കടം വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാന്‍ മോഷണക്കഥ മെനഞ്ഞ വീട്ടമ്മകുടുങ്ങി; പൂജാമുറിയില്‍ ഒളിപ്പിച്ച ലക്ഷങ്ങള്‍ പോലീസ് കണ്ടെടുത്തു

പത്തനംതിട്ട: കടം കൊടുക്കാനുള്ള പണം നല്‍കാതിരിക്കാന്‍ മോഷണകഥമെനഞ്ഞ വീട്ടമ്മ ഒടുവില്‍ കുടുങ്ങി. പോലീസിന് തലവേദന സൃഷ്ടിച്ച മോഷണകേസിന്റെ അന്വേഷണ ക്ലൈമാക്‌സിലാണ് പരാതിക്കാരിയുടെ നാടകം പോലീസ് പൊളിച്ചടുക്കിയത്.

ബാങ്കില്‍നിന്നും വായ്പയിനത്തില്‍ കിട്ടിയ പണവുമായി വരുമ്പോള്‍ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചവര്‍ തള്ളി വീഴ്ത്തി 9.65 ലക്ഷം രൂപ അപഹരിച്ചുവെന്ന വീട്ടമ്മയുടെ പരാതിയാണ് വ്യാജമാണെന്ന് ഒറ്റദിവസം കൊണ്ട് പൊലീസ് തെളിയിച്ചത്. വെട്ടിപ്രം മോടിപ്പടിയില്‍ താമസിക്കുന്ന സുശീലയാണ് തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ഡോക്ടേഴ്സ് ലേനില്‍ വച്ച് താന്‍ കൊള്ളയടിക്കപ്പെട്ടതായി പൊലീസില്‍ പരാതിപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വായ്പ കിട്ടിയ പണത്തില്‍ ആറു ലക്ഷം രൂപ ഇവര്‍ യൂണിയന്‍, യൂക്കോ, സൗത്ത് ഇന്ത്യന്‍ തുടങ്ങി വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചു. അവശേഷിച്ച 3.60 ലക്ഷംരൂപ വീട്ടില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പണം വീട്ടില്‍ തന്നെ ഉണ്ടാകുമെന്ന് ഉറപ്പിച്ച സിഐ ഇന്നലെ വൈകിട്ട് അഞ്ചു മണി മുതല്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ പൂജാമുറിയില്‍ കത്തിച്ചു വച്ച നിലവിളക്ക് രാത്രി എട്ടുമണിയായിട്ടും അണയ്ക്കാന്‍ ഇവര്‍ തയാറായില്ല. ഇത് എന്താണ് അണയ്ക്കാത്തത് എന്ന സിഐയുടെ ചോദ്യത്തിന് മുന്നില്‍ ഇവര്‍ ഉരുണ്ടു കളിച്ചു. സംശയം തോന്നിയ സിഐ ഇവരെക്കൊണ്ട് തന്നെ വിളക്ക് അണപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് വിളക്ക് വച്ചിരുന്ന പീഠത്തിന് അടിയില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടത്. മോഷണം പോയെന്ന് പറഞ്ഞ ബാഗും കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച മറ്റൊരാള്‍ക്ക് 10 ലക്ഷം രൂപ നല്‍കാമെന്ന് ഇവര്‍ ഏറ്റിരുന്നു. കടം വാങ്ങിയ പണമാണ് തിരികെ നല്‍കാമെന്ന് ഏറ്റിരുന്നത്. ഇതു കൊടുക്കാതിരിക്കാന്‍ വേണ്ടിയാണ് മോഷണ നാടകം മെനഞ്ഞത്.

സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവര്‍ പരാതിപ്പെട്ടതെന്നതും ബാങ്കിന്റെ സിസി.ടിവി ക്യാമറയില്‍ 15 മിനുട്ടു നേരം ഇവര്‍ അപ്രത്യക്ഷമായതും മനസിലാക്കിയ പൊലീസിന് ദുരൂഹത മണത്തു. പണം ഇവര്‍ തന്നെ മാറ്റിയ ശേഷം പരാതി നല്‍കിയതാകാനുള്ള സാധ്യതയാണ് പൊലീസ് അന്വേഷിച്ചത്. സിഐഎ.എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പണം ഇവര്‍ തന്നെ മാറ്റിയ ശേഷം നാടകം കളിക്കുകയായിരുന്നുവെന്ന് വ്യക്തമായത്.

സംഭവത്തെക്കുറിച്ച് ഇവര്‍ പൊലീസിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു:
പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ആവശ്യത്തിനായി കോളജ് റോഡില്‍ ജില്ലാ സ്റ്റേഡിയത്തിന് സമീപമുള്ള സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പാ ഗഡുവായ 9.65 ലക്ഷം രൂപ എടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ഡോക്ടേഴ്സ് ലേയ്നില്‍ വിജിലന്‍സ് ഓഫീസിന് മുന്നില്‍ റബര്‍ തോട്ടത്തിന് സമീപം വച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പുറകില്‍ നിന്ന് തള്ളി വീഴ്ത്തിയ ശേഷം കൈയിലുണ്ടായിരുന്ന പണം അടങ്ങിയ ഹാന്‍ഡ് ബാഗ് പിടിച്ചു പറിച്ചു. അപ്പോള്‍ ബഹളം വയ്ക്കുകയോ നിലവിളിച്ച് ആളെ കൂട്ടുകയോ ചെയ്യാതിരുന്ന ഇവര്‍ ജനറല്‍ ആശുപത്രിക്ക് സമീപം ചെന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് വീട്ടിലേക്ക് പോയി. അയല്‍വീട്ടിലെത്തി കപ്പയും മീന്‍കറിയും കഴിച്ച ശേഷം സ്വന്തം വീട്ടിലെത്തി. എന്നിട്ട് ഉച്ചയ്ക്ക് ഒരു മണിയോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി ലഭിച്ചപ്പോള്‍ തന്നെ സിഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇവരെയും കൂട്ടി ബാങ്കിലെത്തി. സുശീല പണം പിന്‍വലിച്ചത് സത്യമാണെന്ന് മനസിലായി. തുടര്‍ന്ന് സിസി.ടിവി ക്യാമറ പരിശോധിച്ചപ്പോള്‍ ഇവര്‍ ബാങ്കില്‍ നിന്നിറങ്ങി കോളജ് റോഡിലൂടെ സെന്‍ട്രല്‍ ജങ്ഷനിലേക്ക് നടന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് 15 മിനുട്ടിന് ശേഷം ഇവര്‍ വന്ന വഴി തന്നെ മടങ്ങിയെത്തി ഡോക്ടേഴ്സ് ലേയ്ന്‍ ഭാഗത്തേക്ക് പോകുന്നതും ക്യാമറയിലുണ്ടായിരുന്നു. ഈ വിവരം ചോദിപ്പോള്‍ സുശീല പറഞ്ഞത് താന്‍ ആദ്യം സെന്‍ട്രല്‍ ജങ്ഷനിലേക്ക് നടന്നു പോവുകയായിരുന്നുവെന്നും കടുത്ത വെയിലായതിനാല്‍ ഡോക്ടേഴ്സ് ലേയിനിലൂടെ നടന്നു ചെന്ന് ഓട്ടോറിക്ഷ പിടിച്ച് വീട്ടില്‍ പോവുകയായിരുന്നു ലക്ഷ്യമെന്നുമായിരുന്നു.

ഈ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുത്തില്ല. പകരം, സെന്‍ട്രല്‍ ജങ്ഷനിലേക്കുള്ള റോഡിന്റെ വശങ്ങളിലുള്ള ബാങ്കുകളില്‍ അന്വേഷണം നടത്തുകയാണ് ചെയ്ത്. അങ്ങനെയാണ് യൂണിയന്‍ ബാങ്ക് ശാഖയില്‍ ഇവര്‍ക്കുള്ള അക്കൗണ്ടില്‍ പണം മോഷ്ടിക്കപ്പെട്ടുവെന്ന് പറയുന്ന സമയത്ത് ഇവര്‍ 2.50 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയത്. മാത്രവുമല്ല, കൊള്ളയടി നടന്നതായി പറയുന്ന ഡോക്ടേഴ്സ് ലെയ്ന്‍ തിരക്കേറെയുള്ള സ്ഥലമാണ്. ഇതിനോട് ചേര്‍ന്ന് തന്നെ വിജിലന്‍സ് ഓഫീസ് അടക്കം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സുശീല പറയുന്ന സമയത്ത് ഇവിടെ ഒരു പിടിവലി നടന്നതായി ആരും സാക്ഷികളില്ല. മാത്രവുമല്ല, ഹെല്‍മറ്റ് ധരിച്ച് ഈ സമയത്തൊന്നും ബൈക്കില്‍ രണ്ടു പേര്‍ ഈ വഴി വന്നിട്ടുമില്ലെന്ന് സമീപത്തെ കടകളിലെ സിസി.ടിവി ക്യാമറ പരിശോധിച്ചതിലൂടെ പൊലീസ് മനസിലാക്കി.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ പണം താന്‍ തന്നെ മാറ്റിയതാണെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് ഗുജറാത്തില്‍ ജോലി ചെയ്യുകയാണ്. മകന്‍ എന്‍ജിനീയറിങ്ങിനും പഠിക്കുന്നു. ഒരു പാട് സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ പെട്ടെന്നുണ്ടായ തോന്നലിലാണ് ഈ നാടകം കളിച്ചതെന്നാണ് സുശീല പൊലീസിനോട് പറഞ്ഞത്. നേരത്തേ ഇവര്‍ നടത്തിയ ഒരു പാട് ബിസിനസുകള്‍ പൊളിഞ്ഞു പോയിട്ടുണ്ട്. റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ജീവനക്കാരിയായിരുന്നപ്പോള്‍ സാമ്പത്തിക തിരിമറിക്ക് പിരിച്ചു വിട്ടിരുന്നു.

ഷെയര്‍മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചതും ബാധ്യതയ്ക്ക് കാരണമായി.
കടം വാങ്ങിയവരില്‍ നിന്നും രക്ഷപ്പെടുന്നതിനാണ് ഈ തന്ത്രം പ്രയോഗിച്ചത്. വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടത്തിയതിനാലാണ് കൊള്ളയടിനാടകം പാളിപ്പോയത്. ഒരു പാട് ബാങ്കുകളില്‍ കടമുള്ളതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തിയതോടെ പൊലീസിന് ഒഴിവായത് വലിയ തലവേദനയാണ്. പട്ടാപ്പകല്‍ നടന്ന കൊള്ളയടി പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. ഈ വിവരം പുറത്തു പറഞ്ഞാല്‍ താന്‍ ജീവനൊടുക്കുമെന്ന് ഇവര്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസിന് വ്യാജപരാതി നല്‍കിയതിനും കബളിപ്പിച്ചതിനും കേസ് എടുത്തിട്ടുണ്ട്.

Top