മെഡിക്കല്‍ ഷോപ്പില്‍ ചെന്നിട്ട് മൂഡ്‌സ് പ്ലീസ് എന്ന് ഒരു സ്ത്രീ പറയുന്നത് സങ്കല്‍പിക്കാന്‍ കഴിയുമായിരുന്നോ ഈ അടുത്തകാലം വരെ. എന്നാല്‍ കോണ്ടം വാങ്ങാന്‍ ചെല്ലുന്ന സ്ത്രീയെ കണ്ടാല്‍ അവള്‍ കാര്യപ്രാപ്തിയുള്ളവള്‍ എന്ന് അഭിനന്ദിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അമേരിക്കയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.
ഉപ്പു തൊട്ടു കര്‍പ്പൂരം വരെയും ഉള്‍വസ്ത്രം മുതല്‍ വാഷിങ് മെഷീന്‍ വരെയും സ്വന്തമായി വാങ്ങാന്‍ കെല്‍പുള്ള സ്ത്രീകള്‍ ഒരേയൊരു കാര്യത്തിലേ പിന്നില്‍ നില്‍ക്കുന്നുള്ളു. കോണ്ടം വാങ്ങുന്ന കാര്യത്തില്‍. മെഡിക്കല്‍ ഷോപ്പുകളില്‍ ആവശ്യത്തിനു സ്ത്രീ ജീവനക്കാര്‍ ഉണ്ടെങ്കില്‍ കൂടിയും സ്ത്രീകള്‍ ആ ജോലി പുരുഷനു കൊടുക്കും. പാവം പുരുഷന്മാര്‍ മെഡിക്കല്‍ ഷോപ്പിലെ കൊച്ചു പെമ്പിള്ളേരുടെ അടുത്തു ചെന്നു പറയേണ്ടി വരുന്നു-”മൂഡ്‌സ് പ്ലീസ്. എന്നാല്‍ പിന്നെ സ്ത്രീകള്‍ തന്നെ ആ ജോലിയും ചെയ്തുകൂടെ. പക്ഷേ കാണുന്നവര്‍ എന്തു വിചാരിക്കും എന്നല്ലേ ചിന്ത.
സത്യത്തില്‍ ഒരു സ്ത്രീ കോണ്ടം വാങ്ങുന്നതു കണ്ടാല്‍ ആളുകള്‍ എന്തു വിചാരിക്കും. ഒന്നും വിചാരിക്കില്ല എന്നാണു സര്‍വേയില്‍ പറയുന്നത്. അഥവാ വിചാരിച്ചാല്‍ തന്നെ മിടുക്കി, കാര്യപ്രാപ്തിയുള്ളവള്‍, സ്മാര്‍ട് എന്നൊക്കെയേ വിചാരിക്കൂ. സാനിറ്ററി നാപ്കിന്‍ ആദ്യം മാര്‍ക്കറ്റില്‍ എത്തിയ സമയത്ത് അതു വാങ്ങാന്‍ സ്ത്രീകള്‍ക്ക് എന്തൊരു ചമ്മലായിരുന്നു. ഇപ്പോള്‍ വിങ്‌സ് ഉണ്ടോ, എക്‌സ്ട്രാ ലാര്‍ജ് ആണോ എന്നൊക്കെ തിരിച്ചും മറിച്ചും നോക്കി സാധനം വാങ്ങുന്നില്ല. ഇതും അത്രയൊക്കെയേ ഉള്ളൂ. സേഫ് സെക്‌സ് വേണമെങ്കില്‍ മടിച്ചു നിന്നിട്ടു കാര്യമില്ല. സ്വന്തം കാര്യം നോക്കിക്കോണം. പിന്നെ കുഴപ്പമായിക്കഴിഞ്ഞ് വേറെ വഴി ആലോചിച്ചു നടക്കേണ്ടല്ലോ.
ചായ കുടിക്കും പോലെ കൂളായി സെക്‌സില്‍ ഏര്‍പ്പെടുന്ന അമേരിക്കയില്‍ എത്ര ശതമാനം സ്ത്രീകള്‍ കോണ്ടം വാങ്ങാന്‍ പോകാറുണ്ട്? സര്‍വേ അനുസരിച്ച് മൂന്നില്‍ രണ്ടു ശതമാനം കോണ്ടം വാങ്ങല്‍ നടത്തുന്നതും ഇപ്പോഴും പുരുഷന്മാര്‍ തന്നെ. 65 ശതമാനം സ്ത്രീകളും ഇതുവരെ കോണ്‍ഡം വാങ്ങിയിട്ടില്ല. മൂന്നു ശതമാനം സ്ത്രീകള്‍ കോണ്ടം ബാഗില്‍ എപ്പോഴും കൊണ്ടു നടക്കുന്നതായും പറയുന്നു. ഇനി ഈ ശതമാനക്കണക്കൊക്കെ കൂടും. സ്ത്രീകള്‍ നേരിട്ടു പോയി കോണ്ടം വാങ്ങും. കാരണം അവളെ അതുപറഞ്ഞു കളിയാക്കാന്‍ ആരും ഉണ്ടാവില്ലെന്നല്ലേ പഠനഫലം.