
മീററ്റ്: മലിനീകരണം തടയാനായി ഉത്തര്‍പ്രദേശില്‍ മഹായാഗം. 500 ക്വിന്റല്‍ മാവിന്‍ തടി എരിച്ചു കൊണ്ടുള്ള യാഗത്തിന് ഞായറാഴ്ചയാണ് തുടക്കമായത്. 9 ദിവസമാണ് യാഗം നീണ്ടുനില്‍ക്കുന്നത്. ശ്രീ ആയുത്ചണ്ടി മഹായജ്ഞ സമിതിയാണ് യാഗം സംഘടിപ്പിച്ചിരിക്കുന്നത്. മീററ്റ് നഗരത്തിലെ ഭയിന്‍സാലി ഗ്രൗണ്ടാണ് യാഗവേദി. വാരണാസിയില്‍നിന്നുള്ള 350 ഓളം ബ്രാഹ്മണരാണ് യാഗത്തില്‍ പങ്കെടുക്കുക. യാഗത്തിനായി 108 അഗ്‌നികുണ്ഠങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതേസമയം മതവുമായി ബന്ധപ്പെട്ട ചടങ്ങായതുകൊണ്ട് വിഷയത്തില്‍ ഇടപെടാന്‍ ആവില്ലെന്ന് ഉത്തര്‍ പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്(യു പി പി സി ബി) അറിയിച്ചു. ഇത്രയും വിറക് കത്തിക്കുന്നത് മലിനീകരണത്തിന് കാരണമാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ വിഷയത്തില്‍ അന്വേഷണം ആരംഭിക്കാന്‍ വകുപ്പില്ലെന്ന് യുപിപിസിബിയുടെ റീജിയണല്‍ ഓഫീസര്‍ ആര്‍ കെ ത്യാഗി പറഞ്ഞു. യാഗത്തിന് ആവശ്യമായ മാവിന്‍ തടി തങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അത് പശുവിന്‍ പാലില്‍നിന്നുണ്ടാക്കിയ നെയ്യ് ഒഴിച്ച് കത്തിക്കുമെന്നും ആയുത്ചണ്ടി മഹായജ്ഞ സമിതിയുടെ വൈസ് പ്രസിഡന്റ് ഗിരീഷ് ബന്‍സാല്‍ പറഞ്ഞു. യാഗങ്ങള്‍ വായുശുദ്ധീകരണത്തിന് സഹായിക്കുമെന്ന് ഹിന്ദുമതത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതിന് ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാത്തത് ഈ വിഷയത്തില്‍ ഗവേഷണം നടത്താത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. യാഗം പൂര്‍ണമാകുന്നതോടെ നഗരവാസികള്‍ക്ക് ശുദ്ധവായു ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.