ദോഹ: 2022ലെ ലോകകപ്പ് ഫുട്‌ബോളിനു പിന്നാലെ 2023ലെ ഫിന ലോക നീന്തൽ ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളാനുള്ള അവസരവും ഖത്തറിനു ലഭിച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന രാജ്യാന്തര നീന്തൽ ഫെഡറേഷൻ (ഫിന) സമ്മേളനത്തിലാണ് ദോഹയെ ചാമ്പ്യൻഷിപ് വേദിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പശ്ചിമേഷ്യയിൽ ഇതാദ്യമായാണ് ലോക നീന്തൽ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ചൈനീസ് നഗരമായ നാൻജിങ്ങിനെ പിന്തള്ളിയാണ് ഖത്തറിനെ തെരഞ്ഞെടുത്തത്.
രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിന്റെ 2021ലെ വേദിയായി ജപ്പാനിലെ ഫുക്കുവോക്ക തെരഞ്ഞെടുക്കപ്പെട്ടു. ഫിന പ്രസിഡന്റ് ജൂലിയോ മഗ്ലിയോണാണ് ഇരുവേദികളും പ്രഖ്യാപിച്ചത്. ഖത്തറിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള പ്രതിനിധികൾ ആഹഌദാരവങ്ങളോടെയാണ് പ്രഖ്യാപനത്തെ സ്വീകരിച്ചത്. മധ്യപൂർവ ദേശത്തെ ആദ്യവേദിയായി ഖത്തർ തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ ആഹഌദമുണ്ടെന്ന് ഖത്തർ ഒളിമ്പിക്‌സ് കമ്മിറ്റി സെക്രട്ടറി ജനറൽ ഡോ. താനി അബ്ദുറഹ്മാൻ അൽകുവാരി പറഞ്ഞു. അവിസ്മരണീയമായൊരു ചാമ്പ്യൻഷിപ്പായിരിക്കും കായിക ലോകത്തിന് ഖത്തർ സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാമ്പ്യൻഷിപ്പിന്റെ തീയതി സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും ഏപ്രിൽ, ആഗസ്റ്റ്, നവംബർ ഉൾപ്പടെ ഏതു മാസവും നടത്താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
2017ലെ വേദിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന മെക്‌സിക്കൻ സിറ്റി ഗൗദലജാറ പിന്മാറിയതിനെ തുടർന്നു ബുഡാപെസ്റ്റിനെ 2017ലെ വേദിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ ഗാഞ്ചുവാണ് 2019ലെ വേദി. ഇതോടെ ബുഡാപെസ്റ്റിന് ശേഷം തുടർച്ചയായ മൂന്ന് ചാമ്പ്യൻഷിപ്പിനും ഏഷ്യ തന്നെ വേദിയാകും.