ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ മാറ്റി നല്‍കാത്തതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ യുവതിയുടെ തുണിയുരിഞ്ഞ് പ്രതിഷേധം. ഡല്‍ഹി ആര്‍ബിഐ റീജിയണല്‍ ഓഫീസിന് മുന്നിലായിരുന്നു യുവതിയുടെ പ്രതിഷേധം.
കൈക്കുഞ്ഞുമായി നോട്ട് മാറാനെത്തിയ ഇവരെ ഓഫീസിന് മുന്നില്‍ കാവല്‍ക്കാര്‍ തടഞ്ഞു. പണം മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവരെ ഓഫിസിനുള്ളിലേയ്ക്ക് കടക്കാന്‍ അനുവദിച്ചില്ല. പിന്മാറാന്‍ കൂട്ടാകാതിരുന്നതോടെ കാവല്‍ക്കാര്‍ യുവതിയെ ബലമായി പിടിച്ച് ഗേറ്റിന് പുറത്താക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് യുവതി തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്.
നിരവധിപ്പേര്‍ നോക്കി നില്‍ക്കേ ആയിരുന്നു യുവതി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയത്. തുടര്‍ന്ന് ആര്‍ബിഐ ഓഫീസിലെ സുരക്ഷാ ജീവനക്കാര്‍ അറിയിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് ഇവരെ അറസ്റ്റുചെയ്ത് നീക്കി.
അസാധു നോട്ടുകള്‍ ബാങ്കുകള്‍വഴി മാറ്റിവാങ്ങാനുള്ള സമയം ഡിസംബര്‍ 31 ന് അംവസാനിച്ചിരുന്നു. ഇതിന് ശേഷം ആര്‍.ബി.ഐയുടെ തിരഞ്ഞെടുക്കപ്പെട്ട റീജണല്‍ ഓഫീസുകള്‍ വഴി മാര്‍ച്ച് 31 വരെ അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അനുമതി നല്‍കിയിരുന്നു.