ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സെനഗല്‍-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ച റഫറിക്ക് ഫിഫയുടെ ആജീവനാന്ത വിലക്ക്. ഗാനയുടെ ജോസഫ് ലാംപ്‌റ്റേയ്‌ക്കെതിരെയാണ് നടപടി. ലാംപ്‌റ്റേ മത്സരത്തില്‍ ഒത്തുകളിച്ചെന്നും നിയമങ്ങള്‍ ലംഘിച്ചെന്നും ഫിഫ വിലയിരുത്തി.
ഫിഫ അച്ചടക്ക സമിതിയുടേതാണ് തീരുമാനം. ദേശീയ തലത്തിലോ അന്തര്‍ദേശീയ തലത്തിലോ ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു മേഖലയിലും ലാംപ്‌റ്റേ പങ്കെടുക്കരുതെന്നും ഫിഫ ആവശ്യപ്പെട്ടു.
2016 നവംബര്‍ 12 ന് കാഫ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം. സെനഗല്‍ ഗോള്‍മുഖത്ത് ദക്ഷിണാഫ്രിക്കയുടെ ആക്രമണത്തിനിടെ കിക്ക് തടയാനുള്ള സെനഗല്‍ താരത്തിന്റെ ശ്രമത്തിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. സെനഗല്‍ താരത്തിന്റെ കൈയില്‍ പന്ത് തട്ടിയില്ലെന്ന് വ്യക്തമായിരുന്നു. പെനാല്‍റ്റിക്കായി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തില്ല. പക്ഷെ റഫറി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു.
തുടര്‍ന്ന് കിക്കെടുത്ത ദക്ഷിണാഫ്രിക്ക ഗോള്‍ കണ്ടെത്തുകയും മത്സരത്തില്‍ 2-1 ന് ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്തു. ജോസഫ് ലാംപ്‌റ്റേ മത്സരത്തില്‍ ഒത്തുകളിച്ചെന്നും കളിയുടെ എല്ലാ നിയമങ്ങളും ലാംപ്‌റ്റേ ലംഘിച്ചെന്നും ഫിഫ പറഞ്ഞു.