കോട്ടയം: ശബരിമല നവോദ്ധാന സംരക്ഷണത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സ്ഥാനാർത്ഥി മിനർവാ മോഹൻ. ശബരിമല വിഷയത്തിൽ സി.പി.എമ്മിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാക്കിയാണ് ഇപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി മിനർവ മോഹൻ രംഗത്ത് എത്തിയിരിക്കുന്നത്.
ശബരിമല വിഷയത്തിൽ സി.പി.എം സ്വീകരിക്കുന്നത് വിശ്വാസികളെ വേദനിപ്പിക്കുന്ന നിലപാടാണെങ്കിൽ , പാർട്ടിയ്ക്കുള്ളിലെ സ്ത്രീകളെ ഇവർ വർഷങ്ങളായി ചതിക്കുകയാണ് എന്നാണ് മിനർവാ മോഹൻ്റെ പ്രതികരണം. അയ്യപ്പൻ്റെ പൂങ്കാവനത്തിൽ വീണ്ടും കണ്ണീർ വീഴുമെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഉണ്ടായിരിക്കുന്നത്.
സി.പി.എമ്മിൻ്റെ പോളിറ്റ് ബ്യൂറോയിൽ പോലും സ്ത്രീ പ്രാതിനിധ്യമില്ല എന്നത് ചർച്ചയായിരിക്കുമ്പോഴാണ് ഇപ്പോൾ ശബരിമല വിഷയം വീണ്ടും സജീവമായിരിക്കുന്നത്. കോടതി വിധി വന്ന ശേഷം ശബരിമല വിഷയം ചർച്ച ചെയ്യാമെന്നാണ് സി.പി.എമ്മിൻ്റെയും മുഖ്യമന്ത്രി പിണറായി വിജയൻ്റെയും നിലപാട്. ഇതോടെ പാർട്ടിയും സർക്കാരും വിശ്വാസികൾക്ക് ഒപ്പമല്ല എന്ന് കൂടി വ്യക്തമായിരിക്കുകയാണ്.
മിനർവാ മോഹൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ –
നവോത്ഥാനത്തിലെ സിപിഎമ്മിൻ്റെ ഇരട്ടത്താപ്പ്
…………….
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതാണ് നവോത്ഥാനവും വനിതാമുന്നേറ്റവുമെന്ന് സിപിഎം പറയുന്നു….
ഇന്നും അതു തന്നെയാണ് നിലപാടെന്ന് ആവർത്തിക്കുന്നത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയാണ്….
ആചാരലംഘനമെന്ന ജനറൽ സെക്രട്ടറിയുടെ നിലപാടിനെ തള്ളിപ്പറയുന്നില്ല പിണറായി വിജയൻ…
അതായത് ഈ ഭരണം തുടർന്നാൽ അയ്യപ്പൻ്റെ പുണ്യ പൂങ്കാവനത്തിൽ വീണ്ടും ഭക്തൻ്റെ കണ്ണീർ വീഴുമെന്നർഥം….
2018ൽ പിണറായി വിജയൻ്റെ ധാർഷ്ട്യം ഈ സംസ്ഥാനത്താകെ സൃഷ്ടിച്ച അസ്വസ്ഥത മലയാളി മറക്കില്ല….
തീർഥാടനകാലത്ത് അയ്യപ്പഭക്തരാൽ നിറയുന്ന കോട്ടയം നഗരം പോലും ശോകമൂകമായിരുന്നു….
മുഖ്യഇടത്താവളങ്ങളായ തിരുനക്കര മഹാദേവക്ഷേത്രവും ഏറ്റുമാനൂർ ഏറ്റുമാനൂർ മഹാദേവക്ഷേത്രവും കുമാരനെല്ലൂർ ദേവീക്ഷേത്രവുമെല്ലാം അന്ന് ശരണംവിളി കേൾക്കാൻ കൊതിച്ചു….
ഒരു വിശ്വാസ സമൂഹത്തെയാകെയാണ് പിണറായി കുത്തി നോവിച്ചത്…
ശബരിമലയിൽ സ്ത്രീസമത്വം നടപ്പാക്കാനിറങ്ങിയ സഖാക്കളോട് ഒരു ചോദ്യം…
സ്വന്തം പാർട്ടിക്കുള്ളിൽ സ്ത്രീ സമത്വം ഉറപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ ?
കേരള കോൺഗ്രസിന് സീറ്റു നൽകാൻ കാണിച്ച വ്യഗ്രതയുടെ പകുതിയെങ്കിലും സിപിഎമ്മിലെ വനിതകൾക്ക് സീറ്റ് നൽകാൻ കാണിച്ചിട്ടുണ്ടോ ?
കുറഞ്ഞത് 50% വനിതാസംവരണമെങ്കിലും സ്വന്തം പാർട്ടിയിൽ നടപ്പാക്കിയിട്ട് പോരെ ആചാരലംഘനത്തിലൂടെ സമത്വം ഉറപ്പിക്കൽ ?