ഹോളണ്ട് പുതിയ കണ്ടുപിടുത്തത്തിന്റെ പാതയിലാണ്.സുനാമിയെ നേരിടാനുള്ള പുതിയ കണ്ടുപിടുത്തത്തിലേക്ക് .ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത തിരമാലയൊരുക്കിയാണ് സുനാമിയേയും പ്രളയത്തേയും നേരിടാൻ ഹോളണ്ട് ഒരുങ്ങുന്നത്. ഒരു സംഘം ശാസ്ത്രജ്ഞർ ഭീമൻ തിരമാലയുണ്ടാക്കി പരീക്ഷണം തുടരുകയാണ്. ചെറിയ പ്രളയത്തേയും സുനാമിയേയും നേരിടാൻ ഈ തിരമാലകൾക്ക് സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
അഞ്ചു മീറ്റർ ഉയരത്തിലുള്ള തിരമാലയാണ് നിർമിച്ചിരിക്കുന്നത്. 26 ദശലക്ഷം യൂറോ ചെലവിട്ടാണ് ഭീമൻ തിരമാലയുണ്ടാക്കിയത്. 90 ലക്ഷം ലീറ്റർ വെള്ളം വേണ്ടിവന്നു ഈ തിരമാലയുണ്ടാക്കാൻ. സെക്കന്റിൽ ആയിരം ലീറ്റർ വെള്ളം പമ്പ് ചെയ്താണ് ഇത്രയും ശക്തിയുള്ള തിരമാലകൾ ഉണ്ടാക്കിയത്.300 മീറ്റർ നീളമുള്ള ഇടുങ്ങിയ ടാങ്കിന്റെ സഹായത്തോടെയാണ് കൃത്രിമ തിരമാലയുണ്ടാക്കിയത്. നിലവിൽ അഞ്ചു മീറ്റർ തിരമാല എന്നുള്ളത് ഭാവിയിൽ കൂടുതൽ ഉയർത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഗവേഷകനായ ബാസ് ഹൊഫ്‌ലൻഡ് പറഞ്ഞു. പ്രളയദുരന്തങ്ങളെ നേരിടാനായി ഏറ്റവും കൂടുതൽ തുക ചെലവിടുന്ന രാജ്യമാണ് ഹോളണ്ട്. വീടുകളും കെട്ടിടങ്ങളും പ്രളയത്തെ നേരിടാനുള്ള രീതിയിലാണ് പണിയുന്നത്. 1953 ൽ ഹോളണ്ടിലുണ്ടായ പ്രളയത്തിൽ 2000 പേർ മരിച്ചിരുന്നു.