
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിന് പിന്നാലെ യോഗി ആദിത്യനാഥ് സ്വരം മയപ്പെടുത്തുന്നു. കടുത്ത വര്‍ഗ്ഗീയ പരാമര്‍ശങ്ങളിലൂടെ പ്രസിദ്ധനായ യോഗി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ നല്‍കിയ നിര്‍ദേശത്തില്‍ അനാവശ്യമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരോട് യാതൊരുവിധ വേര്‍തിരിവുകളും കാട്ടില്ലെന്ന ഉറപ്പും മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ പ്രഥമ പ്രസംഗത്തില്‍ത്തന്നെ യോഗി ആദിത്യനാഥ് നല്‍കി. തീവ്ര ഹിന്ദുത്വ നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന യോഗി ആദിത്യനാഥ് അധികാരസ്ഥാനത്തേക്ക് എത്തുന്നത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക വിതച്ചിരുന്നു. അതിനിടെയാണ് സമവായത്തിന്റെയും സമഭാവനയുടെയും ശബ്ദമായുള്ള ആദിത്യനാഥിന്റെ രംഗപ്രവേശം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ സാക്ഷി നിര്‍ത്തി ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള 44 അംഗ മന്ത്രിസഭ ഉത്തര്‍പ്രദേശില്‍ അധികാരമേറ്റത്. കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ലക്‌നൗവിലെ കാന്‍ഷിറാം സ്മൃതി ഉപവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. യുപിയിലെ 21-ാമത്തെ മുഖ്യമന്ത്രിയാണു യോഗി ആദിത്യനാഥ് (44). മന്ത്രിസഭയിലെ 22 പേര്‍ കാബിനറ്റ് റാങ്കുള്ളവരാണ്. ഒന്‍പതുപേര്‍ സ്വതന്ത്ര ചുമതലയുള്ളവരും 13 പേര്‍ സഹമന്ത്രിമാരുമാണ്. ബിജെപിയിലേക്കു മാറിയ യുപി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയും മന്ത്രിയായി.
പുതിയ മന്ത്രിസഭ യുപിയെ ‘ഉത്തം പ്രദേശ്’ ആക്കി മാറ്റട്ടെ എന്നു പ്രധാനമന്ത്രി മോദി ആശംസിച്ചു. ‘റെക്കോര്‍ഡ് വികസനം ഉണ്ടാവും. നമ്മുടെ ഏക ലക്ഷ്യവും ആദര്‍ശവും വികസനമാകട്ടെ. യുപി വികസിക്കുന്നതോടെ ഇന്ത്യ വികസിക്കും. യുപിയിലെ യുവജനങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിച്ചുനല്‍കണം’ ട്വിറ്റര്‍ സന്ദേശത്തിലൂടെ മോദി പറഞ്ഞു. രാമക്ഷേത്രനിര്‍മാണം അടക്കമുള്ള വിവാദ നയങ്ങള്‍ പുതിയ മുഖ്യമന്ത്രി സ്വീകരിച്ചേക്കുമെന്ന അഭിപ്രായങ്ങള്‍ക്കിടയിലാണു മോദിയുടെ വികസന സന്ദേശം എന്നതു ശ്രദ്ധേയമാണ്.