ശ്രീനഗര്‍: കശ്മീരികളെ മാത്രമല്ല, ബിജെപി അരക്ഷിതരാക്കുന്നത് ക്രിസ്ത്യാനികളെയും മുസ്‌ലീങ്ങളെയും ദളിതരെയും എഴുത്തുകാരെയും പൗരസമിതികളെയും ആര്‍ട്ടിസ്റ്റുകളെയും ഒക്കെയാണെന്ന് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക്. ഇവരെല്ലാം ബിജെപി വളര്‍ത്തുന്ന ഭയത്തിലാണ് കഴിയുന്നത്. ഭരണകൂടത്തിനെതിരെ എഴുതുന്ന എല്ലാവരും നിരീക്ഷണത്തിലാണ്. കശ്മീരില്‍ ഓരോ ദിവസവും ഓരോ വിദ്വേഷ പ്രസ്താവനകളാണ് ബിജെപി നേതാക്കള്‍ നടത്തുന്നതെന്നും യാസിന്‍ മാലിക് പറഞ്ഞു.
നല്ല വാക്കുകളും കാവ്യാത്മകമായ വാചകങ്ങളും കൊണ്ട് അടല്‍ ബീഹാരി വാജ്‌പേയി കശ്മീരിന്റെ എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കുമെന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ കശ്മീരികളുടെ മനോധൈര്യം പരീക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍, മനോധൈര്യം തകര്‍ക്കാന്‍ കഴിയാത്തതാണെന്ന് കശ്മീരികള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയായി ജനങ്ങള്‍ എന്നും ഓര്‍മിക്കണം എന്ന ആഗ്രഹമുള്ള നേതാവായിരുന്നു വാജ്‌പേയി, എന്നാല്‍, മോദിക്ക് ഭയപ്പെടുത്തി ഭരിക്കുന്ന ഒരു നേതാവായി അറിയപ്പെടണം എന്നാണാഗ്രഹം. സമാധാന ചര്‍ച്ചകളില്‍ തനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലെന്നും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യം അവരുടെ നിലപാടില്‍ വ്യക്തമാണെന്നും മാലിക്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും മാലിക് പറഞ്ഞു.
ഇന്ത്യന്‍ മാധ്യമങ്ങളുടെ കാഴ്ചയില്‍ കശ്മീരിനെ നോക്കിക്കാണരുതെന്ന് മാലിക് പറഞ്ഞു. കശ്മീരിനെ മനസ്സിലാക്കണമെങ്കില്‍ കശ്മീരിലേക്ക് വരണം. കശ്മീരികള്‍ സമാധാനമാഗ്രഹിക്കുന്നവരാണ്. സ്വയം നിര്‍ണയത്തിനുള്ള ജനാധിപത്യപരമായ അവകാശമാണ് ഇന്ത്യന്‍ ഭരണകൂടം നിഷേധിക്കുന്നത്. കശ്മീരിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് തെരഞ്ഞെടുപ്പ്, കശ്മീര്‍ പ്രശ്‌നവുമായി അതിന് യാതൊരു ബന്ധവുമില്ല എന്നാണ് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ എല്ലാ മുഖ്യധാരാ പാര്‍ട്ടികളും കശ്മീരികളോട് പറയുക. പിന്നീട് മനസിലാകും ഇവര്‍ പറഞ്ഞത് സത്യമായിരുന്നില്ലെന്ന്. ഇത് പതിവായതോടെയാണ് കശ്മീരികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചുതുടങ്ങിയത്.
വിദ്യാര്‍ത്ഥികളെപ്പോലും ഇന്ത്യന്‍ സൈന്യം വെറുതെ വിട്ടില്ല. പരിക്കേറ്റ ഒരു പെണ്‍കുട്ടി ഇപ്പോഴും ഐസിയുവിലാണ്. ഒരു സൈനികന്‍ അവളെ അടിക്കുകയായിരുന്നു. കൊളേജിലെ നാന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. കശ്മീരികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ പരിഗണിക്കുന്നു എന്ന് പറയുന്ന ഭരണകൂടം തന്നെയാണ് വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചത് എന്നും യാസിന്‍ മാലിക് പറഞ്ഞു.