ഗുരുവായൂര്‍: ഗുരുവായൂരില്‍ മലയാളിയെ വിവാഹം ചെയ്ത് താമസിക്കുകയായിരുന്ന റുമാനിയന്‍ സ്വദേശിനിയായ യുവതി ഫ്‌ളാറ്റില്‍ നിന്നു ചാടി മരിച്ചു. ഗുരുവായൂര്‍ മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപമാണ് സംഭവം. റുമാനിയന്‍ സ്വദേശിനിയായ റോബര്‍ട്ടീനയാണ് മരിച്ചത്. 42 വയസ്സായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് മാണിക്കത്ത്പടി സ്വദേശി ഹരിഹരനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ഗുരുവായൂര്‍ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
അഞ്ച് മാസം മുന്‍പ് കൂര്‍ക്കഞ്ചേരി ക്ഷേത്രത്തില്‍വെച്ചാണ് ഇവര്‍ വിവാഹിതരായത്. ഇന്നലെ ഹരിഹരന്റെ മാണിക്യത്തുപടിയിലുള്ള വീട്ടില്‍ പണികഴിഞ്ഞ് ജോലിക്കാര്‍ക്ക് സല്‍ക്കാരം നല്‍കിയിരുന്നു. ഇത് കഴിഞ്ഞ് ഏറെ വൈകിയാണ് ഇരുവരും ഫ്‌ളാറ്റിലെത്തി കിടന്നത്. പുലര്‍ച്ചെ മൂന്നോടെ പോലീസ് വന്ന് വാതിലില്‍ തട്ടിയപ്പോഴാണ് റോബര്‍ട്ടീന മരിച്ച വിവരം അറിയുന്നതെന്ന് ഹരിഹരന്‍ പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. തലച്ചോറ് ചിന്നിചിതറിയ നിലയിലായിരുന്നു. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് അസിസ്റ്റന്‍ും സ്ഥലത്തെത്തി പരിശോധന നടത്തി. ചാവക്കാട് തഹസില്‍ദാര്‍ എം.ബി ഗിരീഷിന്റെ സാന്നിദ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ഗുരുവായൂര്‍ എ.സി.പി -പി.എ ശിവദാസന്‍, ടെമ്പിള്‍ സി.ഐ -എന്‍ രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി ഹരിഹരനെയും ഫല്‍റ്റിലുള്ളവരെയും ചോദ്യം ചെയ്തു. പോലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
അമ്മയ്ക്ക് അടുത്തയിടെ കാന്‍സര്‍ രോഗം തിരിച്ചറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു റോബര്‍ട്ടീനയെന്ന് ഹരിഹരന്‍ പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യയിലെത്തിയ റോബര്‍ട്ടീന ഒന്നര വര്‍ഷം മുന്‍പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും ഹരിഹരന്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും പരിചയത്തിലാകുന്നത്. സുഗന്ധദ്രവ്യങ്ങള്‍ കയറ്റുമതി നടത്തുന്നതില്‍ പങ്കാളികളായിരുന്നു.