സ്ത്രീകള്‍ എന്ത് കൊണ്ട് പോലീസില്‍ പരാതി നല്‍കുന്നില്ല; സ്വന്തം അനുഭവം വിവരിച്ച മാധ്യമ പ്രവര്‍ത്തകയുടെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: സിപിഎം കൗണ്‍സിലറും സുഹൃത്തുക്കളും ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് പീഡനം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ട് ഒരു പെണ്‍കുട്ടി വെളിപ്പെടുത്തുമ്പോള്‍ പ്രധാന പ്രതികള്‍ പോലീസാണ്. ക്രൂരമായ പീഡനത്തിനിരയായി പരാതിയുമായി പോലീസിന് മുന്പാകെ എത്തിയപ്പോള്‍ ക്രൂരമായ മാനസിക പീഡനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

ചോദ്യം ചെയ്യലെന്ന പേരില്‍ പോലീസിന്റെ പീഡനം സഹിക്കാന്‍ പറ്റാതായപ്പോള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ആ പെണ്‍കുട്ടി കേസ് പിന്‍വലിച്ചു. തൃശൂരിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ വലിയ കോളിളക്കം സൃഷ്ടിക്കുമ്പോള്‍ വില്ലന്‍മാര്‍ പോലീസാണ്. ഈ അവസരത്തില്‍ അടുത്തിടെ വഞ്ചിയൂരില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെതിരെ പോലീസില്‍ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളെ കയ്യേറ്റം ചെയ്തതിനും സ്ത്രീത്വത്തെ അപമാനിച്ചതിനമെതിരെ വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയപ്പോള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം വിശദീകരിച്ച് മനോരമ ന്യൂസിലെ ജസ്റ്റിന തോമസാണ് ഫേസ്ബുക്കില്‍ പോലീസിനെ വിമര്‍ശിച്ച് പോസ്റ്റിട്ടിരിക്കുന്നത്. കേസുമായി പോയാല്‍ ബുദ്ധിമുട്ടാകും പെണ്ണല്ലേ എന്നാണ് വഞ്ചിയൂര്‍ എസ്ഐ ചോദിച്ചതെന്ന് ജസ്റ്റിന പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസിലെ സിപി അജിതയും ജസ്റ്റിനയും പോലീസില്‍ പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും ഇതുവരെ യാതൊരു നടപടിയുമെടുത്തിട്ടില്ല. ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി പ്രതികളായ അഭിഭാഷകരെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കേരളത്തിലെ ഏറ്റവും വലിയ രണ്ടു മാധ്യമ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ പിന്തുണയുമായി നീതി തേടിയ ഞങ്ങളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ നമ്മുടെ നാട്ടിലെ ഒരു സാധാരണ സ്ത്രീക്ക് . എവിടെ നീതി കിട്ടും? എത്ര അപമാനിതരായാലും സ്ത്രീകള്‍ പരാതി നല്കാത്തത് കൊടുത്ത പരാതി പിന്‍വലിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുത്തരം ഇന്നെനിക്കറിയാമെന്ന് ജസ്റ്റിന പറയുന്നു.

ജസ്റ്റിന തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഒരു സ്ത്രീ നീതി തേടുമ്പോള്‍ സംഭവിക്കുന്നത്, ഒക്ടോബര്‍ 14നാണ് ഞാനും അജിതേച്ചിയും വഞ്ചിയൂര്‍ കോടതിയില്‍ വക്കീലന്മാരുടെ പേക്കൂത്തിന് ഇരകളായത്. അന്നു തന്നെ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. രണ്ടാം ദിവസം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വക്കീലന്മാരുടെ മര്‍ദ്ദനമേറ്റ പ്രഭാതേട്ടന്റെ പരാതിയില്‍ സാക്ഷിമൊഴി യെടുക്കാന്‍ വഞ്ചിയൂര്‍ പൊലീസ് മനോരമ ഓഫീസിലെത്തി. വെറും സാക്ഷികളല്ല ഞങ്ങള്‍ക്ക് പരാതിയുണ്ട്. അതില്‍ കേസെടുക്കണമെന്ന് ഞാനും എനിക്കൊപ്പമുണ്ടായിരുന്ന ശ്രീദേവി ചേച്ചിയും ആവശ്യമുന്നയിച്ചു. ‘പെണ്‍കുട്ടിയല്ലേ കേസുമായി മുന്നോട്ടു പോയാല്‍ ഭാവിയില്‍ ബുദ്ധിമുട്ടാകും അതുകൊണ്ട് സാക്ഷിയായാല്‍ മതി’ യെന്നായിരുന്നു എസ്ഐയുടെ ഉപദേശം.

ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കേസ് എടുക്കാന്‍ തയാറായില്ല. പകരം പരാതി നല്കിയാലുള്ള ‘ദുരന്തങ്ങള്‍ ‘ വിവരിച്ചുകൊണ്ടേയിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ അഞ്ചാം ദിവസം ദുര്‍ബ്ബലമായ വകുപ്പുകളില്‍ കേസെടുത്തു. പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യം നേടി. പിന്നെയാണ് രസം അഞ്ചാം ദിവസം വക്കീലന്മാര്‍ ഞങ്ങള്‍ക്കെതിരെ നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. തണ്ടും തടിയുമുള്ള വക്കീലന്മാരെ നൂറു കണക്കിന് വക്കീലന്മാര്‍ നോക്കി നില്ക്കെ ഞങ്ങള്‍ വെറും നാലു മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി.

പെണ്ണാണ് പണിയാകുമേ എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ക്കിടെയിലും നീതി തേടി ഞങ്ങള്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,പൊലീസ്, മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍ കാണാവുന്നവരെയെല്ലാം കണ്ടു. 21 ന് പരാതിയുമായെത്തിയ ഞങ്ങളോട് മൂന്നാം തീയതി നോക്കാമെന്ന വനിതാ കമ്മിഷന്‍ അംഗത്തിന്റെ മറുപടിയില്‍ ഞങ്ങള്‍ കോരിത്തരിച്ചു.വനിതാ കമ്മിഷനില്‍ വിവിധ പരാതികളുമായി കാത്തു നിന്നിരുന്ന പാവപ്പെട്ട സ്ത്രീകളെ സഹതാപത്തോടെ നോക്കി കമ്മിഷന്റെ പടിയിറങ്ങി.പോകുന്ന വഴിക്ക് നാടുനീളെ സ്ഥാപിച്ചിരിക്കുന്ന ഫല്‍ക്സ് ബോര്‍ഡുകളില്‍ മാധ്യമ ഗുണ്ടകള്‍ എന്ന തലക്കെട്ടിനൊപ്പം ഞങ്ങളുടെ കളര്‍ പടങ്ങള്‍ കണ്ട് പുളകിതരായി.
കേട്ടാലറയ്ക്കുന്ന തെറിക്കത്തുകളുടെ പ്രവാഹമായിരുന്നു പിന്നെ ഞങ്ങളിരുവരുടേയും ഓഫീസിലേയ്ക്ക്. മനോഹരമായ ആ കത്തുകള്‍ ഞങ്ങളുടെ കണ്ണില്‍പ്പെടാതെ ഒളിപ്പിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് സഹപ്രവര്‍ത്തകരിന്ന്. സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് സസന്തോഷം അറിയിക്കുന്നു. കേസു കൊടുത്തിട്ട് എന്തായി എന്ന പരിഹാസ ചോദ്യങ്ങളും പെണ്ണാണെന്ന വേണ്ടപ്പെട്ടവരുടെ പോലും ഓര്‍മ്മപ്പെടുത്തലുകളുമാണ് ബാക്കി….

കേരളത്തിലെ ഏറ്റവും വലിയ രണ്ടു മാധ്യമ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ പിന്തുണയുമായി നീതി തേടിയ ഞങ്ങളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ നമ്മുടെ നാട്ടിലെ ഒരു സാധാരണ സ്ത്രീക്ക് . എവിടെ നീതി കിട്ടുീ? എത്ര അപമാനിതരായാലും സ്ത്രീകള്‍ പരാതി നല്കാത്തത് കൊടുത്ത പരാതി പിന്‍വലിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുത്തരം ഇന്നെനിക്കറിയാം .

Top