൂടാനായി ചുമതല ലഭിച്ച വനിതാ പൊലീസുകാരി മധുബാല വെറും നാല് ദിവസം കൊണ്ട് അനായാസം കള്ളനെ പിടിച്ചു. കഴിഞ്ഞ ജൂലായിലാണ് ദര്‍ബാംഗയിലെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ വിലപിടിപ്പുള്ള ഫോണ്‍ മോഷണം പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഇപ്പോഴും ഉപയോഗത്തിലാണെന്ന് മനസ്സിലായി. എന്നാല്‍ ഡല്‍ഹിയും മുംബൈയും അടക്കം പല സ്ഥലങ്ങളിലായി ഫോണ്‍ ലൊക്കേഷന്‍ മാറി കൊണ്ടിരിക്കുന്നതിനാല്‍ പ്രതിയെ പിടികൂടുക എന്നത്പ്രയാസമേറിയ കാര്യമായിരുന്നു. ഒടുവില്‍ കേസ് എഎസ്‌ഐ യായ മധുബാലയെ ഏല്‍പ്പിച്ചു. മധുബാല ഈ നമ്പറിലേക്ക് ഫോണ്‍ വിളിച്ച് ഒരു വീട്ടമ്മയെ പോലെ സംസാരിച്ചു. മൂന്ന് ദിവസങ്ങള്‍ കൊണ്ട് തന്നെ യുവാവ് മധുബാലയുടെ വലയിലായി. ഒരു കാമുകിയെ പോലെയായിരുന്നു മധുബാല യുവാവിനോട് സംസാരിച്ചത്. ഒടുവില്‍ നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും ഇതു പ്രകാരം നാലാം ദിവസം നഗരത്തിലെത്തിയ യുവാവിനെ പൊലീസ് വളഞ്ഞിട്ട് പിടിക്കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ താന്‍ മറ്റൊരാളുടെ കൈയ്യില്‍ നിന്നും 4500 രൂപയ്ക്ക് വാങ്ങിച്ചതാണെന്ന് യുവാവ് പറഞ്ഞു. ഇത് പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കളളന്‍ പിടിയിലായി.