ശശീന്ദ്രനൊപ്പം ചടങ്ങില്‍ പങ്കെടുത്ത ഫോട്ടോ അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിച്ചു; മംഗളം സിഇഒയ്ക്കും എഡിറ്റര്‍ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിയ്ക്കും പെണ്‍കുട്ടിയുടെ പരാതി

കൊച്ചി: മന്ത്രി ശശീന്ദ്രന്റെ അശ്ലീല സംഭാഷണം സംപ്രേക്ഷണം ചെയ്തതിന് പുറമേ ശശീന്ദ്രനും ഒരു പെണ്‍കുട്ടിയുമൊത്തുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. ശശീന്ദ്രന്റെ സ്വഭാവം വൃത്തികെട്ടതാണെന്ന് തെളിയിക്കാനെന്ന വണ്ണമാണ് ഈ ഫോട്ടോ പ്രചരിക്കുന്നത്. ഇതിനായി ചിലരുപയോഗിക്കുന്നതോ, ഔദ്യോഗിക പരിപാടിക്കിടെയുള്ള ശശീന്ദ്രന്റെ ഒരു ചിത്രവും. ശശീന്ദ്രന്‍ നാട മുറിക്കാനുള്ള കത്രികയുമായി വന്ന പെണ്‍കുട്ടിയോട് ചിരിക്കുന്നതാണ് ചില കുബുദ്ധികള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചത്. ചിത്രം മംഗളം ചാനല്‍ സിഇഒ ആര്‍ അജിത്ത്കുമാറും, ഒരു ന്യൂസ് എഡിറ്ററുമുള്‍പ്പെടെ ആദ്യം തന്നെ പ്രചരിപ്പിച്ചിരുന്നെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം. ഇത് സംബന്ധിച്ച് ഇന്ന് മലപ്പുറം എസ്പിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശകമ്മീഷനും പെണ്‍കുട്ടി പരാതി നല്‍കും.

മലപ്പുറം അരിയല്ലൂര്‍ സ്വദേശിനിയാണ് പരാതിക്കാരി. 20 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി, കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിംഗിനാണ് പഠിക്കുന്നത്. രണ്ട് മാസം മുന്‍പ് സ്ഥാപനത്തിലെ ഒരു പരിപാടിയില്‍ ഉദ്ഘാടനത്തിന് വന്ന മന്ത്രിക്ക് നാടമുറിക്കാന്‍ താലത്തില്‍ താന്‍ കത്രിക കൊടുത്തിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രി അവരെനോക്കി ചിരിച്ചു. ഈ ചിത്രമാണ് അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്നത്. ഇങ്ങനെ ചിരിച്ചതില്‍ എന്താണ് പ്രശ്‌നമെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളരെ നിന്ദ്യമാണ് ഈ പ്രചരണമെന്ന് കുട്ടിയുടെ അയല്‍വാസിയും ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറിയുമായ ജിയേഷ് റിപ്പോര്‍ട്ടറോട് പറഞ്ഞു. ഈ ചിത്രം അശ്ലീലമായി ചിത്രീകരിച്ച് അവതരിപ്പിക്കുന്നതിനെതിരെ ഞായറാഴ്ച രാത്രി തന്നെ പരപ്പനങ്ങാടി പൊലീസില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പൊലീസ്, കേസ് സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് പരപ്പനങ്ങാടി എസ്‌ഐ ജിനേഷ് റിപ്പോര്‍ട്ടറോട് പറഞ്ഞു.

പരാതി നല്‍കിയതിന് ശേഷം ഇന്നലെയാണ്, ഇതേ ചിത്രം ദുരുദ്ദേശപരമായി മംഗളം ചാനലിലെ ചില മാധ്യമപ്രവര്‍ത്തകര്‍ നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഷാര്‍പ്പ് ഐ, ഇന്നത്തെ പരിപാടി തുടങ്ങിയ വാട്ട്‌സപ്പ് ഗ്രൂപ്പുകളില്‍ ചിത്രം ഷെയര്‍ ചെയ്തവരില്‍ ചാനല്‍ സിഇഒ ആര്‍ അജിത്ത്കുമാറും ഉള്‍പ്പെടും. ഇവിടെ നിന്നാണോ പ്രചരണങ്ങള്‍ക്ക് തുടക്കമായത് എന്ന സംശയവും വീട്ടുകാര്‍ മുന്നോട്ടുവെക്കുന്നു. ആദ്യം ചെയ്തതല്ലെങ്കിലും ഇത്തരത്തില്‍ ചിത്രം ഷെയര്‍ ചെയ്തത് കുറ്റകരമാണ്. ശശീന്ദ്രനെതിരെയുള്ള പ്രചരണത്തില്‍ തന്റെ ചിത്രമെന്തിന് ഉപയോഗിച്ചുവെന്നാണ് പെണ്‍കുട്ടി ചോദിക്കുന്നത്. ശശീന്ദ്രനുമായുള്ള വിവാദ ഫോണ്‍സംഭാഷണത്തിലെ പെണ്‍കുട്ടി, ചിത്രത്തിലെ കുട്ടിയാണെന്ന് വരെ പ്രചരണങ്ങളുണ്ടായിരുന്നു. ഇതിനാല്‍ ചാനല്‍ മേധാവിക്കെതിരെയുള്‍പ്പെടെ മലപ്പുറം എസ്പിക്കും, മുഖ്യമന്ത്രിക്കും, മനുഷ്യാവകാശകമ്മീഷനും, വനിതാ കമ്മീഷനും ഇന്ന് പെണ്‍കുട്ടി പരാതി നല്‍കും.

തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള വാട്ട്‌സപ്പ് ഗ്രൂപ്പിലാണ് ചാനല്‍ സിഇഒ ഉള്‍പ്പെടെയുള്ളവര്‍ ചിത്രം ഷെയര്‍ ചെയ്തത്. നിരവധിയാളുകള്‍ അവിടെവെച്ച് തന്നെ ഇക്കാര്യത്തെ ചോദ്യം ചെയ്തിരുന്നു. വാര്‍ത്ത ശരിയെന്ന് സ്ഥാപിക്കാനുള്ള തിരക്കില്‍, ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടാമോ എന്ന് ചോദിക്കുകയാണ് ഒരു നാട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചിത്രം പ്രചരിപ്പിക്കപ്പെട്ടുകഴിഞ്ഞു. മന്ത്രി സ്ത്രീലമ്പടനാണെന്ന് സ്ഥാപിക്കാന്‍ തന്റെ ജീവിതമെന്തിന് നിഴലില്‍ നിര്‍ത്തുന്നുവെന്നാണ് ഈ 20കാരി ചോദിക്കുന്നത്. നീതി ലഭിക്കുംവരെ പോരാടാന്‍ തന്നെയാണ് ഇപ്പോളവരുടെ തീരുമാനം.

Top