സ്‌പോട്‌സ് ഡെസ്‌ക്
ഇന്ത്യ ലോകകപ്പ് നേടിയ 2007 ലെ ആദ്യ ലോകകപ്പിന്റെ ക്രിക്കറ്റ് കണക്കു പുസ്തകം പരിശോധിച്ചാൽ ഒന്ന് ഉറപ്പിക്കാം – ഈ ലോകകപ്പ് ഇന്ത്യയ്ക്കുള്ളത് തന്നെ..! നാടകീയതയും ആവേശവും നിറഞ്ഞു നിന്ന 2007 ലോകകപ്പിന്റെ ഫൈനലിൽ പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു ഇന്ത്യ ലോകകപ്പ് നേടിയത്. അന്ന്, ന്യൂസിലൻഡിനോടു തോറ്റ ഇന്ത്യ പാക്കിസ്ഥാനെതിരെ നാടകീയമായ ജയമാണ് സ്വന്തമാക്കിയത്. ഒരു മത്സരം ഉപേക്ഷിക്കുകയും ചെയ്‌തോടെ നാടകീയത പൂർത്തിയായി.
ഇത്തവണയും സമാന സാഹചര്യം തന്നെയാണ് ലോകകപ്പിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 2007 ലോകകപ്പിൽ ഇന്ത്യയും, പാക്കിസ്ഥാനും, സ്‌കോട്ട്‌ലൻഡും ഒരു ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ഡർബനിൽ സ്‌കോട്ട്‌ലൻഡിനെതിരെ. അനായാസ വിജയവും സൂപ്പർ എട്ടും ഉറപ്പിക്കാനിറങ്ങിയ ഇന്ത്യയ്ക്കു പക്ഷേ, ഇവിടെ മഴ വില്ലനായി. ഒരു പന്തു പോലും എറിയാനാവാതെ പോയിന്റ് പങ്കുവയ്ക്കപ്പെട്ടു. രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെതിരെ വിജയിച്ചില്ലെങ്കിൽ ഇന്ത്യയ്ക്കും സ്‌കോട്ട്‌ലൻഡിനും ഒരേ പോയിന്റ്. ഈ ഗതികേടിൽ നിന്നു രക്ഷപെടാൻ ഇറങ്ങിയ ഇന്ത്യയെ വിറപ്പിച്ച പാക്കിസ്ഥാൻ ഇന്ത്യൻ സ്‌കോർ 141 ൽ ഒതുക്കി. 20 ഓവർ ബോൾ ചെയ്തു പാക്കിസ്ഥാനം വിറപ്പിച്ചു നിർത്തിയ ഇന്ത്യ മത്സരം സൂപ്പർ ഓവറിൽ മിന്നൽ പിണറായി വിജയിച്ചു കയറി.
സൂപ്പർ എട്ടിൽ ഇ ഗ്രൂപ്പിൽ ഉൾപ്പെട്ട ഇന്ത്യയ്ക്ക് എതിരാളികളായി ലഭിച്ചത് ന്യൂസിലൻഡ്, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നീ മല്ലൻമാരെ. ആദ്യ മത്സരത്തിൽ ജോഹന്നാസ് ബർഗിൽ ഇന്ത്യയെ ഞെട്ടിച്ച ന്യൂസിലൻഡിനു പത്തു റണ്ണിന്റെ ഉജ്വല വിജയം. തുടർന്നു സൗത്ത് ആഫ്രിക്കയെ 19 റണ്ണിനും ഇംഗ്ലണ്ടിനെ പതിനെട്ടു റണ്ണിനും തകർത്ത ഇന്ത്യ സെമി ഫൈനലിലേയ്ക്കു ചുവടു വച്ചു. ഇംഗ്ലണ്ടിനെതിരെ സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിൽ ആറുതവണ സിക്‌സറിനു പറത്തി യുവരാജ് ഇന്ത്യയുടെ സൂപ്പർ ഹീറോയായി. സെമിയിൽ ഇന്ത്യയുടെ എതിരാളികളായി എത്തിയത് സാക്ഷാൽ ഓസ്‌ട്രേലിയ തന്നെ. 20 ഓവറിൽ 188 എ്്ന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തിയ ഇന്ത്യ ഓസ്‌ട്രേലിയയെ 173 നു എറിഞ്ഞിട്ടു. പിന്നെ ഫൈനലിൽ എതിരാളികളായി എത്തിയ പാക്കിസ്ഥാനെതിരെ അഞ്ചു റണ്ണിന്റെ ത്രസിപ്പിക്കുന്ന വിജയവും.
പാക്കിസ്ഥാനെ ബോൾ ഔട്ടിൽ എറിഞ്ഞു തോൽപ്പിച്ചതിനു സമാനമായ സാഹചര്യമാണ് ഇത്തവണ ഇന്ത്യയ്ക്കു ബംഗ്ലാദേശിനെതിരായ വിജയത്തിലൂടെ കൈവന്നിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ എറിഞ്ഞു വീഴ്ത്തിയതിന്റെ ആവേശം ഫൈനലിൽ വരെ ഇന്ത്യയെ 2007 ൽ പിൻ തുടർന്നിരുന്നു. ഇതേ ആവേശമാണ് അവസാന ഓവറിൽ മൂന്നു വിക്കറ്റ്് വീഴ്ത്തി ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ബാംഗ്ലൂർ മത്സരത്തിൽ ഇന്ത്യയ്ക്കു കൈവന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യൻ ആരാധാകർ ഉറച്ച പ്രതീക്ഷയിലാണ്. ഈ ലോകകപ്പ് ഇന്ത്യയ്ക്കു തന്നെ.