സ്വന്തം ലേഖകൻ
മറക്കാന: ബ്രസീലിന്റെ ചരിത്രവും പൗരാണികതയും സാംസ്‌ക്കാരികതയും വിളിച്ചോതുന്ന അതി ഗംഭീരമായ ചടങ്ങുകൾക്കൊടുവിൽ റിയോ 2016 ഒളിമ്പിക്‌സ് ദീപം തെളിഞ്ഞു. വിഖ്യാതമായ മാരക്കാന സ്‌റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബ്രസീൽ കായിക ചരിത്രത്തിലെ ആദരണീയനായ താരങ്ങളിൽ ഒരാളായ മുൻ മാരത്തോൺ താരം വാൻഡർലി ലിമയായിരുന്നു ദീപം കൊളുത്തിയത്. ദീപം കൊളുത്തുന്നത് ആരാണെന്ന സസ്‌പെൻസ് അവസാന നിമിഷം വരെ നില നിർത്തിയ ശേഷമായിരുന്നു വാൻഡർലി എത്തിയത്.
ഫുട്‌ബോൾ ഇതിഹാസം പെലെയുടെയും മുൻ ടെന്നീസ് നമ്പർ വൺ താരം ഗുസ്താവോ കർട്ടന്റെയും പേരുകൾ ദീപം തെളിയിക്കാൻ കേട്ടിരുന്നെങ്കിലും ബ്രസീലിയൻ സാംസ്‌ക്കാരിക തനിമ വിളിച്ചോതിയാണ് ഉദ്ഘാടന ചടങ്ങിൽ വാൻഡർലിയെ ചടങ്ങിനായി നിയോഗിക്കുകയായിരുന്നു. 2004 ൽ കാണികളിൽ ഒരാൾ തടസ്സപ്പെടുത്തിയിട്ടും വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തുകയും മത്സരം പൂർത്തിയാക്കി സ്‌പോർട്‌സ്മാൻ സ്പിരിറ്റും പ്രതിസന്ധികളെ അതിജീവിക്കലാണ് മാനവികതയെന്നും ലോകത്തിന് കാണിച്ചുകൊടുത്ത താരമാണ് വാൻഡർലി ലിമ.
മാർച്ച് പാസ്റ്റിൽ 95 ാമതായി എത്തിയ ഇന്ത്യയുടെ പതാകയേന്തിയത് അഭിനവ് ബിന്ദ്രയായിരുന്നു. ലിയാണ്ടർ പേസും കേരള താരങ്ങളുമെല്ലാം തെളിഞ്ഞു നിന്ന ഇന്ത്യൻ ടീമിന്റെ മാർച്ചിൽ മത്സരമുള്ളതിനാൽ സാനിയാ മിർസയ്ക്കും ഇന്ത്യൻ ഹോക്കി ടീമിനും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഒളിമ്പിക് പതായ്ക്ക് കീഴിൽ പങ്കെടുത്ത അഭയാർത്ഥി ടീമിനെ വലിയ കയ്യടി നൽകിയാണ് കാണികൾ വരവേറ്റത്.
ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന അഭയാർത്ഥി ടീമിനുള്ള ആദരമായിരുന്നു ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് തോമസ് ബാക്കിന്റെ വാക്കുകളിൽ നിറഞ്ഞു നിന്നത്. ഒളിമ്പിക്‌സ് വില്ലേജിൽ 10,000 കായികതാരങ്ങൾ രാജ്യവർണ്ണവംശീയതയ്ക്ക് അപ്പുറത്ത് ഒരുമിച്ച് ജീവിക്കുന്നത് ലോകം നിറഞ്ഞു നിൽക്കുന്ന കലഹങ്ങൾക്ക് അപ്പുറത്ത് ഐക്യത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്‌സിലെ പ്രത്യേക നേട്ടങ്ങളെ പരിഗണിച്ച് ആദ്യമായി അവതരിപ്പിച്ച ഒളിമ്പിക് ലൗറേൽ പുരസ്‌ക്കാരം രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനായിരുന്നു കെനിയൻ താരം കിപ് കെയ്‌നോ സ്വീകരിച്ചു. 1968 മെക്‌സിക്കോ ഒളിമ്പിക്‌സിൽ 1500 മീറ്ററിലും 1972 ൽ മ്യണിക്കിൽ 3000 മീറ്ററിലും സ്വർണ്ണം നേടിയ താരമാണ് കെയ്‌നോ. കായിക രംഗത്ത് നിന്നും വിരമിച്ച ശേഷം 100 കെനിയൻ അനാഥരെ പരിപാലിക്കുകയാണ് കെയ്‌നോയും ഭാര്യയും.