മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും ദുഃഖിപ്പിക്കുന്നതമായ ദുരന്തങ്ങളും മരണങ്ങളുമെല്ലാം പ്രേക്ഷകര്‍ക്കായി വായിക്കേണ്ടി വരുന്നവരാണ് വാര്‍ത്താ അവതാരകര്‍. എന്നാല്‍ ഛത്തീസ്ഗഡിലെ വാര്‍ത്താ അവതാരികയ്ക്ക് സ്വന്തം ഭര്‍ത്താവിന്റെ തന്നെ മരണവാര്‍ത്ത ഓണ്‍ എയറില്‍ വായിക്കേണ്ടി വന്നു. ഛത്തീസ്ഗഡിലെ സ്വകാര്യ ചാനലായ ഐബിസി 24ന്റെ അവതാരക സുപ്രീത് കൗറിണിനാണ് ഈ ദുര്യോഗം ഉണ്ടായത്.
അപകടത്തില്‍ മണപ്പെട്ടയാള്‍ തന്റെ ഭര്‍ത്താവാണെന്നു തിരിച്ചറിഞ്ഞ അവതാരക ദുഃഖം അടക്കിപ്പിടിച്ച് പതറാതെ വായിച്ചു തീര്‍ത്തു. ശനിയാഴ്ച രാവിലെ 10 മണി വാര്‍ത്ത വായിക്കുമ്പോഴാണ് പെട്ടെന്ന് അപകട വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി വന്നത്. മഹസമുണ്ട് ജില്ലയിലെ പിത്താറയില്‍ ഡസ്റ്റര്‍ വാഹനം അപകടത്തില്‍പ്പെട്ടെന്നും വാഹനത്തിലുളള അഞ്ചു പേരില്‍ മൂന്നു പേര്‍ മരിച്ചെന്നും രണ്ടു പേരുടെ നില ഗുരുതരമെന്നുമായിരുന്നു വാര്‍ത്ത. ന്യൂസ് റിപ്പോര്‍ട്ടര്‍ വാര്‍ത്തയുടെ വിശദാംശങ്ങള്‍ നല്‍കിയതോടെ, മരിച്ചവരില്‍ ഒരാള്‍ തന്റെ ഭര്‍ത്താവാണെന്നു കൗര്‍ വേദനയോടെ തിരിച്ചറിയുകയായിരുന്നു.
ഭര്‍ത്താവ് ആ സമയം അതേ റൂട്ടില്‍ യാത്ര ചെയ്യുന്നുണ്ടെന്നും സുപ്രീതിന് അറിയാമായിരുന്നു. തത്സമയ സംപ്രേഷണമായതിനാല്‍ വാക്കുകള്‍ പതറാതെ മനോധൈര്യം വീണ്ടെടുത്തു വാര്‍ത്ത വായിച്ചു തീര്‍ത്തതിനു ശേഷമാണ് അവതാരക സ്റ്റുഡിയോയില്‍ നിന്നിറങ്ങിയത്. സ്റ്റുഡിയോയില്‍ നിന്നിറങ്ങിയ സുപ്രീത് പിന്നീട് പൊട്ടിക്കരഞ്ഞു. വീട്ടുകാരെ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചെന്നും സുപ്രീത് തിരിച്ചറിഞ്ഞു.
വാര്‍ത്ത വായിക്കാന്‍ നല്‍കുമ്പോള്‍ ന്യൂസ് റൂമിലുളളവര്‍ക്കു സംഭവം അറിയാമായിരുന്നുവെന്നും എന്നാല്‍ സുപ്രീതിനെ അറിയിച്ചില്ലെന്നും എഡിറ്റര്‍ പറഞ്ഞു. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഐബിസി 24 ചാനലിലെ മാധ്യമപ്രവര്‍ത്തകയാണ് സുപ്രീത് കൗര്‍. ഒരു വര്‍ഷം മുമ്പാണ് സുപ്രീത് ഹര്‍ഷദ് കവാഡെയെ വിവാഹം ചെയ്തത്