കൊച്ചി: ആലുവയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ എടയപ്പുറം സ്വദേശി മോഫിയ പർവീൺ (23) ആണ് ജീവനൊടുക്കിയത്. ഗാർഹിക പീഡനത്തിനിരയായെന്നു പരാതി നൽകിയതിനു പിറ്റേദിവസമാണ് യുവതി ആത്മഹത്യ ചെയ്തിരിക്കുന്നത്. മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവ്, അയാളുടെ മാതാപിതാക്കൾ, സർക്കിൾ ഇൻസ്പെക്ടർ എന്നിവർക്കെതിരെ പരാമർശമുണ്ട്.
തൊടുപുഴയിൽ സ്വകാര്യ കോളജിൽ എൽഎൽബി വിദ്യാർഥിയായ മോഫിയ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്. ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുന്നെന്നു മോഫിയ നൽകിയ പരാതിയിൽ ആലുവ പൊലീസ് ഇന്നലെ ഇവരെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു.
സംസാരത്തിനിടെ വാക്കുതർക്കമുണ്ടായതെത്തുടർന്ന് ക്ഷുഭിതയായ മോഫിയ ഭർത്താവിന്റെ മുഖത്തടിച്ചെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.