![](https://dailyindianherald.com/wp-content/uploads/2016/05/cr.jpg)
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: വീട്ടിൽ തനിച്ചിരുന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. മൂവാറ്റുപുഴ മുടവൂർ വേലക്കോട്ടേൽ അജാസ് (25) ആണ് പിടിയിലായത്. സമീപത്തെ ഒരു സ്ഥാപനത്തിൽ പെയിന്റിങ് തൊഴിലാളിയാണ് അജാസ്. കടാതിവളക്കുഴി റോഡിൽ തീക്കൊള്ളിപ്പാറ ജങ്ഷനു സമീപം വിജനമായ പ്രദേശത്തുള്ള വീട്ടിലാണ് പട്ടാപ്പകൽ അജാസ് അതിക്രമിച്ചു കയറിയത്. പെൺകുട്ടി അലമുറയിട്ടു കുതറിയോടി റോഡിലെത്തിയതോടെയാണു നാട്ടുകാർ സംഭവം അറിഞ്ഞത്. വീട്ടിലേക്കു സംഘടിച്ചെത്തിയ നാട്ടുകാർ അജാസിനെ തടഞ്ഞുവച്ചു പോലീസിനെ അറിയിക്കുകയായിരുന്നു. മൂവാറ്റുപുഴയിൽ നിന്നെത്തിയ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരേ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതിനും ബാലപീഡനത്തിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനും ഇയാൾക്കെ തിരേ കേസെടുത്തു. അജാസ് ആസൂത്രിതമായി തയാറെടുത്താണു പെൺകുട്ടിയുടെ വീട്ടിലെത്തിയത്. സ്ഥിരമായി ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമീപത്തെ ചായക്കടയിൽ നിന്നാണു പെൺകുട്ടിയെ കുറിച്ചു കൂടുതൽ വിവരങ്ങൾ മനസിലാക്കിയത്. ഇന്നലെ പെൺകുട്ടി വീട്ടിൽ തനിച്ചാണെന്നു മനസിലാക്കിയാണ് അജാസെത്തിയത്. വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയോടു വെള്ളം ആവശ്യപ്പെട്ടു. പിന്നാലെ അജാസ് കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി കുതറിയോടുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ കച്ചവട സ്ഥാപനം നടത്തി വരികയാണ്.