നബിദിനം ഇനി ഉത്തര്‍പ്രദേശില്‍ അവധിയില്ല; പ്രമുഖരുടെ ജന്മ ചരമ ദിനങ്ങള്‍ക്ക് അവധി നല്‍കില്ല; യോഗി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ അജണ്ടയെന്ന് വിമര്‍ശനം

ലക്‌നോ: നബി ദിനം അടക്കം 15 പൊതു അവധി ദിനങ്ങള്‍ റദ്ദാക്കി യോഗീ ആദിത്യനാഥ് മന്ത്രിസഭ. പ്രമുഖരുടെ ജന്‍മ, ചരമ ദിനങ്ങള്‍ക്ക് അവധി നല്‍കുന്ന തീരുമാനമാണ് യോഗീ ആദിത്യനാഥ് മന്ത്രിസഭ റദ്ദാക്കിയത്. ഹിന്ദു ആചാര പ്രകാരമുള്ള അവധികളായ വാല്‍മീകി ജയന്തി, ചാത് എന്നിവയും ഒഴിവാക്കിയ അവധികളില്‍പ്പെടുന്നു.

കര്‍പൂരി താക്കൂര്‍ ജന്‍മദിനം, ചേതി ചന്ദ്, മഹര്‍ഷി കാശ്യപ്, മഹാരാജാ ഗുഹ ജന്‍മദിനം, ചന്ദ്രശേഖര്‍ ജന്‍മദിനം, പരശുറാം ജയന്തി, മഹാറാണ പ്രതാപ് ജയന്തി, റമദാനിലെ അവസാന വെള്ളി അവധി, വിശ്വകര്‍മ പൂജ, മഹാരാജ അഗ്രസെന്‍ ജയന്തി, മഹര്‍ഷി വാല്‍മീകി ജയന്തി, ചാത് പൂജ, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജയന്തി, നബിദിനം, ചൗധരി ചരണ്‍ സിംഗ് ജയന്തി എന്നീ അവധികളാണ് റദ്ദാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തര്‍ പ്രദേശില്‍ ഒരു വര്‍ഷം 42 പൊതു അവധി ദിനങ്ങളാണുള്ളത്. ഇതില്‍ 17 എണ്ണവും പ്രമുഖരുടെ ജന്‍മ, ചരമ ദിനങ്ങളാണ്. ഇതില്‍ 15 എണ്ണമാണ് ഇന്നു ചേര്‍ന്ന യു.പി മന്ത്രിസഭാ യോഗം റദ്ദാക്കിയത്. പത്തു വര്‍ഷത്തിനകം പൊതു അവധി ദിനങ്ങളില്‍ അമ്പത് ശതമാനം വര്‍ദ്ധനവാണ് യു.പിയില്‍ ഉണ്ടായത്. ഓരോ സര്‍ക്കാറുകളും തെരഞ്ഞെടുപ്പ് ലാഭവും മറ്റും മുന്നില്‍ കണ്ട് പുതിയ അവധി ദിനങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു.

അതിനിടെ, നബിദിനത്തിന്റെ അവധിയും റമദാനിലെ അവസാന വെള്ളി അവധിയും ഒഴിവാക്കിയതിന് എതിരെ വിവിധ മുസ്‌ലിം മത സംഘടനകള്‍ രംഗത്തുവന്നു. ഇതിനു പിന്നില്‍, യോഗീ ആദിത്യനാഥ് സര്‍ക്കാറിന്റെ വര്‍ഗീയ അജണ്ടയാണുള്ളതെന്നാണ് ആരോപണം. പ്രമുഖരുടെ ജന്‍മദിനങ്ങളുടെ പട്ടികയില്‍ പെടുത്തേണ്ടതല്ല നബിദിനം. ബി.ജെ.പി ഭരിക്കുന്നതടക്കം മിക്ക സംസ്ഥാനങ്ങളിലും നബി ദിനം പൊതു അവധിയാണെന്നും ഇവിടെ മാത്രം അവധി റദ്ദാക്കിയത് നിക്ഷിപ്ത താല്‍പര്യത്തോടെയാണെന്നുമാണ് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള സംഘടനകളുടെ ആരോപണം.

Top