ഡെര്‍ബി: മിഥാലി രാജിന്റെ സെഞ്ചുറിയുടെയും വേദ കൃഷ്ണമൂര്‍ത്തിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെയും മികവില്‍ വനിതാ ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പതോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി.
21 റണ്‍സിന് ഓപ്പണര്‍മാര്‍ രണ്ടുപേരെയും നഷ്ടപ്പെട്ട ഇന്ത്യയെ മിഥാലി രാജും ഹര്‍മന്‍പ്രീത് കൗറും വേദ കൃഷ്ണമൂര്‍ത്തിയും ചേര്‍ന്നാണ് പ്രതിരോധിച്ചുനോക്കാവുന്ന സ്‌കോറിലെത്തിച്ചത്. 123 പന്തില്‍ നിന്ന് 11 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് മിഥാലി രാജ് ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി നേടിയത്. മിഥാലിയുടെ കരിയറിലെ ആറാമത്തെ ഏകദിന സെഞ്ചുറിയാണിത്.
90 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗര്‍ മിഥാലിക്ക് പിന്തുണ നല്‍കി. 45 പന്തില്‍ നിന്ന് രണ്ട് സിക്സറും ഏഴ് ബൗണ്ടറിയും അടക്കം 70 റണ്‍സെടുത്ത വേദയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയെ 265 റണ്‍സിലെത്തിച്ചത്.
അവസാന ഓവറിലെ അവസാന നാല് പന്തില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. കാസ്പെരക് എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ മിഥാലി രാജിനെ സാറ്റേത്വെയ്റ്റ് പിടിച്ചപ്പോള്‍ അഞ്ചാം പന്തില്‍ വേദ കൃഷ്ണമൂര്‍ത്തി റണ്ണൗട്ടായി. അവസാന പന്തില്‍ ശിഖ പാണ്ഡെയും റണ്ണൊന്നുമെടുക്കാതെ പുറത്തായി. കാസ്പെരെക് മൂന്ന് വിക്കറ്റും റോവെ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഈ മത്സരം ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് സെമിഫൈനല്‍ പ്രവേശനം സാധ്യമാകൂ.