മുംബൈ: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയുടെ ഭാരം കുറയ്ക്കാനുള്ള ചികിത്സ നാലുവര്‍ഷമെടുക്കുമെന്ന് ആശുപത്രി. ആറുമാസത്തെ ആശുപത്രിവാസത്തിനുശേഷം ഇമാന്‍ തിരിച്ച് ഈജിപ്തിലേക്കുപോകും. പിന്നെ അടുത്ത ശസ്ത്രക്രിയയ്ക്കായി വീണ്ടുമെത്തും. മൊത്തം നാലുവര്‍ഷം നീളുന്ന ചികിത്സയാണ് ഉദ്ദേശിക്കുന്നത്. ആദ്യത്തെ ആറുമാസംകൊണ്ടുതന്നെ നൂറുകിലോ ഭാരം കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. നൂറു കിലോഗ്രാം ഭാരംകൂടി കുറഞ്ഞശേഷമായിരിക്കും ഇമാന്‍ രണ്ടാംഘട്ടം ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്തുക. 500 കിലോഗ്രാം ഭാരമുള്ള യുവതിയെ പ്രത്യേകം സജ്ജീകരിച്ച വിമാനത്തിലാണ് മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചത്. വിമാനത്തില്‍നിന്ന് ക്രെയിനിലാണു പ്രത്യേകം കിടക്കകളോടെ തയാറാക്കിയ ട്രക്കിലേക്കു മാറ്റിയത്.
ഈജിപ്ത് സ്വദേശി ഇമാന്‍ അഹമ്മദിനെ (36) ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തിക്കുന്നതിന് ചെലവായത് 83 ലക്ഷം രൂപയാണ്. ഇമാന്റെ ചികിത്സയ്ക്കായി ഒരു കോടി രൂപ സമാഹരിക്കാനാണ് ശ്രമമെന്ന് അവരെ ചികിത്സിക്കുന്ന ഡോ. മുഫാസല്‍ ലക്ഡവാല അറിയിച്ചു. ലോകത്തിലെ ഏറ്റവും ഭാരംകൂടിയ വനിതയെ ശനിയാഴ്ച രാവിലെയാണ് മുംബൈയിലെ സൈഫി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ക്കും മരുന്നുനല്‍കിയുള്ള ചികിത്സയ്ക്കും ശേഷം മാര്‍ച്ചില്‍ ഇമാന് ആദ്യ ശസ്ത്രക്രിയ നടത്താനാണ് പദ്ധതി. അന്നനാളത്തിന്റെ വലിപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയയാണിത്.
ഒരു മാസം നീണ്ട തയ്യാറെടുപ്പിനുശേഷമാണ് 36-കാരിയായ ഇമാനെ ഈജിപ്തിലെ അലക്‌സാണ്‍ഡ്രിയയിലെ വീട്ടില്‍നിന്ന് മുംബൈയിലെത്തിച്ചത്. ചരക്കുവിമാനത്തില്‍ പ്രത്യേകം കിടക്കയൊരുക്കിയായിരുന്നു 500 കിലോഗ്രാമിലേറെ ഭാരമുള്ള ഇമാന്റെ യാത്ര. വീട്ടില്‍നിന്ന് വിമാനത്താവളത്തിലെത്തിക്കാനും അവിടെനിന്ന് ക്രെയിനില്‍ വിമാനത്തില്‍ കയറ്റാനും മുംബൈ വിമാനത്താവളത്തില്‍നിന്ന് ക്രെയിനില്‍ ആംബുലന്‍സില്‍ കയറ്റി ചര്‍നി റോഡിലെ സൈഫി ആശുപത്രിയിലെത്തിക്കാനും വേണ്ടിവന്ന ചെലവാണ് 83 ലക്ഷം രൂപ.
ദക്ഷിണ മുംബൈയിലെ സൈഫി ആശുപത്രിയിലെ ബരിയാട്രിക് സര്‍ജനായ ഡോ. മുഫാസല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലാണു ശസ്ത്രക്രിയ. 25 വര്‍ഷമായി കിടപ്പിലായ യുവതിക്ക് സാധാരണ ജീവിതമെന്ന സ്വപ്നം പോലും അസ്തമിച്ചിരിക്കെയാണ് സൗജന്യ ചികില്‍സാ വാഗ്ദാനവുമായി സൈഫി ആശുപത്രി അധികൃതര്‍ എത്തിയത്. മുംബൈയില്‍ ചര്‍ണി റോഡിലുള്ള സെയ്ഫി ആശുപത്രിയിലാണ് അമിത ഭാരം മൂലം വിഷമിക്കുന്ന ഇമാന്റെ ശസ്ത്രക്രിയ നടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് 3000 ചതുരശ്ര അടിയുള്ള തിയറ്ററാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശസ്ത്രക്രിയ മുറിയും തീവ്രപരിചരണ വിഭാഗവും ഡോക്ടര്‍മാര്‍ക്കുള്ള മുറിയും അറ്റന്‍ഡര്‍ക്കുള്ള മുറിയും രണ്ട് വിശ്രമ മുറികളും ഒരു വീഡിയോ കോണ്‍ഫറന്‍സിങ് മുറിയുമാണു തയാറാക്കിയിരിക്കുന്നത്.