തിരുവല്ല: ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ സുഹൃത്തുമായി നാടുനീളെ കറങ്ങി നടന്ന് തട്ടിപ്പ് പതിവാക്കിയ യുവതി അറ്സറ്റില്‍. ഓട്ടോറിക്ഷയില്‍ കറങ്ങി ചെറുകിടക്കച്ചവടക്കാരുടെ കടയില്‍ കയറി സാധനങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കാതെ മുങ്ങുന്നത് പതിവാക്കിയ യുവതിയാണ് അറസ്റ്റിലായത്. യുവതിയുടെ സുഹൃത്തും പിടിയിലായി. സമാനമായ വിധത്തില്‍ തട്ടിപ്പു നടത്താന്‍ ഒരുങ്ങവേ നാട്ടുകാര്‍ തടഞ്ഞുവച്ച് ഇവരെ പൊലീസില്‍ ഏല്‍പ്പിക്കുകയാണ്.
അടൂര്‍ മണക്കാല നെല്ലിമുകള്‍ കിഴക്കേക്കര പുത്തന്‍വീട്ടില്‍ ഷാലി(37), കൊല്ലം വടക്കേവിള അയത്തില്‍ പ്രകാശ് (ആശാന്റഴികം ബൈജു – 39) എന്നിവരാണ് പിടിയിലായത്. ഓച്ചിറ ചങ്ങംകുളങ്ങര ധനീഷ് നിവാസില്‍ വാടകയ്ക്ക് താമസിക്കുകയാണ് പ്രകാശ്. തന്റെ വിദേശത്തുള്ള ഭര്‍ത്താവിന്റെ സുഹൃത്താണ് പ്രകാശെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.
ചെറുകിട വ്യാപാരികളും ലോട്ടറിക്കച്ചവടക്കാരുമാണ് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. പൊലീസിന് ലഭിച്ച അഞ്ചു പരാതികളിന്മേല്‍ അന്വേഷണം നടത്തുന്നതിനിടെ തമിഴ്നാട് സ്വദേശിനി ലക്ഷ്മി എന്ന ലോട്ടറി വില്‍പ്പനക്കാരി നല്‍കിയ ഓട്ടോറിക്ഷയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍(കെ.എല്‍-2 എ.ക്യു 2423)ആണു പിടിവള്ളിയായത്. ലക്ഷ്മിയും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
കടകളില്‍ ഉച്ചയ്ക്കും വൈകുന്നേരവും കയറി സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളയുക, രണ്ടായിരത്തിന്റെ നോട്ട് കാട്ടി ലോട്ടറി വാങ്ങിയശേഷം പണം നല്‍കാതെ ഓട്ടോയില്‍ രക്ഷപ്പെടുക എന്നിവയാണ് സംഘത്തിന്റെ തട്ടിപ്പ് രീതി. എസ്.ഐ: ബി. വിനോദ് കുമാര്‍, ട്രാഫിക് എസ്.ഐ: സി. ദിനേശ് കുമാര്‍, സി.പി.ഒമാരായ അഖിലേഷ്, ജോജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.