തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ ഒരു ദിവസം യോഗ നിര്‍ബന്ധമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. തലസ്ഥാന ജില്ല ഉള്‍പ്പെട്ട ഏഴുജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലാണ് യോഗ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഫിറ്റ്‌നെസിന്റെ ഭാഗമായിട്ടാണ് യോഗ പരിശീലനമെന്നാണ് ഔദ്യോഗിക വിശദീകരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊലീസിലെ യോഗ ട്രെയിനര്‍മാരെ കൂടാതെ സ്വകാര്യസ്ഥാപനങ്ങളിലുളളവരെയും പൊലീസ് സ്റ്റേഷനുകളില്‍ ട്രെയിനര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. യോഗാചാര്യന്‍ ബാബ രാംദേവിന്റെയും ശ്രീ ശ്രീ രവിശങ്കറിന്റെയും സ്ഥാപനങ്ങളില്‍ നിന്നുളള ട്രെയിനര്‍മാരും യോഗ പരിശീലിപ്പിക്കാന്‍ എത്തുന്നുണ്ട്.
സ്റ്റേഷനിലെ എല്ലാ ഓഫിസര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് മേലുദ്യോഗസ്ഥരുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. അതാത് സ്റ്റേഷനുകളിലെ എസ്‌ഐമാര്‍ക്കാണ് ഇതിന്റെ ചുമതലയും. ഇത് കൂടാതെ പങ്കെടുക്കാത്ത ഓഫിസര്‍മാരുടെ വിവരങ്ങള്‍ എസ്‌ഐമാര്‍ എസ്പിക്ക് കൈമാറണമെന്നും നിര്‍ദ്ദേശത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടികാട്ടുന്നു.
ഇന്നുരാവിലെ ആലപ്പുഴ ജില്ലയിലെ പല സ്റ്റേഷനുകളിലും യോഗ നടന്നിരുന്നു. മതവിശ്വാസത്തിന് എതിരായതിനാല്‍ യോഗയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചില ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് കത്ത് കൈമാറയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.