8500 യാത്രക്കാര്‍; 1500 പേര്‍ക്കുള്ള തിയ്യേറ്റര്‍; 11,000 ചെടികളുള്ള സെന്‍ട്രല്‍ പാര്‍ക്ക്;കടലിലൊഴുകുന്ന മഹാത്ഭുത; ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍ യാത്രയ്ക്ക് തയ്യാറായി

ജീവനക്കാരുള്‍പ്പെടെ 8500 യാത്രക്കാരുമായി ലോകം ചുറ്റാന്‍ തയ്യാറെടുക്കുകയാണ് ഈ ആഡംബര കപ്പല്‍. ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസര്‍ ഷിപ്പാണ് ഹാര്‍മണി ഓഫ് ദി സീസ് യാത്രയ്ക്ക് തയ്യാറായികഴിഞ്ഞു.

ഈ ആഡംബര കപ്പലില്‍ തീം പാര്‍ക്കുകളും സ്വിമ്മിങ് പൂളുകളും റോബോട്ടിക് ബാറുകളും തിയേറ്ററുകളും കളിസ്ഥലങ്ങളുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതൊരു കപ്പലിനുപരി കടലില്‍ ഒഴുകി നടക്കുന്ന ഒരു ഫൈവ് സ്റ്റാര്‍ നഗരം തന്നെയാണ്. 227,000 ടണ്‍ ഭാരം വരുന്ന ഈ കപ്പലിന് 216 അടി വീതിയും 1187 അടി നീളവുമാണുള്ളത്. ഉയരമാകട്ടെ 164 അടിയാണ്. കപ്പല്‍ നിര്‍മ്മിക്കാന്‍ ചെലവായിരിക്കുന്നത് 700 മില്യണ്‍ പൗണ്ട് അഥവാ ഏതാണ്ട് ഒരു ബില്യണ്‍ ഡോളറാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റോയല്‍ കരീബിയന്‍ ക്രൂയിസസ് ലിമിറ്റിഡിനാണീ (ആര്‍സിസിഎല്‍) കപ്പല്‍ വ്യാഴാഴ്ച കൈമാറിയിരിക്കുന്നത്. കപ്പലിന് 16 ഡക്കുകളാണുള്ളത്.കൃത്യമായി പറഞ്ഞാല്‍ 6360 യാത്രക്കാര്‍ക്കും 2100 ക്രൂ മെമ്പര്‍മാര്‍ക്കും സഞ്ചരിക്കാനാവുന്ന കപ്പലാണിത്. അറ്റ്‌ലാന്റിക് തീരത്തെ സെയിന്റ് നാസൈറെയിലെ എസ്ടിഎക്‌സ് ഫ്രാന്‍സ് ബോട്ട് യാര്‍ഡാണീ കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

വ്യാഴാഴ്ച കപ്പല്‍ ഔദ്യോഗികമായി കൈമാറുന്ന ചടങ്ങ് നടന്നിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെയോടെ കപ്പല്‍ തീരം വിട്ട് കടലിലേക്ക് നീങ്ങുകയും സൗത്താംപ്ടണെ ലക്ഷ്യം വച്ച് നീങ്ങുമെന്നുമാണ് കരുതുന്നത്. മെയ് 22ന് റോട്ടര്‍ഡാമിലേക്കാണ് കപ്പലിന്റെ ഔദ്യോഗിക കന്നിയാത്ര. ഹാര്‍മണി ഓഫ് ദി സീസിന് സമാനമായ മറ്റ് രണ്ട് കപ്പലുകള്‍ കൂടി ആര്‍സിസിഎല്ലിന്റെ ഉടമസ്ഥതയിലുണ്ട്. ആല്യുര്‍ ഓഫ് ദി സീസ്, ഓയസിസ് ഓഫ് ദി സീസ് എന്നിവയാണവ. എന്നാല്‍ പുതിയ കപ്പലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവ ചെറുതാണ്. ഏറ്റവും ഉയര്‍ന്ന ഡക്കിലുള്ള 10 നിലകളുള്ള സ്ലൈഡാണ് കപ്പലിലെ ഏറ്റവും ആകര്‍ഷകമായ കാര്യം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പ് മൗണ്ടഡ് സ്ലൈഡാണിതെന്നാണ് ആര്‍സിസിഎല്‍ പറയുന്നത്. ദി അള്‍ട്ടിമേറ്റ് അബിസ് എന്നാണിത് അറിയപ്പെടുന്നത്.


വലിയ ക്ലൈംബിങ് വാള്‍, ഒരു റോപ്പ് സ്ലൈഡ്, മിനി ഗോള്‍ഫ് , സര്‍ഫ് സൈമുലേറ്റര്‍, ഫ്‌ലോട്ടിങ് ജാകുസിസ്, കാസിനോ, 1400 സീറ്റുകളുള്ള തിയേറ്റര്‍ എന്നിവയും ഇതിലുണ്ട്. കപ്പലിലെ രണ്ട് റോബോട്ട് ബാര്‍മെന്മാര്‍ യാത്രക്കാര്‍ക്ക് ബയോണിക് ബാറില്‍ സെര്‍വ് ചെയ്യുന്നതാണ്. കപ്പലിന് സ്വന്തമായി ഹൈസ്ട്രീറ്റും 11,000 ചെടികളുള്ള സെന്‍ട്രല്‍ പാര്‍ക്ക് ഡക്കുമുണ്ട്. ആദ്യ യാത്രക്ക് ശേഷം കപ്പല്‍ ബാര്‍സലോണ തുറമുഖത്തിലാണ് നിര്‍ത്തിയിടുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ അവസാനത്തോടെ സ്ഥിരമായി സഞ്ചാരം ആരംഭിക്കുന്നതാണ്. എസ്ടിഎക്‌സ് ഫ്രാന്‍സിലെ 2500ഓളം തൊഴിലാളികളാണിത് നിര്‍മ്മിച്ചിരിക്കുന്നത്. 10 മില്ല്യണ്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വന്നു ഈ കപ്പല്‍ പൂര്‍ത്തിയാക്കുന്നതിനെന്നും റിപ്പോര്‍ട്ടുണ്ട്. 2013 സെപ്റ്റംബറിലായിരുന്നു നിര്‍മ്മാണം തുടങ്ങിയത്.

കഴിഞ്ഞ 150 വര്‍ഷങ്ങള്‍ക്കിടെ എസ്ടിഎക്‌സ് 120ഓളം ക്രൂയിസ് കപ്പലുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. അടുത്ത ദശാബ്ദത്തിനിടെ മറ്റ് 11 എണ്ണം നിര്‍മ്മിക്കാനും ഒരുങ്ങുകയാണ്.മറ്റൊരു കപ്പല്‍ 2018ഓടെ നിര്‍മ്മിക്കാന്‍ ആര്‍സിസിഎല്‍ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.

Top