ന്യൂഡല്‍ഹി: ജോലി സ്ഥലത്തു സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് സഹപ്രവര്‍ത്തകരില്‍നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍. മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നടക്കം ഉണ്ടാകാറുള്ള ഇത്തരം ഞെരമ്പു രോഗങ്ങള്‍ പല കാരണങ്ങള്‍ക്കൊണ്ടും കണ്ണടച്ചു സഹിക്കുകയാണ് സ്ത്രീകള്‍ പൊതുവേ ചെയ്തുവരാറുള്ളത്. ജോലി സ്ഥലത്തു പ്രശ്നങ്ങളുണ്ടാകാതെ സ്ത്രീകള്‍ക്കു പരാതി നല്കാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കാന്‍ പോകുന്നു.
ജോലി സ്ഥലത്ത് സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാത്രിക്രമങ്ങള്‍ക്കെതിരെ ഓണ്‍ലൈനായി പരാതി രേഖപ്പെടുത്താനുള്ള സൗകര്യമാണ് വരാന്‍പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കാണ് സേവനം ലഭ്യമാകുക. പരാതികള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള ഇ-പ്ലാറ്റ്ഫോം വനിതാശിശുക്ഷേമ വകുപ്പ് ഈ മാസം ആരംഭിക്കും.
ജോലിസ്ഥലത്ത് സത്രീകള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പദ്ധതികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്ന് വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി പറഞ്ഞു. പരാതികള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള സൗകര്യം സ്ത്രീകള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തൊഴിലിടത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പൊതുവായ ശുചിമുറികള്‍ ഉള്ള സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ പരാതികള്‍ വരാറുണ്ട്. ജോലി സ്ഥലത്ത് ഇത്തരം സാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
30.87 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍. 2011ലെ സെന്‍സസ് പ്രകാരം ഇതില്‍ 10.93 ശതമാനം വനിതാ ജീവനക്കാരാണ്.