സ്‌പോട്‌സ് ലേഖകൻ
റിയൊ ഡി ഷാനിറൊ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജൻറീനയ്ക്കു ജയവും ബ്രസീലിനു സമനിലയും. ലാറ്റിനമെരിക്കൻ റൗണ്ടിൽ അർജന്റീന കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയപ്പോൾ, ബ്രസീൽ സ്വന്തം നാട്ടിൽ ഉറുഗ്വെയോട് 22 സമനില വഴങ്ങുകയായിരുന്നു.
കോപ്പ അമെരിക്ക ഫൈനലിൽ നേരിട്ട പരാജയത്തിനു മധുര പ്രതികാരമായി ലയണൽ മെസിയും സംഘവും ചിലിക്കെതിരേ നേടിയ ജയം. എന്നാൽ, രണ്ടു ഗോൾ ലീഡ് നിലനിർത്താൻ കഴിയാതെ കളി അവസാനിപ്പിക്കുകയായിരുന്നു നെയ്മറുടെ മഞ്ഞപ്പട.
ചിലിയിലെ സാന്റിയാഗോയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് അർജന്റീന കോപ്പ അമേരിക്ക ചാമ്പ്യന്മാരെ തകർത്തത്. 11ാം മിനിറ്റിൽ ഫിലിപ്പെ ഗുറ്റിരെസിലൂടെ ചിലി ലീഡ് നേടിയെങ്കിലും 20ാം മിനിറ്റിൽ പ്ലേ മേക്കർ ഏയ്ഞ്ചൽ ഡി മരിയയും 25ാം മിനിറ്റിൽ ഗബ്രിയേൽ മെർകാഡോയും അർജന്റീനക്കായി ലക്ഷ്യം കണ്ടു. അർജന്റീന അടുത്ത മത്സരത്തിൽ ബൊളീവിയയുമായി ഏറ്റുമുട്ടും.
റെസിഫെയിൽ നടന്ന മത്സരത്തിൽ 40ാം സെക്കന്റിൽ തന്നെ ഡഗ്ലസ് കോസ്റ്റയിലൂടെ ബ്രസീൽ ലീഡ് നേടിയിരുന്നു. 25ാം മിനിറ്റിൽ റെനാറ്റോ അഗസ്റ്റൂസോയിലൂടെ ബ്രസീൽ രണ്ടാം ഗോളും നേടി. എന്നാൽ 30ാം മിനിറ്റിൽ ഉജ്ജ്വലമായ ഫിനിഷിംഗിലൂടെ എഡിൻസൺ കവാനി ഉറുഗ്വെയുടെ ആദ്യ ഗോൾ മടക്കി. പിന്നീട് 48ാം മിനിറ്റിൽ സൂപ്പർ താരം ലൂയി സുവാരസാണ് ടീമിന്റെ സമനില ഗോൾ നേടിയത്. അടുത്ത മത്സരത്തിൽ പരാഗെയാണ് കാനറികളുടെ എതിരാളികൾ.
കഴിഞ്ഞ ലോകകപ്പിലെ കടിവിവാദത്തിനുശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഉറുഗ്വെ സ്‌ട്രൈക്കർ ലൂയി സുവാരസായിരുന്നു ശ്രദ്ധാകേന്ദ്രം. ആദ്യ പകുതിയിൽ നിറംമങ്ങിപ്പോയെങ്കിലും രണ്ടാം പകുതിയിൽ സുവാരസ് മിന്നുന്ന ഫോമിലേക്കുയർന്നു.സമനിലകൊണ്ട് തൃപ്തരായെങ്കിലും പോയിന്റ് പട്ടികയിൽ ബ്രസീൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. അഞ്ച് കളികളിൽനിന്ന് എട്ട് പോയിന്റാണ് കാനറികൾക്കുള്ളത്. പരാഗ്വെക്കും അർജന്റീനക്കും എട്ട് പോയിന്റ് വീതമുണ്ടെങ്കിലും മികച്ച ഗോൾ ശരാശരി ബ്രസീലിന് തുണയായി. 10 പോയിന്റുമായി ഉറുഗ്വെയാണ് പട്ടികയിൽ രണ്ടാമത്.