ജിദ്ദ: യെമനെ ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ മിസൈല്‍ ആക്രമണം തുടരുന്നു. ജനവാസ കേന്ദ്രങ്ങളിലേയ്ക്കുള്ള സൗദിയുടെ മിസൈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സൗദിയുടെ നേതൃത്വത്തിലെ ആക്രമണത്തിനിടെ യെമനിലെ ആശുപത്രികളും ചന്തകളും പലപ്പോഴും ആക്രമണങ്ങള്‍ക്കിരയായിട്ടുണ്ട്. ഹുത്തി വിമതരെ പ്രതിരോധിക്കാനുള്ള സൈനിക നീക്കം സൗദി ഇപ്പോഴും തുടരുകയാണ്.
48 മണിക്കൂറിനിടെ 70ഓളം പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഈ മേഖലയില്‍ യുദ്ധം അനിവാര്യതയായി മാറുകയാണ്.യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ (75) ഹൂതികള്‍ വധിച്ചതിനു പിന്നാലെയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയത്. ഇറാന്‍ പിന്തുണയുള്ള ഹൂതികളുമായി സഖ്യം അവസാനിപ്പിച്ചു സൗദി പക്ഷത്തേക്കു കൂറുമാറിയ സാലിഹിനെ കഴിഞ്ഞാഴ്ചയാണു ഹൂതികള്‍ കൊലപ്പെടുത്തത്.
ഇതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. നേരത്തെ സൗദി രാജകൊട്ടാരത്തെ ലക്ഷ്യമിട്ട് യെമനിലെ ഹുതി വിഭാഗം നടത്തിയ മിസൈല്‍ ആക്രമണം സൗദി പരാജയപ്പെടുത്തിയിരുന്നു. നവംബര്‍ നാലിന് ശേഷം ഇതു രണ്ടാം തവണയാണ് സൗദി തലസ്ഥാനത്തെ ലക്ഷ്യമിട്ട് ഹുതികള്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. ഇതിനുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ ആക്രമണം.