ദമാസ്‌കസ്: ലോകം മുഴുവന്‍ ഭീതി വിതയ്ക്കുന്ന ഐസ് തീവ്രവാദികള്‍ ആണവ വിദ്യ കൈക്കലാക്കിയതായി റിപ്പോര്‍ട്ട്.ഹാര്‍വാര്‍ഡിലെ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ദിവസങ്ങളോളം കുടിവെള്ളവും വൈദ്യുതിയും വരെ മുടക്കാന്‍ വരെ ശേഷി ഐസിസിനുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഐസിസ് ഉയര്‍ത്തുന്ന അണ്വായുധ ഭീഷണിയെക്കുറിച്ച് ഹാര്‍വാഡിലെ ബെല്‍ഫെര്‍ സെന്ററിലെ പ്രൊജക്ട് ഓണ്‍ മാനേജിങ് ആറ്റത്തിനായി അടുത്തിടെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്. ബെല്‍ജിയത്തിലെ ന്യൂക്ലിയര്‍ ഫെസിലിറ്റികളുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്ന ചില സംശയകരമായ സംഭവങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇവിടുത്തെ ആണവ പ്ലാന്റുകളിലുള്ള ചില ജീവനക്കാരെ ഐസിസ് സ്വാധീനിച്ച് വിവരങ്ങള്‍ ചോര്‍ത്തി അണ്വായുധങ്ങള്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ അണ്വായുധ നിലയത്തിലെ ഏതാനും ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
സുരക്ഷാ കാര്യങ്ങളും അണ്വായുധ വിവരങ്ങളും മെറ്റീരിയലുകളും ചോര്‍ത്താന്‍ ഐസിസിനോ മറ്റേതെങ്കിലും ഭീകരസംഘടനയ്‌ക്കോ ഇന്നത്തെ സാഹചര്യത്തില്‍ വിഷമമാണെങ്കിലും അവര്‍ അതിനായി കിണഞ്ഞ് പരിശ്രമിക്കുന്നത് വര്‍ധിച്ചിരിക്കുന്നുവെന്ന വിവരം കനത്ത ആശങ്കയാണുണര്‍ത്തുന്നതെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നും നാളെയുമായി നടക്കുന്ന 2016 ന്യൂക്ലിയര്‍ സെക്യൂരിറ്റി സമ്മിറ്റിന് മുന്നെ ഉണ്ടാക്കിയിരിക്കുന്ന ഈ റിപ്പോര്‍ട്ട് അത്യന്തം ഗൗരവമുയര്‍ത്തുന്നുണ്ട്.തീവ്രവാദ ഗ്രൂപ്പുകള്‍ ന്യൂക്ലിയര്‍ മെറ്റീരിയലുകള്‍ കൈവശപ്പെടുത്താനുള്ള സാധ്യതകള്‍ നിര്‍ണയിക്കാന്‍ ഈ സമ്മിറ്റ് പ്രയോജനപ്പെടുമെന്നാണ് ഹാര്‍വാര്‍ഡ് റിപ്പോര്‍ട്ടിന്റെ കര്‍ത്താക്കള്‍ പറയുന്നത്.
മൂന്ന് തരത്തിലുള്ള ന്യൂക്ലിയര്‍ അല്ലെങ്കില്‍ റേഡിയോളജിക്കല്‍ തീവ്രവാദത്തില്‍ നിന്നാണീ ഭീഷണികള്‍ ഉയരുന്നത്. യഥാര്‍ത്ഥത്തിലുള്ള അണുബോംബ് പൊട്ടിക്കല്‍,ആണവസംവിധാനം നശിപ്പിക്കുക, റേഡിയോ ആക്ടീവ് മെറ്റീരിയല്‍ പരത്താനായി ഒരു ഡേര്‍ട്ടി ബോംബ് പൊട്ടിക്കുക തുടങ്ങിയവയാണവ. ഇവയിലേതെങ്കിലും ഒന്ന് സംഭവിച്ചാല്‍ ഉണ്ടാകുന്ന ആപത്തുകള്‍ വ്യത്യസ്ത തരത്തിലുള്ളതായിരിക്കുമെന്നും അനുമാനിക്കുന്നു. യഥാര്‍ത്ഥത്തിലുള്ള ഒരു അണുബോംബ് ഐസിസ് പൊട്ടിക്കുന്നത് കടുത്ത ദുരന്തത്തിന് വഴിയൊരുക്കുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പേകുന്നത്.
ആണവഭീഷണികളും അതിന്റേതായ നാശമുയര്‍ത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.ഡേര്‍ട്ടി ബോംബ് പൊട്ടിച്ചാല്‍ അത് ആരെയും കൊല്ലാന്‍ സാധ്യതയില്ലെങ്കിലും അതിനെ തുടര്‍ന്നുള്ള പ്രത്യാഘതങ്ങളെ നേരിടാന്‍ വന്‍ സാമ്പത്തിക ചെലവ് വരുമെന്നും ബോംബ് പൊട്ടിയതിനെ തുടര്‍ന്നുള്ള ശുചീകരണ യജ്ഞങ്ങള്‍ക്ക് വന്‍ തുക ചെലവാകുമെന്നും മുന്നറിയിപ്പുണ്ട്. ആണവസംവിധാനം നശിപ്പിക്കലിനെ തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ആക്രമണത്തിന്റെ തോതിനനുസരിച്ച് വ്യത്യാസപ്പെടുമെന്നും ഗവേഷകര്‍ പറയുന്നു.
ഇത്തരത്തിലുള്ള ഭീഷണികള്‍ ഒഴിവാക്കാന്‍ ആണവ നിലയങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമുള്ള സുരക്ഷ പരമാവധി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും പ്രസ്തുത റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.ആണവനിലയങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ആണവ മെറ്റീരിയലുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള മറ്റ് ചില പ്രദേശങ്ങളുണ്ടെന്നും അതിനാല്‍ അവയുടെ സുരക്ഷയും വര്‍ധിപ്പിക്കണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഉദാഹരണമായി ഹോസ്പിറ്റലുകള്‍, വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ അത്തരം മെറ്റീരിയലുകള്‍ യഥേഷ്ടം ലഭിക്കുമെന്നും അവിടങ്ങളില്‍ സുരക്ഷ കുറവാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു.